കോവിഡ് വാക്‌സിൻ സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാതെ 11കോടി പേര്‍; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രം

കോവിഡ് വാക്‌സിൻ  സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാതെ 11കോടി പേര്‍; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസെടുക്കാതെ 11കോടി പേര്‍. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്ന് ഡൽഹി വിജ്ഞാൻ ഭവനിലാണ് യോഗം ചേരുക.

കോവിഡ് വാക്സിനേഷൻ 100 കോടി ഡോസ് പിന്നിട്ടതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. സമയപരിധി അവസാനിച്ചിട്ടും വാക്സിൻ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനാണ് യോഗം.

കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരുടെ എണ്ണം വർധിച്ചുവരുന്നതിലുള്ള ആശങ്കയാണ് യോഗം വിളിക്കാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സമയപരിധി കഴിഞ്ഞിട്ടും 11 കോടിയോളം ആളുകൾ ഇതുവരെ സെക്കൻഡ് ഡോസ് വാക്സിൻ എടുത്തിട്ടില്ലെന്നാണ് വിവരം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ യഥേഷ്ടം ലഭ്യമായിരിക്കുമ്പോഴാണ് ആളുകൾ ഈ വിമുഖത കാണിക്കുന്നതെന്നാണ് ആശങ്കപ്പെടുത്തുന്നത്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന് കർമപദ്ധതികൾ തയ്യാറാക്കാൻ യോഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടും.

അതേസമയം ഒക്ടോബർ 21-നാണ് രാജ്യം നൂറ് കോടി ഡോസ് വാക്സിൻ എന്ന നാഴികക്കല്ല് പിന്നിട്ടത്. രാജ്യത്തെ 75 ശതമാനത്തോളം ആളുകൾ ഇതിനോടകം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രണ്ടു ഡോസും സ്വീകരിച്ച് വാക്സിനേഷൻ പൂർത്തീകരിച്ചത് 31 ശതമാനത്തോളം പേരാണ്. കുട്ടികൾക്കുള്ള വാക്സിനേഷൻ വിതരണം സംബന്ധിച്ചും അതിന്റെ പ്രക്രിയകൾ സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രം ചർച്ച നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.