മുറിവേൽക്കുന്നത് നല്ലതാണ്

മുറിവേൽക്കുന്നത്  നല്ലതാണ്

ഏതൊരു യുവാവിനെപ്പോലെയും ഏറെ സ്വപ്നങ്ങളുമായാണ് അവനും പട്ടാളത്തിൽ ചേർന്നത്. ആയോധനമുറകളെല്ലാം വളരെ വേഗം അവൻ അഭ്യസിച്ചു.അങ്ങനെ അദ്ദേഹം വീറുറ്റ പടയാളിയായി ഉയർത്തപ്പെട്ടു.അപ്രതീക്ഷിത സമയത്താണ് അയൽരാജ്യത്തിൻ്റെ യുദ്ധകാഹളം മുഴങ്ങിയത്. മറ്റു പടയാളികളോടൊപ്പം അവനും യുദ്ധത്തിനിറങ്ങി. ആ യുദ്ധം തൻ്റെ സൈനിക ജീവിതത്തിൻ്റെ അവസാനമായിരിക്കുമെന്ന് യുവാവ് ഒട്ടും കരുതിയിരുന്നില്ല.ശത്രുസൈന്യം ഉതിർത്ത വെടിയുണ്ടകൾ അവൻ്റെ ഇരുകാലുകളും തുളച്ചിറങ്ങി. വലതുകാലിൻ്റെ അസ്ഥി പിളർന്നു. പ്രാണവേദനയാൽ അവൻ പിടഞ്ഞു. വിദഗ്ദ ചികിത്സയ്ക്ക് അവൻ വിധേയനാക്കപ്പെട്ടു. നടക്കാൻ കഴിയാതെ മാസങ്ങളോളം കിടക്കയിൽ തന്നെ കഴിഞ്ഞുകൂടി. വലതുകാലിന് ഓപ്പറേഷൻ ചെയ്തെങ്കിലും അസ്ഥികൾ കൂടിച്ചേരാത്തതിനാൽ വേദനാജനകമായ മറ്റൊരു ഓപ്പറേഷൻ കൂടി നടത്തേണ്ടി വന്നു. കഠിന വേദനയുടെ ആ ദിവസങ്ങളിൽ നേരം പോക്കിനുവേണ്ടി പുസ്തകങ്ങൾ വായിക്കാൻ അയാൾ തീരുമാനിച്ചു. ഏറെ ഇഷ്ടമുള്ള ഇതിഹാസങ്ങളോ, കാല്പനിക കഥകളോ അവന് ലഭിച്ചില്ല. വേദപുസ്തകവും വിശുദ്ധരുടെ ജീവിതഗ്രന്ഥങ്ങളുമാണ് ലഭിച്ചത്. ആശുപത്രിക്കിടക്കയിലെ ആ വായന അവൻ്റെ ജീവിതത്തിന് പുതിയ പ്രകാശം നൽകി. അവൻ സ്വയം പറഞ്ഞു:''പുസ്തകങ്ങളിലൂടെ ഞാൻ പരിചയപ്പെട്ട വിശുദ്ധരെല്ലാം സാധാരണ മനുഷ്യരാണ്. എന്നാൽ ക്രിസ്തുവിനു വേണ്ടി സകലതും ഉപേക്ഷിക്കാനും ത്യാഗങ്ങൾ സഹിക്കാനും സന്നദ്ധരായപ്പോഴാണ് അവർ വിശുദ്ധിയിലേക്കുള്ള പടവുകൾ ചവിട്ടിക്കയറിയത്. അതുകൊണ്ട് ഞാനും ഇനി ക്രിസ്തുവിനുവേണ്ടി ജീവിക്കും."അതൊരുറച്ച തീരുമാനമായിരുന്നു.ആവർത്തിച്ച് നടത്തിയ ശസ്ത്രക്രിയയിൽ ഒരു കാലിന് മറ്റേ കാലിനേക്കാൾ നീളം കുറഞ്ഞു പോയിട്ടും ക്രിസ്തുവിനെ പ്രതി ആ സഹനം ഏറ്റെടുക്കാൻ അവൻ തയ്യാറായി. മുടന്തുള്ള കാലുമായി അയാൾ സുവിശേഷ വേലയ്ക്കിറങ്ങി. "സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന്‌ എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല" (ലൂക്കാ 14 : 27) എന്ന വചനം ആ യുവാവിൽ പൂർത്തിയാകുകയായിരുന്നു.

പറഞ്ഞുവരുന്നത് കത്തോലിക്കാ സഭയിലെ വിശുദ്ധരിൽ ഒരാളായ ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിനെക്കുറിച്ചാണ്. ക്രിസ്തുവിനുവേണ്ടി ജീവിക്കണം എന്ന ആഗ്രഹം അദ്ദേഹത്തെ ഗ്രസിച്ചപ്പോൾ ശാരീരിക ബലഹീനതകളും ഉദ്യോഗവുമെല്ലാം നിസാരമായിക്കാണാൻ അദ്ദേഹത്തിന് സാധിച്ചു. ജീവിത പ്രതിസന്ധികൾ മുന്നറിയിപ്പില്ലാതെയാണ് കടന്നു വരിക. പ്രതിസന്ധിഘട്ടങ്ങളിൽ ദൈവസ്വരത്തിനായ് കാതോർക്കുമ്പോൾ മാത്രമേ അവയെ തരണം ചെയ്ത് മുന്നേറാൻ കഴിയൂ എന്ന പാഠം വി.ഇഗ്നേഷ്യസ് പഠിപ്പിക്കുന്നു.

അദ്ദേഹത്തിൻ്റെ ഒരു ഉദ്ധരണിയോടെ ഈ ചിന്ത അവസാനിപ്പിക്കാം: "ഏറ്റവും നിരാശാജനകമായ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം. പക്ഷേ ദൈവത്തിൽ നാം പ്രതീക്ഷയർപ്പിക്കണം. മനുഷ്യൻ തോൽക്കുന്നിടത്ത് തീർച്ചയായും ദൈവത്തിന്റെ കരങ്ങൾ ഉയർന്നു നിൽക്കുമെന്നും ഓർമിക്കണം."

വി. ഇഗ്നേഷ്യസ്‌ ലയോളയുടെ തിരുനാൾ മംഗളങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26