അഫ്ഗാനിലെ യുഎസ് പിന്‍മാറ്റം: മലക്കംമറിഞ്ഞ് ഇമ്രാന്‍ ഖാന്‍; ബൈഡന്റെ നടപടി ഉചിതം

അഫ്ഗാനിലെ യുഎസ് പിന്‍മാറ്റം: മലക്കംമറിഞ്ഞ് ഇമ്രാന്‍ ഖാന്‍; ബൈഡന്റെ നടപടി ഉചിതം


ഇസ്ലാമാബാദ്:അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ച് അഫ്ഗാന്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മലക്കം മറിച്ചില്‍. അമേരിക്കയില്‍ ബൈഡനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഇമ്രാന്‍ പിന്തുണയുമായി രംഗത്തെത്തിയത്. അഫ്ഗാന്‍ വിഷയത്തില്‍ സൈനിക പിന്മാറ്റത്തിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ബൈഡന്‍ സ്വീകരിച്ച നിലപാട് സമയോചിതമായിരുന്നുവെന്നാണ് ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ മാസം ബൈഡന്‍ പിന്മാറ്റം അതിവേഗമാക്കിയതിനെ വിമര്‍ശിച്ചിരുന്നു ഇമ്രാന്‍.

അഫ്ഗാനിസ്താന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാട് തികച്ചും യുക്തിസഹവും വിവേകപൂര്‍ണ്ണവുമാണ്. അമേരിക്കയില്‍ ബൈഡനെതിരെ തെറ്റായ വിമര്‍ശനങ്ങളാണ് നടക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. ഇതിലും ഭംഗിയായി അഫ്ഗാന്‍ വിഷയത്തെ കൈകാര്യം ചെയ്യാനാകില്ല. സൈനിക പിന്മാറ്റമെന്നത് എത്രയും വേഗം നടക്കേണ്ട ഒന്നായിരുന്നു. കൂടുതല്‍ രക്തച്ചൊരിച്ചിലുണ്ടാകാതെ നോക്കുക എന്നതാണ് ബൈഡന്‍ ചെയ്തതെന്നും ഇമ്രാന്‍ഖാന്‍ പ്രതികരിച്ചു.

അഫ്ഗാനിലെ ഭീകരരെ സംരക്ഷിക്കുന്നത് പാകിസ്താനാണെന്ന അമേരിക്കയുടെ വിമര്‍ശനം നിലനില്‍ക്കേയാണ് ഇമ്രാന്‍ ബൈഡനെ അനുകൂലിച്ച് രംഗത്തുവന്നിട്ടുള്ളത്. തങ്ങള്‍ക്കെതിരെ ബൈഡന്റെ നയങ്ങളുടെ ശക്തി കുറയ്ക്കാനുള്ള അടവ് നയമാണ് ഇമ്രാന്‍ പയറ്റുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.അഫ്ഗാനില്‍ താലിബാനെ കൂടുതല്‍ പിന്തുണയ്ക്കുകയാണെങ്കില്‍ പാകിസ്താനോടുളള നയം പുനപ്പരിശോധിക്കേണ്ടി വരുമെന്ന് അമേരിക്ക അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇമ്രാന്റെ മനം മാറ്റമെന്നാണ് സൂചന.

വളരെ വേഗം പിന്മാറ്റം തീരുമാനിക്കുകയും അവസാന തിയതി പ്രഖ്യാപിക്കുകയും ചെയ്ത ബൈഡനെതിരെ ഇമ്രാന്‍ഖാന്‍ ജൂലൈ മാസം രംഗത്തുവന്നിരുന്നു. അമേരിക്കയുടെ നയമാണ് താലിബാന് മേലുള്ള പാകിസ്താന്റെ സമ്മര്‍ദ്ദ തന്ത്രം ഫലിക്കാതിരിക്കാന്‍ കാരണമെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. അമേരിക്ക പിന്മാറ്റ തിയതി തീരുമാനിച്ചതോടെ വിജയിച്ചതായി താലിബാന്‍ സ്വയം പ്രഖ്യാപിച്ചെന്നും അതോടെ തങ്ങളെ അനുസരിക്കുന്നതില്‍ നിന്നും താലിബാന്‍ നേതാക്കള്‍ പിന്മാറിയെന്നും നിരാശയോടെയാണ് ഇമ്രാന്‍ പറഞ്ഞത്. അതേ ഇമ്രാനാണ് നിലവില്‍ ബൈഡന്‍ അനുകൂല പ്രസ്താവനയുമായി മലക്കംമറിഞ്ഞത്.

അഫ്ഗാനില്‍ നിന്നും പിന്മാറുന്നതോടൊപ്പം സമീപപ്രദേശത്ത് ഒരു സ്ഥിരം സൈനിക ആസ്ഥാനം എന്ന അമേരിക്കയുടെ ആഗ്രഹത്തിന് തുരങ്കം വെച്ചത് ഇമ്രാന്‍ ഖാനായിരുന്നു. പാകിസ്താന് മേലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് മുഖ്യകാരണം ഇന്ത്യയുമായി അമേരിക്കുടെ ബന്ധമാണെന്ന് ഇമ്രാന്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. സാമ്പത്തിക മേഖലയില്‍ തങ്ങളെ കരിമ്പട്ടികയില്‍പെടുത്തിയതിന്റെ പിന്നില്‍ അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദമാണെന്നും ഇമ്രാന്‍ ഇടയ്ക്കിടെ ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.