അധ്യക്ഷ പദവിയിലേക്ക് അര്‍ധസമ്മതം മൂളി രാഹുല്‍ ഗാന്ധി; താഴെ തട്ട് മുതല്‍ സംഘടനാ തിരഞ്ഞെടുപ്പ്

അധ്യക്ഷ പദവിയിലേക്ക് അര്‍ധസമ്മതം മൂളി രാഹുല്‍ ഗാന്ധി; താഴെ തട്ട് മുതല്‍ സംഘടനാ തിരഞ്ഞെടുപ്പ്

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് രാഹുല്‍ അധ്യക്ഷനായി തിരിച്ചെത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്. പ്രവര്‍ത്തക സമിതിയില്‍ എല്ലാ അംഗങ്ങളും ചന്നിയുടെ നിര്‍ദേശത്തെ പിന്തുണച്ചു. പരിഗണിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് നേതാക്കളുടെ ആവശ്യത്തോട് തിരിച്ചുവരാനുള്ള സാധ്യത തള്ളാതെ രാഹുല്‍ ഗാന്ധി രാഹുല്‍ അനുകൂലമായി പ്രതികരിച്ചത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് താനില്ലെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെയും പരിഗണിക്കരുതെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരാണ് രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടി കമങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും.

തിരഞ്ഞെടുപ്പിന്റെ ആദ്യ നടപടിയായി അംഗത്വ കാമ്പയിന്‍ ആരംഭിക്കും. താഴെ തട്ട് മുതല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. അടുത്ത വര്‍ഷം ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ 20നും ഇടയില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃ നിരയിലേക്ക് തെരഞ്ഞെടുപ്പ് നടത്താനും വര്‍ക്കിങ് കമ്മിറ്റിയില്‍ ധാരണയായി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന് ജി-23 നേതാക്കള്‍ പലതവണ ആവശ്യമുന്നയിച്ചിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രിയാണ് രാഹുല്‍ അധ്യക്ഷനായി തിരിച്ചെത്തണമെന്ന് ആദ്യം ശക്തമായി ആവശ്യപ്പെട്ടത്. പ്രവര്‍ത്തക സമിതിയില്‍ എല്ലാ അംഗങ്ങളും ചന്നിയുടെ നിര്‍ദേശത്തെ പിന്തുണച്ചു. താന്‍ പരിഗണിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ അധ്യക്ഷ പദവി രാജിവെച്ചത്. രാഹുല്‍ രാജിവെക്കരുതെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

ദേശീയ നേതാക്കള്‍ അടക്കം സമ്മര്‍ദ്ദം ചെലുത്തിയിട്ടും അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പുതിയ അധ്യക്ഷന്‍ വരണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. പിന്നീട് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റു. രാജിക്ക് ശേഷം ആദ്യമായാണ് പദവിയില്‍ തിരിച്ചെത്തുന്നത് സംബന്ധിച്ച് രാഹുല്‍ അനുകൂല മറുപടി നല്‍കുന്നത്.

അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും വര്‍ക്കിങ് കമ്മിറ്റി ചര്‍ച്ച ചെയ്തു. സംഘടനാ തിരഞ്ഞെടുപ്പ് പട്ടിക സോണിയ ഗാന്ധി യോഗത്തില്‍ അവതരിപ്പിച്ചു. പഞ്ചാബ്, ഗുജറാത്ത്, ഗോവ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.