'ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു': പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ക്രിസ്ത്യന്‍ കൂട്ടായ്മ

'ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു': പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ക്രിസ്ത്യന്‍ കൂട്ടായ്മ

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം ക്രൈസ്തവര്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നതായും ഇത് വര്‍ധിച്ചു വരുന്നതായും പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ 273 ദിവസത്തിനുള്ളില്‍ രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കു നേരെ 305 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് വേറെയും.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് എന്നീ കൂട്ടായ്മകള്‍ സംയുക്തമായി നടത്തിയ 'ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു' എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ അക്രമങ്ങളും നടന്നത്. 80 കേസുകളുമായി ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഒന്നാമത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ആരാധന നടത്താന്‍ പോലും കഴിയാത്ത സാഹചര്യമാണ് പല സംസ്ഥാനങ്ങളിലുള്ളതെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം ആരോപിച്ച് സ്ത്രീകളെയും കുട്ടികളെയും അടക്കം അറസ്റ്റു ചയ്യുന്ന സാഹചര്യമുണ്ടെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ദേശീയ കോ ഓര്‍ഡിനേറ്റര്‍ എ സി മൈക്കിള്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ക്രിസ്ത്യന്‍ സമുദായത്തിനെതിരേ നിരന്തരമായ ആക്രമണങ്ങളാണ് നടക്കുന്നത്.

ക്രിസ്ത്യാനികളെ അവരുടെ ആരാധന നടത്താന്‍ അനുവദിക്കാതെ ആക്രമിക്കുകയാണ്. റൂര്‍ക്കിയിലെ (ഉത്തരാഖണ്ഡ്) ഒരു പള്ളിയില്‍ ഒരു പാസ്റ്റര്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ ആളുകളെ മതം മാറ്റുന്നുവെന്നാരോപിച്ച് 200 ലധികം വരുന്ന ആളുകള്‍ സംഘടിച്ചെത്തി. എത്ര പരെ മതം മാറ്റിയെന്ന് എനിക്ക് അറിയണം. സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിടണം. കോണ്‍വെന്റ് സ്‌കൂളുകളില്‍ പഠിച്ച നിരവധി ഉദ്യോഗസ്ഥരുണ്ട്. അവരെല്ലാം മതം മാറിയോ? ' അദ്ദേഹം ചോദിച്ചു.

ഒക്ടോബര്‍ മൂന്നിന് റൂര്‍ക്കി ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുന്‍കൂട്ടി പരാതികള്‍ നല്‍കിയെങ്കിലും ആക്രമണത്തിന് മുന്‍പ് റൂര്‍ക്കിയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ പള്ളിക്കും കുടുംബത്തിനും സുരക്ഷ നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആക്രമണസമയത്ത് സ്റ്റേഷനിലേക്ക് വിളിച്ച് പൊലിസിനെ അറിയിച്ചെങ്കിലും അക്രമാസക്തരായ ജനക്കൂട്ടം സ്വയം പിരിഞ്ഞു പോയപ്പോള്‍ മാത്രമാണ് പൊലിസ് സംഘമെത്തിയത്.

യുപിയിലെ മൗവില്‍ ഉര്‍സുവില്‍ രണ്ട് കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ കൈയേറ്റം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഏറെ ഭയപ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ വ്യാപക ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് യൂണിറ്റി ഇന്‍ കംപാഷന്‍ പ്രസിഡന്റ് മീനാക്ഷി സിങ് പറഞ്ഞു. മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് അക്രമികള്‍ അഴിഞ്ഞാടുന്നത്. പൊലിസും ഇതിന് കൂട്ടു ില്‍ക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയില്‍ കാര്യമായ കുറവാണുണ്ടായിട്ടുള്ളതെന്ന് മീനാക്ഷി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.