കോവിഡ് മൂര്‍ച്ഛിച്ച് മറുലോകം കണ്ടു തിരികെയെത്തി; വൈദ്യ ശാസ്ത്രത്തെ വിസ്മയിപ്പിച്ച് ഫ്ളോറിഡക്കാരി മുത്തശ്ശി

കോവിഡ് മൂര്‍ച്ഛിച്ച് മറുലോകം കണ്ടു തിരികെയെത്തി; വൈദ്യ ശാസ്ത്രത്തെ വിസ്മയിപ്പിച്ച് ഫ്ളോറിഡക്കാരി മുത്തശ്ശി

പോര്‍ട്ട്‌ലാന്‍ഡ്(യു.എസ്.എ): കോവിഡ് മൂര്‍ച്ഛിച്ച് അഞ്ചാഴ്ച ആശുപത്രി വെന്റിലേറ്ററില്‍ കഴിഞ്ഞ 69 വയസുള്ള ഫ്ളോറിഡക്കാരി, ബന്ധുക്കളുടെ സമ്മതം വാങ്ങി അവരെ മരണത്തിനു വിട്ടുകൊടുക്കാന്‍ തയ്യാറെടുത്ത ഡോക്ടര്‍മാരെ വിസ്മയത്തിലാഴ്ത്തി ജീവിതത്തിലേക്കു തിരികെയെത്തി. പോര്‍ട്ട്‌ലാന്‍ഡിലെ മെയ്ന്‍ മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞിരുന്ന ബെറ്റിന ലെര്‍മാന്‍ വെന്റിലേറ്റര്‍ മാറ്റിയതിനു പിന്നാലെയാണ് കോവിഡ് ചികില്‍സാ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ അദ്ഭുതകരമായ ആരോഗ്യ പുരോഗതി കൈരിച്ചത്. ബെറ്റിനയ്ക്കായി ശവപ്പെട്ടിയും ശിരോവസ്ത്രവും വരെ വാങ്ങിവച്ചിരുന്നുവെന്ന് മകന്‍ വെളിപ്പെടുത്തി.

'ഞാന്‍ അത്ര മതവിശ്വാസിയല്ല. പക്ഷേ എനിക്കറിയാത്ത ഏതോ ശക്തി അമ്മയെ സഹായിച്ചതായി ഞാനും വിശ്വസിക്കുന്നു.'- ബെറ്റിനയുടെ പ്രാര്‍ത്ഥനാ ജീവിതത്തോടുള്ള ആദരം രേഖപ്പെടുത്തി മകന്‍ ആന്‍ഡ്രൂ ലെര്‍മാന്‍ സിഎന്‍എന്‍ വാര്‍ത്താ ചാനലിനോടു പറഞ്ഞു.'എന്റെ അമ്മ വലിയ മതവിശ്വാസിയാണ്. അതുപോലെ തന്നെ അമ്മയുടെ ധാരാളം സുഹൃത്തുക്കളും ഇടവക സമൂഹവും മറ്റെല്ലാവരും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇപ്പോഴത്തെ മാറ്റത്തിന് മെഡിക്കല്‍  ഭാഗത്തു നിന്ന് വിശദീകരണമില്ല. ഒരു പക്ഷേ മതത്തിന്റെ വശത്തു നിന്നു കഴിയുമായിരിക്കും.'

ഗുരുതരമായ നിരവധി രോഗങ്ങളുമായി ജീവിക്കുന്നതിനിടയില്‍ ആഴ്ചകള്‍ക്കു മുമ്പാണ് ബെറ്റിനയ്ക്ക് കോവിഡ് ബാധയുണ്ടായത്. ശ്വാസംമുട്ടല്‍ ഉള്‍പ്പെടെ രോഗം ഗുരുതരമായി. ശ്വാസകോശം പൂര്‍ണമായും തകര്‍ന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത നിലയിലാണെന്നും വെന്റിലേറ്റര്‍ ഊരിയാല്‍ മരണം സംഭവിക്കുമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ഇതെതുടര്‍ന്ന് ബെറ്റിനയെ വിധിക്ക് വിട്ടുകൊടുക്കാന്‍ കുടുംബം മാനസികമായി തയ്യാറാവുകയും ശവസംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയുമായിരുന്നുവെന്ന് ആന്‍ഡ്രൂ പറഞ്ഞു.

