ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; കുട്ടികളടക്കം ഏഴുപേര്‍ മണ്ണിനടിയില്‍

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; കുട്ടികളടക്കം ഏഴുപേര്‍ മണ്ണിനടിയില്‍

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി കൊക്കയാറില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. കുട്ടികളടക്കം എട്ടുപേര്‍ മണ്ണിനടിയിലായതായാണ് റിപോര്‍ട്ടുകള്‍. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെയാണ് കാണാതായതെന്നാണ് വിവരം. മേഖലയിലെ ഏഴ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായത് ആന്‍സി (45), ചിറയില്‍ ഷാജി (50), പുതുപ്പറമ്പില്‍ ഷാഹുലിന്റെ മകന്‍ സച്ചു ഷാഹുല്‍ (മൂന്ന്), കല്ലുപുരയ്ക്കല്‍ ഫൈസല്‍ നസീറിന്റെ മക്കളായ അപ്പു, മാളു എന്നിവരെയും ഫൈസലിന്റെ സഹോദരി ഫൗസിയ മക്കള്‍ അഹിയാന്‍, അഫ്സാന എന്നിവരെയുമാണ് കാണാതായത്.

പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. രാവിലെയുണ്ടായ അപകടം വൈകിയാണ് പുറത്തറിഞ്ഞത്. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. അഞ്ച് വീടുകള്‍ ഒഴുകിപ്പോയിട്ടുണ്ട്. കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായതായാണ് സൂചനകള്‍.

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കൊക്കയാര്‍. ഉറുമ്പിക്കര ഈസ്റ്റ് കോളനി, പൂവഞ്ചി വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. എത്ര പേര്‍ ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതി സംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നുണ്ടെന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കോട്ടയം ഏന്തയാര്‍ ഇളംകാട് ടോപ്പില്‍ മലവെള്ളപ്പാച്ചിലുണ്ട്. ഇവിടെ 12 പേര്‍ ഒരു വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ഒരാളെ കാണാതായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.