കാനനഭംഗി

കാനനഭംഗി

വരൂ കൂട്ടരേ, കൂട്ടുകൂടിയൊന്നു
പോയിടാം നമുക്കങ്ങു
കാനനക്കാഴ്ചകൾ കണ്ടീടാനും
തെല്ലു കാനനകാന്തി നുകർന്നീടാനും
പുഴയുണ്ടവിടെ
പുഴുവുണ്ടവിടെ
മഴയുണ്ടവിടെ
തഴുകിത്തലോടുമൊരു
തെന്നലുണ്ടവിടെ
തലയാട്ടി രസിക്കുമൊരു
താമരയുമുണ്ടവിടെ
കുരുവിയുണ്ടവിടെ
അരുവിയുണ്ടവിടെ
കരുതലായൊരു
കരടിയുണ്ടവിടെ
ഇരവു പകലാക്കി
മരത്തിൽ മൂളുമൊരു മൂങ്ങയുമുണ്ടവിടെ
മാനുണ്ടവിടെ
മീനുണ്ടവിടെ
ചോലയുണ്ടവിടെ
ചേലേറും ചിറകുമായൊരു
ചെമ്പനുണ്ടവിടെ
ചിലങ്കയിട്ടൊരു ചിലന്തിയുണ്ടവിടെ
ചിലച്ചു ചിരിക്കുമൊരു
ചീവീടുമുണ്ടവിടെ
പറന്നുപൊന്തുമൊരു പരുന്തുണ്ടവിടെ
കൂട്ടുകൂടുമൊരു കുരങ്ങനുണ്ടവിടെ
കൂടൊരുക്കുമൊരു കിളിയുണ്ടവിടെ
കൂട്ടിരിക്കുമൊരു കട്ടുറുമ്പുമുണ്ടവിടെ
പാട്ടുപാടുമൊരു കുയിലുണ്ടവിടെ
കൂട്ടിനോടുമൊരു മുയലുണ്ടവിടെ
പീലി വിടർത്തുമൊരു മയിലുണ്ടവിടെ
പായാരം ചൊല്ലുമൊരു മൈനയുമുണ്ടവിടെ
മിന്നിത്തിളങ്ങുമൊരു മിന്നാമിനുങ്ങുണ്ടവിടെ
തുള്ളിക്കളിക്കുമൊരു മാൻപേടയുണ്ടവിടെ
മനസ്സു കുളിർപ്പിക്കുമൊരു മഞ്ചാടിയുണ്ടവിടെ
ചാടിക്കളിക്കുമൊരു പുൽച്ചാടിയുമുണ്ടവിടെ
ഭീമനാമൊരു ആനയുണ്ടവിടെ
ഗർജ്ജിക്കുമൊരു സിംഹമുണ്ടവിടെ
പരുപരുക്കനൊരു പുലിയുണ്ടവിടെ
കരുത്തു കാട്ടുമൊരു കടുവയുമുണ്ടവിടെ
പൂവാലനാമൊരണ്ണാറക്കണ്ണനുണ്ടവിടെ
പാറിപ്പറക്കുമൊരു അപ്പൂപ്പൻതാടിയുണ്ടവിടെ
കഥ പറയുമൊരു സുന്ദരിതത്തയുണ്ടവിടെ
ഈണമിടുന്നൊരു തവളയുണ്ടവിടെ
ഇഴഞ്ഞു നീങ്ങുമൊരു ഉരഗവുമുണ്ടവിടെ
കൂവി കുറുകുമൊരു കുറുക്കനുണ്ടവിടെ
കറുകറുത്തൊരു മുകിലുണ്ടവിടെ
മാനം മുട്ടുമൊരു മരമുണ്ടവിടെ
മരം മുട്ടുമൊരു ജിറാഫുണ്ടവിടെ
മരം മുറിക്കുമൊരു ബീവറുണ്ടവിടെ
മുറിവുണക്കുമൊരു മരുന്നുമുണ്ടവിടെ
ചാഞ്ചാടിയാടുമൊരു ചില്ലയുണ്ടവിടെ
ചില്ലയിലൊരു ചെറുതുമ്പിയുണ്ടവിടെ
ആഴമറിയാത്തൊരു
അഴലറിയാത്തൊരു
അഴകേറുമൊരു
തടാകമുണ്ടവിടെ
കാതിലൊരു കിന്നരം മീട്ടുമൊരു
കാറ്റിൻ്റെ ഈണവുമുണ്ടവിടെ
ദളങ്ങൾ തൻ ജാലകവാതിൽ
വിടവിലൂടെ നോക്കുമൊരു സൂര്യനുണ്ടവിടെ
പുലരിയെ പുണരാൻ പുഞ്ചിരിതൂകി
പൊഴിയുമൊരു തുഷാരവുമുണ്ടവിടെ
നിശീഥിനിയിൽ നിലാവിൻ്റെ
നിറം ചാർത്തുമൊരു തിങ്കളുണ്ടവിടെ
മനം കവരുന്നൊരഴകുമായങ്ങു
മനോഹരിയായൊരു മഴവില്ലുമുണ്ടവിടെ
ഏവരും ചേർന്നങ്ങു ചാരുതയേകുമൊരു
പ്രകൃതിതൻ വരദാനമീ കാനനമെന്നും


മനോഹരമായ ഈ വരികൾ ഈണത്തിൽ കേൾക്കുവാൻ യൂട്യൂബ് ലിങ്ക് സന്ദർശിക്കുക. 




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26