എക്സ്പോയില്‍ ഇന്ത്യയുടെ പങ്കാളിത്തം യുഎഇയുമായുളള ബന്ധം കൂടുതല്‍ ദൃഢമാക്കും, നരേന്ദ്രമോഡി

എക്സ്പോയില്‍ ഇന്ത്യയുടെ പങ്കാളിത്തം യുഎഇയുമായുളള ബന്ധം കൂടുതല്‍ ദൃഢമാക്കും, നരേന്ദ്രമോഡി

ദുബായ്: എക്സ്പോ 2020 യിലെ ഇന്ത്യയുടെ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ചരിത്രത്തിലിടം നേടിയ എക്സ്പോ 2020 യില്‍ ഏറ്റവും വലിയ പവലിയനൊരുക്കിയാണ് ഇന്ത്യ ഭാഗമാകുന്നത്. കോവിഡിനെതിരെയുളള മനുഷ്യ പ്രതിരോധത്തിന്‍റേയും ഉയി‍ർത്തെഴുന്നേല്‍പിന്‍റെയും സാക്ഷ്യമാണ് എക്സ്പോയെന്നും അദ്ദേഹം പറഞ്ഞു. എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുളള പരിപാടിയില്‍ വി‍ർച്വലായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർജ്ജവം, അവസരങ്ങള്‍,വള‍ർച്ച ഇതാണ് ഇന്ത്യന്‍ പവലിയന്‍റെ ആശയം.

ഇന്ത്യയുടെ നാല് നിലയുളള പവലിയന്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ഇന്ത്യയിലെ യുഎഇ അംബാസിഡറായ ഡോ അഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ ബന്നയുമാണ് ഉദ്ഘാടനം ചെയ്തത്. നയതന്ത്ര രംഗത്തെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചാമ്പേഴ്സ് ഓഫ് കൊമേഴ്സിലെയും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിനെത്തിയിരുന്നു.


ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിലെ നിർണായക ചുവടുവയ്പാകും എക്സ്പോ 2020 യെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. കോവിഡ് കാലത്ത് എല്ലാ ഇന്ത്യാക്കാരേയും സംരക്ഷിച്ച യുഎഇയോടുളള നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. എക്സ്പോയുടെ ആദ്യദിനം മുതല്‍ തന്നെ ഇന്ത്യയുടെ പങ്കാളിത്തം പ്രധാനപ്പെട്ടതാണെന്ന് ഡോ അല്‍ ബന്ന പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദുബായ് മില്ലേനിയം ആംഫി തിയറ്റില്‍ പ്രൗഢ ഗംഭീരമായ കലാപരിപാടികളും നടന്നു. യുഎയുടെ വിദേശ വ്യാപാര മന്ത്രി ഡോ താനി ബിന്‍ അഹമ്മദ് അല്‍ സയൂദി, ഇന്ത്യന്‍ അംബാസിഡർ പവന്‍ കപൂർ, കോണ്‍സൂല്‍ ജനറല്‍ ഡോ അമന്‍ പുരി തുടങ്ങിവരും സംബന്ധിച്ചു.

നമസ്തെ പറഞ്ഞുകൊണ്ടാണ് യുഎയുടെ വിദേശ വ്യാപാര മന്ത്രി ഡോ താനി ബിന്‍ അഹമ്മദ് അല്‍ സയൂദി സംസാരിച്ച് തുടങ്ങിയെന്നുളളത് കൗതുകമായി. ഇന്ത്യന്‍ വ്യാപര സമൂഹത്തിന്‍റെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്തെ പ്രമുഖരായ ലക്ഷ്മി മിത്തല്‍, എം എ യൂസഫലി,ഡോ ആസാദ് മൂപ്പന്‍,കമാല്‍ വച്ചാനിയും യോഗാ ഗുരു ബാബാ രാംദേവും ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയും ചടങ്ങിനെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.