കര്‍ഷക കൂട്ടക്കൊല: മന്ത്രിപുത്രനെ ചോദ്യം ചെയ്തു തുടങ്ങി; തെളിവില്ലാതെ അറസ്റ്റില്ലെന്ന് യുപി മുഖ്യമന്ത്രി

കര്‍ഷക കൂട്ടക്കൊല:  മന്ത്രിപുത്രനെ ചോദ്യം ചെയ്തു തുടങ്ങി; തെളിവില്ലാതെ അറസ്റ്റില്ലെന്ന് യുപി മുഖ്യമന്ത്രി

ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. രാവിലെ 10.40 നാണ് കനത്ത പൊലീസ് സുരക്ഷയില്‍ കൊലപാതക കേസില്‍ പ്രതിയായ മന്ത്രിപുത്രന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ആശിഷിനെതിരെ ചുമത്തിയിട്ടുണ്ട്.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് യു.പി പൊലീസ് മന്ത്രിപുത്രനെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിയോടെ ഇയാളെ രക്ഷിക്കാന്‍ ഉന്നത തലത്തില്‍ നടന്ന ശ്രമങ്ങള്‍ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിലൂടെയാണ് പൊളിഞ്ഞത്.

കര്‍ഷകര്‍ തുടരുന്ന പ്രതിഷേധ സമരത്തിനൊപ്പം പരമോന്നത നീതി പീഠത്തിന്റെ ഇടപെടല്‍ കൂടിയായപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമേറുകയായിരുന്നു. മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ലഖിംപൂര്‍ സന്ദര്‍ശനവും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന യോഗി സര്‍ക്കാരിന് തലവേദനയായി.

അതിനിടെ ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് ഉത്തര്‍പ്രദേശ് വ്യക്തമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തു വന്നു. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ പറ്റില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമ്മര്‍ദ്ദത്തിന്റെ പുറത്ത് നടപടിയെടുക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.