സ്വര്‍ഗസ്ഥനായ പിതാവേ... പ്രാര്‍ത്ഥന നീക്കാനുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് നാഷണല്‍ പാര്‍ട്ടി എം.പി

സ്വര്‍ഗസ്ഥനായ പിതാവേ... പ്രാര്‍ത്ഥന നീക്കാനുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് നാഷണല്‍ പാര്‍ട്ടി എം.പി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്‌ടോറിയന്‍ പാര്‍ലമെന്റില്‍നിന്ന് 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ഥന നീക്കം ചെയ്യാനുള്ള പ്രമേയത്തെ ശക്തമായി എതിര്‍ക്കുമെന്ന് നാഷണല്‍ പാര്‍ട്ടി. നോര്‍ത്തേണ്‍ മെട്രോപൊളിറ്റനില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഫിയോണ പാറ്റനാണ് നൂറു വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന വിചിത്ര ആവശ്യവുമായി രംഗത്തുവന്നത്. ഇതിനായി ഓഗസ്റ്റ് നാലിന് പ്രമേയം അവതരിപ്പിക്കാനാണു നീക്കം.

ഫിയോണ പാറ്റന്റെ പ്രമേയത്തെ എതിര്‍ക്കുമെന്ന് നാഷണല്‍ പാര്‍ട്ടി എംപി സ്റ്റെഫ് റയാന്‍ പറഞ്ഞു. ഫിയോണ പാറ്റന്റെ നിലപാടുകള്‍ വിക്‌ടേറിയയുടെ പരമ്പരാഗതവും സാംസ്‌കാരികവുമായ ചരിത്രത്തോടു പൊരുത്തപ്പെടുന്നതല്ല. വിശ്വാസത്തിനതീതമാണ് അവരുടെ പ്രവര്‍ത്തികള്‍.

പ്രാര്‍ത്ഥന നീക്കം ചെയ്യാനുള്ള പ്രമേയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം ചെലവഴിക്കുന്നതിലൂടെ, ഈ മഹാമാരിക്കാലത്ത് വിക്ടോറിയക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഫിയോണ എത്രമാത്രം വിലകല്‍പ്പിക്കുന്നുവെന്ന് തെളിയിച്ചതായി സ്റ്റെഫ് റയാന്‍ കുറ്റപ്പെടുത്തി.

നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യം നീക്കുന്നതിനു വേണ്ടി ചര്‍ച്ച ചെയ്തു സമയം കളയാതെ ലോക്ഡൗണില്‍നിന്നു രക്ഷനേടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നാടിന്റെ സമ്പദ് ഘടന അപകടാവസ്ഥയിലാണ്. കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടമാകുന്നു. ചെറുപ്പക്കാര്‍ തൊഴില്‍രഹിതരാകുന്നു. പൗരന്മാരുടെ മാനസിക ആരോഗ്യം തകരാറിലാകുന്നു. ജനം അഭിമുഖീകരിക്കുന്ന യഥാര്‍ഥ വെല്ലുവിളികളെ അഭിമുഖീകരിക്കാതെ പ്രാര്‍ഥന നീക്കം ചെയ്യാനായി പാര്‍ലമെന്റിന്റെ സമയം ചെലവഴിക്കുന്നത് അനുവദിക്കാനാകില്ല.


നാഷണല്‍ പാര്‍ട്ടി എംപി സ്റ്റെഫ് റയാന്‍

'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന മറ്റു മതവിഭാഗങ്ങളെ ഒഴിവാക്കുന്നുവെന്ന ഫിയോണയുടെ നിലപാട് അപഹാസ്യമാണ്. പ്രാര്‍ത്ഥന ക്രൈസ്തവരുടേതാണെങ്കിലും അതിന്റെ ഉള്ളടക്കം സാര്‍വത്രികമാണ്.

ഈ പ്രാര്‍ത്ഥന ജീവനെന്ന ദാനത്തെ വിലകല്‍പ്പിക്കുന്നു, നന്മ ചെയ്യാനും ക്ഷമിക്കാനും പ്രേരിപ്പിക്കുന്നു. ഭക്ഷണത്തിനും സുരക്ഷയ്ക്കുമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഫിയോണയുടെ നീക്കത്തെ നാഷണല്‍സ് പാര്‍ട്ടി എതിര്‍ക്കും. ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്വാസം ആവശ്യമുള്ളപ്പോള്‍ റീസണ്‍ പാര്‍ട്ടിയുടെ മുന്‍ഗണനകള്‍ എന്തായിരുന്നുവെന്ന് അടുത്ത വര്‍ഷം വോട്ടുചെയ്യുമ്പോള്‍ എല്ലാ വിക്ടോറിയക്കാരും ഓര്‍ക്കണമെന്ന് സ്റ്റെഫ് റയാന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.