ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ താല്‍പര്യപ്രകാരമാണ് പുതിയ നിയന്ത്രണങ്ങള്‍.
ബെയ്ജിംഗ്: ചൈനയില്‍ ഷി ജിന്‍ പിങ് അതിശക്തനായതോടെ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വിലക്കുകള്‍ വരുന്നു. വിശുദ്ധ കുര്‍ബാന, ഇതര ചടങ്ങുകള്‍, വൈദിക സന്യസ്തരുടെ രൂപീകരണം, ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങിയവയെ പുതിയ വിലക്കുകള്‍ ബാധിക്കും. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റിലീജിയസ് അഫയേഴ്‌സ് ഡിസംബര്‍ 20 ന് പ്രഖ്യാപിച്ച വിലക്കുകള്‍ 2022 മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ഓണ്‍ലൈനിലൂടെയുള്ള മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതല്‍ സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമായി വരുമെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ താല്‍പര്യപ്രകാരമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ ആദ്യ വാരം നടന്ന നാഷണല്‍ റിലീജിയസ് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തക സമിതിയില്‍ മതങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) യുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഷി ജിന്‍പിങ് സൂചിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമാണെന്ന കാര്യം മതങ്ങള്‍ മനസിലാക്കണമെന്നും വിദേശ സ്വാധീനങ്ങളെ ഉപേക്ഷിക്കണമെന്നും ജിന്‍ പിങ് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി മതപരമായ വിവരങ്ങള്‍ പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രൊവിന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിലീജിയസ് അഫയേഴ്‌സിന്റെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രത്യേക ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഇനി മുതല്‍ സെമിനാരികള്‍ക്കും ദേവാലയങ്ങള്‍ക്കും വ്യക്തികള്‍ക്കും വിശ്വാസപരമായ ചടങ്ങുകളും പ്രസംഗങ്ങളും ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്യുവാന്‍ കഴിയുകയുള്ളൂ. ഓണ്‍ലൈനിലൂടെ മതപരമായ കാര്യങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിനും ചൈനയിലുള്ള വിദേശ സംഘടനകളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.
സഭാധികാരികള്‍ക്കും, വൈദികര്‍ക്കും, സന്യാസിമാര്‍ക്കും, മെത്രാന്മാര്‍ക്കുമുള്ള അറിയിപ്പ് ഇതിനോടകം തന്നെ പുറത്തു വിട്ടിട്ടുണ്ട്. 2018 ലും മതപരമായ പ്രവര്‍ത്തനങ്ങളുടെ മേല്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
2018 ല്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പിട്ട ഉടമ്പടി 2020 ഒക്ടോബറില്‍ പുതുക്കുകയുണ്ടായെങ്കിലും ക്രിസ്ത്യന്‍ സഭകളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ ചൈന മുന്നില്‍ തന്നെയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.