ആറു ലക്ഷം കലാഷ്‌നികോവ് എ കെ - 203 തോക്കുകള്‍ അമേത്തിയില്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ, റഷ്യ ധാരണ

ആറു ലക്ഷം കലാഷ്‌നികോവ് എ കെ - 203 തോക്കുകള്‍ അമേത്തിയില്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ, റഷ്യ ധാരണ

മോസ്‌ക്കോ/ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ അമേത്തി ജില്ലയില്‍ എകെ - 203 തോക്കുകളുടെ നിര്‍മ്മാണം തുടങ്ങാന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായാണ് 5000 കോടിയുടെ പദ്ധതി പുരോഗതിയിലായത്. 10 വര്‍ഷത്തിനുള്ളില്‍ കലാഷ്‌നികോവിന്റെ ആറു ലക്ഷം എകെ - 203 തോക്കുകളായിരിക്കും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ'ഭാഗമായി അമേത്തിയില്‍ നിര്‍മ്മിക്കുക.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലാണ് ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടായത്. ഇപ്പോഴത്തെ കരാര്‍ പ്രകാരം 6,01427 എകെ -203 തോക്കുകളായിരിക്കും അമേത്തിയിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കുക. സാങ്കേതികവിദ്യ കൈമാറുന്നതിന്റെ ഭാഗമായി 70,000 തോക്കുകളില്‍ റഷ്യന്‍ നിര്‍മിത ഘടകങ്ങള്‍ ഉപയോഗിക്കും. ഇന്ത്യന്‍ കരസേനയ്ക്ക് വേണ്ടിയാണ് തോക്ക് നിര്‍മാണം. എകെ-47 ന്റെ ഏറ്റവും നവീനമായ പതിപ്പാണ് എകെ - 203. നിലവില്‍ കരസേനാംഗങ്ങളുടെ കൈയിലുള്ള ഇന്‍സാസ് (ഇന്ത്യന്‍ സ്‌മോള്‍ ആംസ് സിസ്റ്റം) അസോള്‍ട്ട് റൈഫിളുകള്‍ക്കു പകരമായിട്ടായിരിക്കും എകെ-203 നല്‍കുക.

ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് ഏഴു ലക്ഷത്തോളം റൈഫിളുകളാണ് വേണ്ടത്. ഇതില്‍ ഒരു ലക്ഷം തോക്കുകള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യും. ബാക്കി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കും. ഇന്തോ-റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭമാകും ഇവ നിര്‍മിക്കുക. ഇന്ത്യയുടെ ഓര്‍ഡനന്‍സ് ഫാക്ടറിയും കലാഷ്നിക്കോവ് കണ്‍സേണും റോസോബോണ്‍ എക്സ്പോര്‍ട്ട്സും ചേര്‍ന്നാണ് റൈഫിള്‍ കമ്പനി അമേത്തിയില്‍ സ്ഥാപിച്ചിരിക്കുന്നത്.

50.50 ശതമാനം ഓഹരി ഓര്‍ഡനന്‍സ് ഫാക്ടറിക്കാണ്. ബാക്കിയില്‍ 42 ശതമാനം കലാഷ്നിക്കോവ് ഗ്രൂപ്പിനും 7.5 ശതമാനം റോസോബോണ്‍ എക്സ്പോര്‍ട്ട്സിനും.അമേത്തിയിലെ കോര്‍വ ഓര്‍ഡനന്‍സ് ഫാക്ടറി രണ്ടു വര്‍ഷം മുമ്പ് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ നിര്‍മിക്കുമ്പോള്‍ ഒരു തോക്കിന് 81,000 രൂപയ്ക്കടുത്തേ ചെലവു വരൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.