സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍; മികച്ച സിനിമ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍; മികച്ച സിനിമ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

തിരുവനന്തപുരം: അന്‍പത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമ.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തു. ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തു. ഹലാല്‍ ലവ് സ്റ്റോറി, വെള്ളം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ഷഹബാസ് അമന്‍ മികച്ച ഗായകനായി. സൂഫിയും സൂജാതയും എന്ന ചിത്രത്തിലെ വാതുക്കല്‍ വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ നിത്യ മാമ്മന്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്‌കാരങ്ങള്‍ എം.ജയചന്ദ്രന്‍ നേടി. മികച്ച ഗാനരചയിതാവായി അന്‍വര്‍ അലി തിരഞ്ഞെടുക്കപ്പെട്ടു.

കയറ്റം എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ചന്ദ്രു ശെല്‍വരാജ് നേടി. സെന്ന ഹെഗ്ഡേ ആണ് മികച്ച കഥാകൃത്ത്. ചിത്രം - തിങ്കളാഴ്ച്ചനിശ്ചയം. നടിയും സംവിധായികയുമായി സുഹാസിനി മണിരത്‌നം അധ്യക്ഷയായ അന്തിമ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്‌കാര പ്രഖ്യാപനമാണിത്.

കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും അധ്യക്ഷന്മാരായ രണ്ട് പ്രാഥമിക വിധി നിര്‍ണയ സമിതിയും ഉണ്ടായിരുന്നു. എണ്‍പതു ചിത്രങ്ങള്‍ കണ്ട് രണ്ടാംറൗണ്ടിലേക്കു നിര്‍ദേശിച്ച ചിത്രങ്ങളില്‍ നിന്നാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, സൗണ്ട് ഡിസൈനര്‍ എം.ഹരികുമാര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരും അന്തിമ ജൂറിയില്‍ അംഗങ്ങള്‍ ആണ്.

എഡിറ്റര്‍ സുരേഷ് പൈ, ഗാനരചയിതാവ് ഡോ.മധു വാസുദേവന്‍, നിരൂപകന്‍ ഇ.പി.രാജഗോപാലന്‍ എന്നിവരായിരുന്നു ശേഷാദ്രി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങള്‍. ഛായാഗ്രാഹകന്‍ ഷഹ്നാദ് ജലാല്‍, എഴുത്തുകാരി ഡോ.രേഖ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവും ആയ ഷിബു ചക്രവര്‍ത്തി എന്നിവരാണു ഭദ്രന്റെ നേതൃത്വത്തിലുള്ള പ്രാഥമിക ജൂറിയില്‍ ഉണ്ടായിരുന്നത്.

കൂടാതെ രചനാ വിഭാഗം അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനു നിരൂപകന്‍ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.