ദുബായ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയ്ക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും സ്ഥിരീകരിച്ചു. യുഎഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് മുന്‍ കരുതലുകള്‍ സ്വീകരിച്ചു. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ എല്ലാവരും വാക്‌സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. 29 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്റീനില്‍ ആക്കിയിട്ടുണ്ട്. പതിനാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒമിക്രോണ്‍ വകഭേദത്തിനെതിരെ നിലവിലുള്ള വാക്‌സിന്‍ ഫലപ്രദമാകുമെന്നാണ് ആദ്യ ഗവേഷണ ഫലങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ഇസ്രായേല്‍ അറിയിച്ചു. ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്താല്‍ ഇരട്ടിയോളം പകര്‍ച്ചാശേഷി ഒമിക്രോണിന് ഉണ്ടെന്നും ഇസ്രായേല്‍ ഗവേഷകര്‍ വെളിപ്പെടുത്തി. ഇപ്പോഴുള്ള വാക്സിനുകള്‍ ഒമിക്രോണിനെതിരെ ഫലിക്കില്ലെന്ന് ഇന്നലെ മോഡേണ കമ്പനിയുടെ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഇസ്രായേലിന്റെ വെളിപ്പെടുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.