ഒന്നിലധികം ഇന്ധനങ്ങളിലോടുന്ന വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിലേക്ക്

ഒന്നിലധികം ഇന്ധനങ്ങളിലോടുന്ന വാഹനങ്ങൾ  ഇന്ത്യൻ നിരത്തുകളിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് ഒന്നിലധികം ഇന്ധനങ്ങളിലോടുന്ന വാഹനം വരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉയര്‍ന്ന വിലയുള്ള ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായിട്ടാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.

ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിന്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ തന്നെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വരുന്ന മൂന്ന് അല്ലെങ്കില്‍ നാല് മാസത്തിനുള്ളില്‍ എല്ലാ വാഹന നിര്‍മാതാക്കളും ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ കഴിയുന്ന ഫ്‌ളെക്‌സ് എന്‍ജിന്‍ വാഹനങ്ങള്‍ നിര്‍മിക്കണമെന്ന ഉത്തരവ് ഇറക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ സജീവമാണ്. ഇത് ഇന്ത്യയില്‍ എത്തുന്നതോടെ പെട്രോളും എഥനോളും ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ കഴിയും.

ഫ്‌ളെക്‌സ്-ഫ്യുവല്‍ വെഹിക്കിള്‍ എന്നറിയപ്പെടുന്നത് ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളെയാണ്. എന്നാൽ ഇന്ത്യയിലെ വാഹനങ്ങളിലുള്ളത് ഒരു ഇന്ധനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളാണ്. ഭാവിയില്‍ ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും നിര്‍മിക്കാന്‍ വാഹന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുന്നതായിരിക്കും പുതിയ ഉത്തരവെന്നാണ് വിവരം.

എഥനോള്‍ അധിഷ്ഠിതമായ ഇന്ധനം അവതരിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാല്‍, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോള്‍ ചേര്‍ന്ന പെട്രോള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലവില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ധനച്ചെലവില്‍ കുറവ് വരുന്നതിന് പുറമെ, എഥനോളിന് മറ്റ് പരമ്പരാഗത ഇന്ധനങ്ങളെക്കാള്‍ മലിനീകരണം കുറവാണെന്നാണ് വിലയിരുത്തല്‍. ഇത് ഉപയോഗിക്കുന്നതിലൂടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിന് സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.