ന്യുഡല്‍ഹി: ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജഡ്ജിയെ ഇടിച്ച ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലാകും പ്രത്യേക സംഘത്തിന്റെ അന്വേഷണം.
സ്വതന്ത്ര അന്വേഷണം വേണമെന്ന് നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ നിര്‍ദ്ദേശിച്ചിരുന്നു. വാഹനം ഇടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാവുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ഇടപെടല്‍.
ഇന്നലെ പുലര്‍ച്ച അഞ്ചുമണിയോടെ ധന്‍ബാദിലെ മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്തായിരുന്നു സംഭവം. പ്രഭാത വ്യായാമത്തിന് ഇറങ്ങിയ ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിനെ ഒരു ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
തലക്ക് പരിക്കേറ്റ് റോഡരുകില്‍ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കുറിന് ശേഷം മരണം സംഭവിച്ചു. ജഡ്ജിയെ വാഹനം ഇടിച്ചു വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചിരുന്നു. ഹൈക്കോടതി സ്വമേധയ കേസെടുത്തിട്ടുണ്ടെന്നും പൊലീസിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് രമണ അറിയിച്ചു.
ധന്‍ബാദ് പൊലീസ് സുപ്രണ്ടിനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായി. രാജ്യത്ത് ഏറ്റവും അധികം കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശമാണ് ഝാര്‍ഖണ്ഡിലെ ധന്‍ബാദ്. കല്‍ക്കരി മാഫിയകളുടെ സാമ്രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ധന്‍ബാദിലെ ഈ സംഭവം ഒരു അപകടമെന്ന് എഴുതിതള്ളാനാകില്ല. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ അടുത്തകാലത്ത് ഒരു കേസില്‍ ജഡ്ജി ഇറക്കിയ ഉത്തരവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.