ഹർത്താൽ

ഹർത്താൽ

അന്നമൊക്കെയങ്ങുണ്ടിരിക്കുമൊരു നേരം
ശബ്ദങ്ങൾ ശാന്തതക്കു വഴിമാറിയ നിമിഷം
നിശബ്ദമൊരു നിശീഥിനിയിൽ
നിനച്ചിരിക്കാതെത്തുമൊരു പെരുമഴ പോൽ
വന്നൂ ഹർത്താലന്നു പെട്ടെന്നങ്ങു
ആരോ കാതിൽ മൂളിയന്നിരവിൽ
ഹർത്താലുണ്ടു നാളെയെന്നു
പണ്ടിതു ബന്ദായിരുന്നിപ്പോഴോ ഹർത്താലായ്
വാക്കിലൊരു മാറ്റം മാത്രമായ്
പ്രവർത്തിയിലോ തെല്ലന്തരമില്ലാതെ
ശൂന്യമായന്നു നിരത്തുകളും നഗരങ്ങളും
കാണ്മാനില്ലെങ്ങുമന്നു ബസുകളും റിക്ഷകളും
ആരുടെയൊക്കെയോ ചിന്തകളന്നു മുളക്കുമ്പോൾ
ആരുടെയൊക്കെയോ കിനാവുകളന്നു
കൊഴിയുന്നങ്ങൊരേടുപോൽ
കടകളും കാര്യാലയങ്ങളും
കാര്യമില്ലാതൊന്നു കണ്ണടക്കുന്നന്നു
പലരും കണ്ണുരുട്ടുമ്പോൾ
കലിതുള്ളി കടലായിരമ്പുന്നൊരു
കൂട്ടരന്നു നിരത്തിലും നഗരത്തിലും
ആക്രോശിക്കുന്നങ്ങു പലതും നിശ്ചലമാക്കാൻ
മാറുന്നില്ല കലിപ്പങ്ങു നശിപ്പിക്കുന്നന്നു
നാടിൻ്റെ നാമ്പിടുന്ന നന്മകൾ
എറിയുന്നങ്ങു കനലാം കല്ലുകളന്നു
ഭാരതാംബതൻ നെഞ്ചിലേക്കു കൂസലില്ലാതെ
പിടയുന്നങ്ങു നാടിൻ്റെ ജീവനന്നേൽ
ക്കുന്നൊരഴലിന്നാഴത്താൽ
വലയുന്നങ്ങു ജനമെല്ലാം
വല്ലാതങ്ങു കുഴഞ്ഞന്നു
തീതുപ്പുന്നു പലരുമന്നു നാളെയവരും
നടക്കേണ്ട പാതകൾ പലതും ലഹരിയാൽ
സമരമായ് പറയുമെങ്കിലു
മൊരാഘോഷമാക്കി പലരുമതു
പ്രഹരമായ് തീർന്നങ്ങു
സഹജൻ്റെ മനസ്സിലതു
മായാത്തൊരു മുറിവുപോൽ
കിനാവു കണ്ടൊരു നെഞ്ചകമെല്ലാം
കനലുപേറി തേങ്ങുന്നന്നു താങ്ങാനാവാതെ
കടിഞ്ഞൂൽ കുഞ്ഞിനായ്
കാത്തൊരമ്മതൻ കണ്ണുകൾ
കണ്ണീർ കടലായ് മാറീ
അന്നാ ദുഷിച്ചൊരു ദിനത്തിൽ
അതിവേദനയാൽ പിടയുമൊരു തോഴനെ
അതിവേഗം രക്ഷിക്കാനായൊന്നു
കുതിക്കുന്ന നേരം കിതപ്പിച്ചു
കരയിച്ചൊരു ചിത്രമിന്നു
നനവായ് നീറുന്നങ്ങു നയനങ്ങളിൽ
വരത്തരായ് വന്നങ്ങു
കനവു കണ്ടവരെ
നോക്കിയങ്ങു കലിതുള്ളുന്നു
കാപാലികരാം പലരുമന്നു
പ്രാകൃതമൊരു സമരമിതു
പ്രാചീനമൊരു പ്രതിരോധമിതു
വലക്കുന്നു നമ്മേ
വല്ലാതങ്ങു കനിവില്ലാതെ
തളരുന്നങ്ങു നാടന്നു തളിർക്കാനാവാതെ
പിളരുന്നങ്ങു നെഞ്ചകം വളരാനാവാതെ
മാറണം നമ്മുടെ ചിന്തകൾ
മാറണം നമ്മുടെ മനോഭാവം
മാറ്റണമീ സമരമുറകളിന്നു
ഹനിക്കപ്പെടുന്നൊരു വ്യക്തിസ്വാതന്ത്ര്യത്തിനായ്
ഉണരുക സോദരേ ഉണരുക വേഗം
ഉയരുകയിന്നു ആലസമകറ്റിയങ്ങു
തെളിയുക സഹജരേ തെളിയുക നിങ്ങൾ
വഴിയടഞ്ഞവൻ്റെ വഴിയോരത്തു
വഴിവിളക്കായ് വെളിച്ചമേവാൻ
ജ്വലിക്കുക മനമേ ജ്വലിക്കുകയിന്നു
പ്രതീക്ഷയറ്റൊരു ജീവനിൽ
പ്രതീക്ഷതൻ പ്രകാശമായങ്ങു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26