സഭയുടെ വിശ്വാസ പരിശീലനം നിഷ്കർഷിക്കുന്ന രീതിയിലുള്ള കുർബാന ക്രമം വിശ്വാസികൾക്ക് നിഷേധിക്കുന്നത് തികച്ചും അധാർമ്മികം: അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി

സഭയുടെ വിശ്വാസ പരിശീലനം നിഷ്കർഷിക്കുന്ന രീതിയിലുള്ള കുർബാന ക്രമം വിശ്വാസികൾക്ക് നിഷേധിക്കുന്നത്  തികച്ചും അധാർമ്മികം: അൽമായ ഫോറം സെക്രട്ടറി  ടോണി ചിറ്റിലപ്പള്ളി

തൃശൂർ : സീറോ മലബാർ സഭയിൽ കുർബാന ഏകീകരണം നടപ്പാക്കാത്തവർക്കെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി. തൃശൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ സീറോമലബാർ സഭയുടെ ഐക്യത്തിനും  ഏകീകരണത്തിനുവേണ്ടിയും നവീകരിച്ച കുർബാന ക്രമത്തെ ഒന്നോ രണ്ടോ രൂപതയിൽ മാത്രം വളരെ ചുരുക്കം ചില വൈദികർ അവരുടെ സ്വാർഥ താല്പര്യങ്ങൾക്കായും   ബാഹ്യശക്തികളുടെ ഇടപെടൽ മൂലവും  എതിർക്കുന്ന ഇരട്ടത്താപ്പിനെ തുറന്നുകാണിച്ചു.

തങ്ങളുടെ രൂപതക്കും സഭക്കുമെതിരെ വിമതപ്രവർത്തനം നടത്തുന്ന ഇടവക വികാരിമാരുടെ വിയോജിപ്പിന്റെ സ്വരങ്ങളെയും ദുശാഠ്യങ്ങളെയും വകവെക്കാതെ സത്യവിശ്വാസത്തിനുവേണ്ടിയും നീതിക്കുവേണ്ടിയും അടിയുറച്ച നിലപാടെടുത്ത വിശ്വാസികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

സീറോമലബാർ സഭയുടെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായിട്ടുള്ള വേദോപദേശ ക്ലാസ്സുകളിൽ നവീകരിച്ച വിശുദ്ധകുർബാനയെ ക്കുറിച്ച് പഠിപ്പിക്കുന്ന 2006 മുതലുള്ള ഒൻപതാം ക്ലാസ്സിലെ പാഠപുസ്തകത്തെക്കുറിച്ചു വിമത പ്രവർത്തനം നടത്തുന്നവർക്ക് വലിയ ധാരണ ഇല്ലായെന്ന് സെക്രട്ടറി പറഞ്ഞു. 2006 ൽ കർദിനാളായിരുന്ന മാർ വർക്കി വിതയത്തിൽ പിതാവിന്റെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു പുതിയ കുർബാനക്രമത്തെ കുറിച്ച് പഠിപ്പിക്കുന്ന ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇന്ന് ചില വൈദികർ നവീകരിച്ച കുർബാന ക്രമത്തോട് വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ പറയുന്ന മുട്ടുന്യായമായ, "ഇത് ആലഞ്ചേരി പിതാവിന്റെ അജണ്ടയാണെന്നുള്ള" തികച്ചും പക്വതയില്ലാത്ത വാദം ഇതോടെ പൊളിഞ്ഞു വീഴുകയാണ്. കൂടാതെ ഈ പുസ്തകം ഇറക്കുന്നതിനായുള്ള സമിതിയിൽ അംഗങ്ങളായിരുന്ന പല സീനിയർ വൈദികരും, ഇപ്പോൾ രൂപതയുടെ ഇൻചാർജുള്ള പല സൂപ്പർ സീനിയർ വൈദികരും വിയോജിപ്പുള്ളവരുടെ കൂടെ ചേർന്ന് നിന്ന് തങ്ങൾ അടക്കം അനുകൂലിച്ചുകൊണ്ട് അച്ചടിച്ച ഈ പുസ്തകത്തിൽ പറയുന്ന നവീകരിച്ച കുർബാനക്രമം കൽദായരുടെ അജണ്ടയുമാണെന്നു വരുത്തിതീർക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് ആർക്കുവേണ്ടിയാണെന്നുള്ളത് വിശ്വാസികൾ തീരുമാനിക്കട്ടെ.

സഭ നിഷ്കർഷിക്കുന്ന വിശ്വാസ പരിശീലന ക്ലാസ്സുകളിൽ പുതിയ കുർബാന ക്രമത്തെ കുറിച്ച് പഠിപ്പിക്കുകയും അതെ സമയം വിയോജിപ്പുമായി ഇറങ്ങിയിരിക്കുന്ന ചില വൈദികർ പുസ്തകങ്ങളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ല എന്ന് പറയുന്നതിലെ വൈരുദ്ധ്യം തുറന്നു കാണിക്കുകയാണ് ടോണി ചിറ്റിലപ്പള്ളി.
സഭയുടെ വിശ്വാസ പരിശീലന ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന ആരാധനക്രമം സഭാവിശ്വാസികൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥാവിശേഷം ചുരുക്കം ചില സ്ഥലങ്ങളിലെങ്കിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് സീറോമലബാർ സിനഡ് ഈ പുതിയ കുർബാന ക്രമം സഭയുടെ ഐക്യം മുന്നിൽ കണ്ടുകൊണ്ട് നടപ്പിലാക്കുന്നതിനായി നിഷ്കർഷിക്കുന്നത്.

സഭയുടെ വിശ്വാസ പരിശീലനം നിഷ്കർഷിക്കുന്ന രീതിയിലുള്ള കുർബാന ക്രമം വിശ്വാസികൾക്ക് നിഷേധിക്കുന്നുണ്ടെങ്കിൽ അത് തികച്ചും അധാർമ്മികമാണ്. അതുകൊണ്ട് എല്ലാ വൈദികരും വിശ്വാസ പരിശീലന ക്ലാസിൽ പഠിപ്പിക്കുന്ന, സീറോമലബാർ സിനഡ് നിഷ്കർഷിക്കുന്ന കുർബാനക്രമം നടപ്പിൽ വരുത്തുവാനായി ഊർജിതമായി ക്രിസ്തുമസിന് മുൻപ് തന്നെ ശ്രമിക്കേണ്ടിയിരിക്കുന്നുവെന്ന് അൽമായ സെക്രട്ടറി ആവശ്യപ്പെട്ടു. ഏതെങ്കിലും ഇടവകയിൽ  പുതിയ  കുർബാനക്രമം [നടപ്പിൽ  വരുത്തുവാൻ  സാങ്കേതിക ബുദ്ധിമുട്ടുകൾ   ഉണ്ടെങ്കിൽ  അതുപരിഹരിക്കുന്നതിനായി തങ്ങൾ  സഹായിക്കുന്നതാണ് എന്നും ടോണി ചിറ്റിലപ്പള്ളി പ്രസ്താവിച്ചു. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.