ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം; വേഗത്തില്‍ രോഗമുക്തിയെന്നും റിപ്പോര്‍ട്ട്: ബൂസ്റ്റര്‍ ഡോസ് സജീവ പരിഗണനയില്‍

ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം; വേഗത്തില്‍ രോഗമുക്തിയെന്നും റിപ്പോര്‍ട്ട്: ബൂസ്റ്റര്‍ ഡോസ് സജീവ പരിഗണനയില്‍

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം. രോഗ ലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നത്. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ സുഖപ്പെടുന്നുണ്ട്. ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

നിലവിലെ വാക്‌സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യം ശക്തമാകുന്നത്. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ വാക്‌സിനേഷിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന സൂചന ആരോഗ്യ മന്ത്രി നല്‍കി.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തില്‍ വരുന്നവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 16000 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായതെന്നും മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

ഇവരുടെ സാമ്പിള്‍ ജിനോം സീക്വന്‍സിംഗിന് അയച്ചിട്ടുണ്ട്. അതേസമയം ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാനായിരുന്നു കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നെതെങ്കില്‍ എല്ലാ അന്താരാഷ്ട്ര യാത്രികരെയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതിനിടെ ബംഗളൂരുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടര്‍ അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നതായി വ്യക്തമായി. ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലില്‍ നടന്ന പരിപാടികളില്‍ വിദേശികള്‍ പങ്കെടുത്തിരുന്നു. ഇവരുടെ പട്ടിക തയാറാക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡോക്ടര്‍ വിദേശ രാജ്യങ്ങളൊന്നും സന്ദര്‍ശിച്ചിരുന്നില്ല എന്നതിനാല്‍ എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന ആശങ്ക നിലനില്‍ക്കുകയായിരുന്നു.

ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. ബംഗളൂരുവില്‍ പ്രവേശിക്കാന്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കോവിഡ് വാക്‌സീന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമാണ് പൊതു ഇടങ്ങളില്‍ പ്രവേശനം. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്കും കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.