അതിനിടയിലാണ് മെഡിക്കല്‍ സെന്ററില്‍ നിന്ന് ഡോക്ടറുടെ വിളി വന്നത്. ലൈഫ് സപ്പോര്‍ട്ട് ഊരിമാറ്റിയ ഉടന്‍ ബെറ്റിനയ്ക്ക് ബോധം തിരികെ കിട്ടിയെന്നും ആന്തരിക പരിശോധനകളില്‍ ശ്വാസകോശത്തിന് കേടുപാടുകള്‍ ഇല്ലെന്ന് കണ്ടെത്തിയെന്നും ഡോക്ടര്‍ അദ്ഭുതത്തോടെ അറിയിച്ചു.'വെന്റിലേറ്ററില്‍ നിന്നു മോചിതയായ അമ്മ മണിക്കൂറുകളോളം തന്നോടു സംസാരിച്ചു. കൈകളും കൈകളും ചലിപ്പിക്കാന്‍ കഴിയുന്നുണ്ട്.' വെന്റിലേറ്ററിന് പകരം നേരിയ ഓക്സിജന്‍ പിന്തുണയോടെ ശ്വസിക്കാന്‍ കഴിയുന്നതായും ലെര്‍മാന്‍ പറഞ്ഞു. അമ്മയ്ക്ക് എല്ലാം ഓര്‍മ വരുന്നുണ്ട്. താന്‍ ഇപ്പോള്‍ എവിടെയാണെന്ന് അവര്‍ക്കറിയാം. എല്ലാവരെയും തിരിച്ചറിയാനും കഴിയുന്നുണ്ട്.

ഫെബ്രുവരിയില്‍ 70 വയസ്സ് തികയുന്ന തന്റെ അമ്മയ്ക്ക് പ്രമേഹം ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും രണ്ട് വര്‍ഷം മുമ്പ് ഹൃദയാഘാതവും നാല് ബൈപാസ് ശസ്ത്രക്രിയയും നടത്തിയെന്നും ലെര്‍മാന്‍ പറഞ്ഞു.സെപ്തംബര്‍ ആദ്യം തന്നെ അവര്‍ കോവിഡ് -19 ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി, സെപ്തംബര്‍ 12 ന് ആശുപത്രിയില്‍ പോയി 21 ന് വെന്റിലേറ്ററിലേക്ക് മാറ്റിയ ഘട്ടത്തിലാണ് രോഗനിര്‍ണയം നടത്തിയത്. അവര്‍ വാക്സിനേഷന്‍ എടുത്തിരുന്നില്ല. നില വഷളായി, സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് നേരത്തെ തന്നെ ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.

'അമ്മ ഒരു അത്ഭുതം തന്നെ'  

അമ്മയെ തിരികെ കിട്ടില്ലെന്നുറപ്പായപ്പോള്‍ കുടുംബക്കാര്‍ ആശുപത്രിയുമായി ആലോചിച്ചു. എന്തൊക്കെ ചെയ്തിട്ടും അവര്‍ക്ക് അമ്മയെ ഉണര്‍ത്താന്‍ കഴിഞ്ഞില്ല - ലെര്‍മാന്‍ പറഞ്ഞു. അമ്മയുടെ ശ്വാസകോശം പൂര്‍ണമായി നശിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. മാറ്റാനാവാത്ത മറ്റു തകരാറുകളുമുണ്ട്. ഈ നിലയില്‍ രക്ഷപ്പെടുന്നത് അസാധ്യമാണെന്നും വിധിച്ചു.

