ഖത്തർ വഴി ദുബായിലേക്ക്; പുതുവഴികള്‍ തേടി പ്രവാസികള്‍

ഖത്തർ വഴി ദുബായിലേക്ക്; പുതുവഴികള്‍ തേടി പ്രവാസികള്‍

ദുബായ്: യുഎഇയിലേക്കുളള പ്രവേശന വിലക്ക് നീട്ടിയതോടെ മറ്റ് രാജ്യങ്ങളിലൂടെ യുഎഇയിലേക്ക് എത്താനുളള വഴി തേടുകയാണ് മലയാളികള്‍ അടക്കമുളള പ്രവാസികള്‍. ഇതിന് ഏറ്റവും സഹായകരമാകുന്നത് ഖത്ത‍ർ ഇന്ത്യാക്കാർക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏർപ്പെടുത്തിയതാണ്.

കേരളത്തില്‍ നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും പോകേണ്ടവർ ഖത്തറിലെത്തി 14 ദിവസം അവിടെ കഴിഞ്ഞതിന് ശേഷം ഈ രാജ്യങ്ങളിലേക്ക് എത്താനുളള ശ്രമത്തിലാണ്. ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും വരുന്നതിന് വിലക്കില്ല. എന്നാല്‍ ക്വാറന്റീനും വിമാനടിക്കറ്റുമുള്‍പ്പടെ നല്ലൊരു തുക ഈ യാത്രയ്ക്ക് മാറ്റിവയ്ക്കണമെന്നുളളതാണ് മറ്റൊരു കടമ്പ.

ഖത്തറില്‍ ക്വാറന്റീനുളള ഹോട്ടൽ ബുക്കിങ് നടത്തി, ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്താണ് യാത്ര പുറപ്പെടേണ്ടത്. ഖത്തർ അംഗീകരിച്ച കോവിഷീല്‍ഡ് ഉള്‍പ്പടെയുളള വാക്സിനുകളുടെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി ലഭിക്കുക. ദുബായിലേക്കുളള ടിക്കറ്റും ബുക്ക് ചെയ്യേണ്ടിവരും. ക്വാറന്റീന്‍ ചെലവുകള്‍ ഉള്‍പ്പടെ ഒന്നര ലക്ഷത്തോളം രൂപ ഇതിനായി കാണേണ്ടിവരും.

എന്നാൽ ദുബായിലേക്ക് എത്തേണ്ടവർ ആ തുകമുടക്കിയായാലും രാജ്യത്തേക്ക് എത്താനുളള ശ്രമത്തിലാണ്. യുഎഇയിലേക്ക് ജൂലൈ 25 വരെ യാത്രാവിമാനമുണ്ടാകില്ലെന്ന് എമിറേറ്റ്സും, 31 വരെയില്ലെന്ന് എത്തിഹാദും വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും യാത്രാവിലക്ക് നീളുമോയെന്നുളളതും ആശങ്കയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.