മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിക്ക് താഴെ നിലനിര്‍ത്തണം: കേരളത്തിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി തീരുമാനം ഇന്നുണ്ടായേക്കും

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിക്ക് താഴെ നിലനിര്‍ത്തണം: കേരളത്തിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി തീരുമാനം ഇന്നുണ്ടായേക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ജലനിരപ്പിന്റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം ഇന്നറിയാം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് എത്രവരെ ആകാമെന്ന കാര്യത്തില്‍ മേല്‍നോട്ട സമിതി ഇന്ന് അഭിപ്രായം അറിയിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ജലനിരപ്പ് എത്രവേണമെന്നതാണു കോടതിക്കു മുന്നിലുള്ള അടിയന്തര വിഷയം. ഡാം സുരക്ഷ സംബന്ധിച്ച് മേല്‍നോട്ട സമിതിയാണു തീരുമാനം എടുക്കേണ്ടതെന്ന് ജഡ്ജിമാരായ എ.എം.ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളും കേന്ദ്ര ജലകമ്മിഷന്‍ പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് മൂന്നംഗ മേല്‍നോട്ട സമിതി. ജലനിരപ്പ് സംബന്ധിച്ച് ഇവരില്‍ നിന്ന് മറുപടി ലഭ്യമാക്കാന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോടു കോടതി നിര്‍ദേശിച്ചിരുന്നു. ഉതുസംബന്ധിച്ച് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫിന്റെയും സുരക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഹര്‍ജികള്‍ പരിഗണിക്കവേയാണു സുപ്രീം കോടതിയുടെ പ്രതികരണം.

സംസ്ഥാനത്ത് പെയ്ത കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതായും 50 ലക്ഷത്തോളം പേരുടെ ജീവന്‍ അപകടത്തിലാണെന്നും സുരക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടി ഹാജരായ വില്‍സ് മാത്യു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2018ലെ പ്രളയ സമയത്തു മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് സുപ്രീം കോടതി 139 അടിയായി നിജപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.