വത്തിക്കാന്‍ സിറ്റി: ഭൗതിക ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ദൈവത്തെ ആശ്രയിക്കാതെ അവിടുത്തെ കൂടുതല്‍ അറിയാനും ദൈവവുമായി ആഴത്തിലുള്ള ആത്മീയ ബന്ധം സ്ഥാപിക്കാനും നാം ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്ക് തിക്രാല പ്രാര്‍ഥനാവേളയില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. തന്നെ ശ്രവിക്കാനെത്തിയ അയ്യായിരത്തോളം പേര്‍ക്ക് അഞ്ച് അപ്പവും രണ്ടു മീനും അത്ഭുതകരമായി യേശു വര്‍ധിപ്പിച്ചു നല്‍കിയ സുവിശേഷ ഭാഗത്തിന്റെ തുടര്‍ച്ചയാണ് പാപ്പ ഇന്നലെ വിശദീകരിച്ചത്.
അപ്പവും മീനും മിച്ചംവരുന്ന രീതിയില്‍ വര്‍ധിപ്പിച്ച അത്ഭുതപ്രവൃത്തി കണ്ടശേഷം, യേശുവിനെ പിന്തുടരുന്ന ജനക്കൂട്ടത്തെക്കുറിച്ചാണ് സുവിശേഷ വായന വിശദീകരിക്കുന്നത്. യേശു ചെയ്ത അത്ഭുതത്തിന്റെ അര്‍ത്ഥം ശരിയായവിധത്തില്‍ ഗ്രഹിക്കാന്‍ ജനക്കൂട്ടത്തിനു കഴിഞ്ഞില്ല. അപ്പം കഴിച്ച് സംതൃപ്തരായ ജനക്കൂട്ടം ഭൗതിക ആവശ്യം നിറവേറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സങ്കുചിതമായ മാനസികാവസ്ഥ ജനക്കൂട്ടത്തെപ്പോലെ നമ്മെയും അപകടത്തിലാക്കുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കും മാത്രമായി ദൈവത്തെ അന്വേഷിക്കുന്നതിലേക്കു നാം ചുരുങ്ങിപ്പോകുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നു.
എന്തിനു വേണ്ടിയാണ് നാം ദൈവത്തെ അന്വേഷിക്കേണ്ടതെന്നു സ്വയം ചോദിക്കണം. എന്തു പ്രചോദനത്താലാണ് ദൈവത്തില്‍ വിശ്വസിക്കുന്നതെന്നു നാം തിരിച്ചറിയണം. നമുക്ക് ആവശ്യമുള്ളപ്പോള്‍ ദൈവത്തെ അന്വേഷിക്കുകയും ആവശ്യം നിറവേറുമ്പോള്‍ അവിടുത്തെ മറക്കുകയും ചെയ്യുന്നു. നമ്മുടെ ആവശ്യങ്ങള്‍ ദൈവസന്നിധിയില്‍ അവതരിപ്പിക്കുന്നത് ശരിയായ കാര്യമാണ്. അതേസമയം കര്‍ത്താവ് എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത് സ്‌നേഹത്തിലധിഷ്ഠിതമായ ബന്ധത്തില്‍ നമ്മോടൊപ്പം ജീവിക്കാനാണ്. ഇതുകൂടാതെ, നമ്മുടെ പ്രാര്‍ഥനകള്‍ക്കു മറുപടിയായി അവിടുന്ന് നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്നു എന്നത് നാം തിരിച്ചറിയണം. യഥാര്‍ത്ഥ സ്‌നേഹം പ്രതിഫലം പ്രതീക്ഷിക്കാത്ത സമ്മാനമാണ്. നമ്മുടെ താല്‍പ്പര്യങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും യുക്തിക്കും അതീതമായിരിക്കണം ദൈവവുമായുള്ള ബന്ധം.
ജനക്കൂട്ടം യേശുവിനോട് ചോദിക്കുന്ന ഭാഗം സുവിശേഷ വായനയില്‍ പാപ്പ ചൂണ്ടിക്കാട്ടുന്നു. ദൈവഹിതം നിറവേറ്റാന്‍ തങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് ചോദിക്കുന്നു. ആവശ്യങ്ങള്‍ നിറവേറാന്‍ മാത്രമുള്ള വിശ്വാസത്തില്‍നിന്ന് ദൈവത്തെ പ്രസാദിപ്പിക്കുന്ന തലത്തിലേക്ക് എങ്ങനെ നമുക്ക് മാറാന്‍ കഴിയും. യേശു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. പിതാവ് അയച്ചവനെ, അതായത് യേശുവിനെ സ്വാഗതം ചെയ്യുക എന്നതാണ് ദൈവഹിതം. ഇവിടെ നാം ഓര്‍ക്കാനുള്ള കാര്യം, യേശുവിനെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക, സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതം േയശുവിനൊപ്പം നയിക്കുക. നമ്മുടെ വിശ്വാസത്തെ ശുദ്ധീകരിക്കാനും ദൈവവുമായുള്ള സ്‌നേഹം ശക്തിപ്പെടുത്താനും യേശുവിന് മാത്രമേ കഴിയൂ എന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നാം സ്വീകരിക്കുന്നതിനു മുന്‍പുതന്നെ, നമ്മെ സ്‌നേഹിക്കാന്‍ അവനുണ്ട്.
ഈ ചിന്ത നമ്മുടെ മാനുഷികവും സാമൂഹികവുമായ ബന്ധങ്ങള്‍ക്കും ബാധകമാണെന്നു പാപ്പ ഓര്‍മിപ്പിച്ചു. നമ്മുടെ താല്‍പ്പര്യങ്ങള്‍ക്കായി മറ്റുള്ളവരെ ഉപയോഗിക്കുന്നതിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാകണമെന്നു മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. വ്യക്തികള്‍ക്കു പകരം താല്‍പ്പര്യങ്ങളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഒരു സമൂഹം ജീവിതം പ്രദാനം ചെയ്യില്ല. 'നമുക്ക് യേശുവിനെ ജീവന്റെ അപ്പമായി സ്വാഗതം ചെയ്യാം, അവിടുന്നുമായുള്ള സ്‌നേഹത്തിലൂടെ പ്രതിഫലേച്ഛയില്ലാതെ സ്വതന്ത്രമായും സമൃദ്ധമായും പരസ്പരം സ്‌നേഹിക്കാന്‍ പഠിക്കാം. യേശുവിനോടുള്ള സ്‌നേഹത്തിന്റെ ഏറ്റവും മനോഹരമായ കഥ ജീവിച്ച് കാണിച്ച മറിയം നമുക്ക് അതിനുള്ള കൃപ നല്‍കും-സന്ദേശം ഉപസംഹരിച്ചു മാര്‍പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.