മറക്കില്ല അച്ചാ ഒരിക്കലും...

മറക്കില്ല അച്ചാ  ഒരിക്കലും...

പരിചയമുള്ള ഒരു വൈദികൻ്റെ മരണം വേദനിപ്പിക്കുന്നതായിരുന്നു ഹൃദയാഘാതമായിരുന്നു. ഇസ്രായേൽ തീർത്ഥാടനത്തിനിടയിലാണ് സംഭവിച്ചത്. അച്ചൻ അവധിയ്ക്ക് വീട്ടിൽ വരുമ്പോഴെല്ലാം ആശ്രമത്തിൽ കുർബാനയ്ക്ക് വരിക പതിവായിരുന്നു. പറഞ്ഞു വരുന്നത് മാനന്തവാടി രൂപതയിലെ ജോസഫ് തൊണ്ടിപറമ്പിലച്ചനെക്കുറിച്ചാണ്. രണ്ടു വർഷം മുമ്പ് നിത്യതയിലേക്ക് യാത്രയായ അച്ചനെക്കുറിച്ച് തലശേരി ആർച്ച് ബിഷപ് ബഹു. ജോർജ് ഞെരളക്കാട്ട് പങ്കുവച്ച അനുഭവക്കുറിപ്പ് എഴുതാം...''അധികം ആർക്കും അറിയാത്ത ഒരു സവിശേഷത ജോസഫച്ചനുണ്ടായിരുന്നു. ഏതെങ്കിലും വൈദികനോ, വ്യക്തിയോ, കുടുംബമോ, സാമ്പത്തികമായും മാനസികമായും വേദനിക്കുന്നെന്ന് അറിഞ്ഞാൽ അച്ചനവിടെ ഓടിയെത്തും. കഴിയുന്ന വിധത്തിൽ അവരെ സഹായിക്കും. ഇങ്ങനെ അനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും അച്ചൻ ആശ്വാസമായിട്ടുണ്ട്. പലരെയും സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് പലർക്കും ഭവനങ്ങൾ നിർമിച്ച് നൽകിയിട്ടുമുണ്ട്.എൻ്റെ വ്യക്തിപരമായ ജീവിതത്തിൽ അച്ചനോട് നന്ദിയും കടപ്പാടുമുള്ള സംഭവം ഓർക്കുന്നു. ഒരിക്കൽ തൂങ്കുഴിപിതാവ് എന്നോട് പറഞ്ഞു: 'അച്ചനെ റോമിൽ പഠിക്കാൻ വിടണമെന്ന് ജോസഫ് അച്ചൻ താത്പര്യപ്പെട്ടു.' പിതാവിനോട് ഇങ്ങനെ ഒരു കാര്യം സൂചിപ്പിച്ചത് ജോസഫ് അച്ചൻ എന്നോട് പറഞ്ഞിട്ടുണ്ടായില്ല. റോമിലെ പഠനം എൻ്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.മറ്റുള്ളവരെ വളർത്തുക, അംഗീകരിക്കുക എന്നത് തൊണ്ടിപറമ്പിലച്ചൻ്റെ വലിയൊരു സവിശേഷതയായിരുന്നു. അനേകർ അച്ചനോട് കടപ്പെട്ടിരിക്കുന്നു...."

നാം ചെയ്യുന്ന ചെറിയ നന്മകൾക്കുപോലും വലിയ ഫലമുണ്ടാകുമെന്ന് തിരിച്ചറിയുമ്പോൾ മാത്രമെ ജോസഫ് അച്ചനെപ്പോലെ ഇരുകൈയറിയാതെ നന്മകൾ ചെയ്ത് മുന്നേറാൻ നമുക്ക് സാധിക്കൂ. അതു തന്നെയാണ് ക്രിസ്തുവും പറയുന്നത്: "ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്‌ക്കുന്നതിനു സദൃശം. അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു" (മര്‍ക്കോ 4 : 26-27).അതെ, നാം വിതയ്ക്കുന്ന വിത്തുകൾ നന്മയുടേതും തിന്മയുടേതുമാകും. നാം പോലും അറിയാതെ അവ മുളച്ച് വളർന്ന് ഫലം ചൂടും. എത്തരം വിത്തു വിതയ്ക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്ന കാര്യം മാത്രം മറക്കാതിരിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.