'സാധാരണയായി, കോമയില്‍ നിന്ന് പുറത്തുവരുന്ന രോഗികള്‍ വലിയ ആശയക്കുഴപ്പത്തിലായിരിക്കും. എന്നാല്‍ വെന്റിലേറ്റര്‍ മാറ്റി സുബോധം വന്ന ശേഷം ആദ്യ ദിവസം മുതല്‍ ബെറ്റിനയ്ക്ക് അത്തരം പ്രശ്‌നങ്ങളേയില്ല.'- ഡോക്ടര്‍മാര്‍ പറയുന്നു. 'അവര്‍ ഇതുവരെ പൂര്‍ണമായും സുഖപ്പെട്ടെന്നു പറയാനാകില്ല; ഇനിയും തിരിച്ചടികള്‍ ഉണ്ടാകാം.' ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനായി ഫിസിയോതെറപ്പി ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രക്രിയകളിലേക്കു നീങ്ങിക്കഴിഞ്ഞു മെഡിക്കല്‍ സ്റ്റാഫ്. സ്വകാര്യതാ നിയമങ്ങള്‍ കാരണം കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടിട്ടില്ല.

ലെര്‍മനും അവരുടെ അമ്മയും ഫ്ളോറിഡയിലായിരുന്നു താമസം. എന്നാല്‍ തന്നോടൊപ്പമുള്ള ക്യാന്‍സര്‍ സ്റ്റേജ് 4 രോഗിയായ പിതാവിനെ പരിചരിക്കുന്നതിനായി അവര്‍ രണ്ടുപേരും മെയ്‌നിലേക്ക് കൂടെക്കൂടെ വരുമായിരുന്നു. അമ്മയ്ക്ക് കോവിഡ് ബാധിച്ച സമയത്തുതന്നെ ആന്‍ഡ്രൂവിന്റെ പിതാവിനു കോവിഡ് ബാധിച്ചെങ്കിലും സുഖം പ്രാപിച്ചു.

സുഖം പ്രാപിക്കില്ലെന്നു കരുതിയ കുടുംബം തന്റെ അമ്മ ലീസിനെടുത്തിരുന്ന ഫ്ളോറിഡ അപ്പാര്‍ട്ട്മെന്റ് ഉപേക്ഷിക്കുകയും പ്രധാനപ്പെട്ട കുടുംബ വസ്തുക്കള്‍ ഒഴികെ ബാക്കിയുള്ളവ കെട്ടിടത്തിലെ മറ്റ് താമസക്കാര്‍ക്ക് വെറുതെ നല്‍കുകയും ചെയ്തുവെന്ന് ലെര്‍മാന്‍ പറഞ്ഞു. അമ്മ സുഖം പ്രാപിച്ച ശേഷം അവരെ സഹായിക്കാന്‍ പണം സ്വരൂപിക്കുന്നതിനായി ലെര്‍മാന്റെ സഹോദരി ഒരു 'ഗോ ഫണ്ട് മി ' കാമ്പെയ്ന്‍ ആരംഭിച്ചു..

കോമയില്‍ ആയിരിക്കുമ്പോള്‍ താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് അമ്മ തന്നോട് പറഞ്ഞു. ആളുകള്‍ അവരെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് കേള്‍ക്കാനും കാണാനും കഴിഞ്ഞതായും എല്ലാം ഓര്‍ക്കുന്നുണ്ടെന്നും ലെര്‍മാന്‍ പറഞ്ഞു. 'ആശുപത്രികളില്‍ കോമ അവസ്ഥയില്‍ കിടക്കുന്നവര്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും കഴിയുമെന്ന് എനിക്കുറപ്പായി. അതുകൊണ്ട് അത്തരം രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ പ്രതീക്ഷ കൈവിടാതെ അവര്‍ക്കായി ആശ്വാസ വാക്കുകള്‍ പറയണം'. അതേസമയം എല്ലാ കോവിഡ് കേസുകളും വ്യത്യസ്തമാണെന്നും എല്ലാവര്‍ക്കും തന്റെ അമ്മയെപ്പോലെ സുഖം പ്രാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'അമ്മ ഒരു അത്ഭുതം തന്നെ'.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.