ഓസ്‌ട്രേലിയയില്‍ ആഞ്ഞുവീശി ചുഴലിക്കാറ്റും കനത്തമഴയും; വ്യാപകനാശം

ഓസ്‌ട്രേലിയയില്‍ ആഞ്ഞുവീശി ചുഴലിക്കാറ്റും കനത്തമഴയും; വ്യാപകനാശം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും വന്‍ നാശം. ഇന്നലെ അര്‍ദ്ധരാത്രിയില്‍ അര്‍മിഡെയ്ല്‍ നഗരത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശി കൂടുതല്‍ നാശമുണ്ടാക്കിയത്.

കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോകുകയും വലിയ മരങ്ങള്‍ കടപുഴകി വീഴുകയും കാറുകള്‍ തലകുത്തനെ മറിഞ്ഞ് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. അര്‍മിഡേയ്‌ലിലെ ഇരുപത്തി അയ്യായിരത്തിലധികം വീടുകളില്‍ പകുതിയോളം പേരാണ് ഇന്നലെ ഇരുട്ടില്‍ കഴിഞ്ഞത്.

ടേബിള്‍ലാന്‍ഡ് മേഖലയില്‍നിന്ന് സഹായത്തിനായി ഇന്നലെ രാത്രി മാത്രം 125-ലധികം കോളുകളാണ് അടിയന്തര സേവന വിഭാഗത്തിന് ലഭിച്ചത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. പലയിടത്തും ആലിപ്പഴം വീഴ്ച്ചയും വെള്ളപ്പൊക്കവും കൂടിയായതോടെ ദുരിതം ഇരട്ടിച്ചു.

പടിഞ്ഞാറന്‍ സിഡ്‌നിയില്‍ ചുഴലിക്കാറ്റിനുള്ള സാധ്യത ഉള്‍പ്പെടെ ന്യൂ സൗത്ത് വെയില്‍സിന്റെ തീരപ്രദേശങ്ങളില്‍ ഇന്നും കനത്ത മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


മൗണ്ട് ഡ്രൂട്ടിലെ ഷോപ്പിംഗ് സെന്ററിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയ തകര്‍ന്ന നിലയില്‍.

ഇന്നലെ രാത്രി സിഡ്‌നിയില്‍നിന്നും ലോവര്‍ ബ്ലൂ മൗണ്ടന്‍സില്‍നിന്നും സഹായത്തിനായി 212 കോളുകള്‍ വന്നതായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് സൂപ്രണ്ട് സ്‌കോട്ട് ഡോഡ്‌സണ്‍ അറിയിച്ചു.

കാറ്റില്‍ മൗണ്ട് ഡ്രൂട്ടിലെ ഒരു വാണിജ്യ കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. സ്റ്റോറുകളിലേക്കു വെള്ളവും ഇരച്ചുകയറിയെങ്കിലും 5,000 ത്തിലധികം ആളുകളെ പരുക്കുകളില്ലാതെ ഒഴിപ്പിപ്പിക്കാനായി.


ചുഴലിക്കാറ്റിനെതുടര്‍ന്ന് വീണ അഞ്ചു സെന്റീമീറ്ററിലധികം വലിപ്പമുള്ള മഞ്ഞുകട്ടകള്‍

ചുഴലിക്കാറ്റിനെതുടര്‍ന്ന് സിഡ്‌നിക്കും കൗറയ്ക്കും ഇടയില്‍ അഞ്ചു സെന്റീമീറ്ററിലധികം വലിപ്പമുള്ള മഞ്ഞുകട്ടകളാണ് വീണത്. നഗരത്തിലെ റോഡുകളില്‍ നിറയെ വലിയ മഞ്ഞുകട്ടകള്‍ വീണുകിടക്കുന്നത് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. റോഡില്‍ വീണ മരങ്ങളും മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളും നീക്കി വൃത്തിയാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

ന്യൂകാസില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശക്തമായ കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.