ഇന്ന് ക്രിസ്തുമസ്: മാലിന്യങ്ങള്‍ മാറ്റി ഉണ്ണിയേശുവിന് ജനിക്കാന്‍ ഹൃദയത്തില്‍ ഇടമൊരുക്കാം

ഇന്ന് ക്രിസ്തുമസ്: മാലിന്യങ്ങള്‍ മാറ്റി ഉണ്ണിയേശുവിന് ജനിക്കാന്‍ ഹൃദയത്തില്‍ ഇടമൊരുക്കാം

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 25

'ദൈവദൂതന്‍ അവരോട് പറഞ്ഞു... ഭയപ്പെടേണ്ടാ, സര്‍വ്വജനത്തിനുമുള്ളൊരു മഹാ സന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.'

ആട്ടിടയന്മാര്‍ക്ക് പ്രത്യക്ഷനായി ദൈവദൂതന്‍ നല്‍കുന്ന അറിയിപ്പാണിത്. തങ്ങളടെ വീണ്ടെടുപ്പിനായി ജനിക്കുന്ന ദൈവപുത്രനെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന യഹൂദ ജനം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ ഏതെങ്കിലും ഒരു രാജകൊട്ടാരത്തില്‍ ജനിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ മനുഷ്യന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് തന്റെ പുത്രനെ ഭൂമിയിലേക്ക് അയയ്ക്കാാന്‍ ദൈവം തിരഞ്ഞെടുത്തത് ഗ്രാമീണ പെണ്‍കുട്ടിയായ മറിയത്തേയും ഒരു കാലിത്തൊഴുത്തുമായിരുന്നു. തച്ചനായ ജോസഫിന്റെ മകനായി തന്റെ ഏക ജാതനായ പുത്രനെ അയക്കാന്‍ ദൈവം തമ്പുരാന് മടിയുണ്ടായില്ല. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തം. ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ് ക്രിസ്തുമസില്‍ കൂടി നമുക്ക് ലഭിക്കുന്ന സന്ദേശം.

പഴയ നിയമകാല പ്രവാചകന്മാരുടെ പ്രവചനം അനുസരിച്ച് ലോകത്തിന്റെ രക്ഷകന്‍ തങ്ങളുടെ ഗര്‍ഭപാത്രത്തില്‍ പിറക്കാനായി എല്ലാ രാജകുമാരികളും ആഗ്രഹിച്ചിരുന്നു. തങ്ങളെ വീണ്ടെടുക്കാനെത്തുന്നവന്‍ രാജകൊട്ടാരത്തിലേ ജനിക്കുകയുള്ളു എന്ന് ജനങ്ങളും വിശ്വസിച്ചിരുന്നു.

ഈ വിശ്വാസം പ്രബലമായതു കൊണ്ടാണ് വിദ്വാന്മാര്‍ നക്ഷത്രം നോക്കി രാജകൊട്ടാരത്തില്‍ എത്തി ശിശുവിനെ അന്വേഷിച്ചത്. ഒരു നിമിഷത്തേക്ക് നക്ഷത്രത്തില്‍ നിന്നുള്ള കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടാണ് തെറ്റായ ഇടത്തേക്ക് അത്ഭുത ബാലനെ തിരഞ്ഞ് വിദ്വാന്മാര്‍ക്ക് കയറേണ്ടി വന്നത്. ഇതുപോലെ തന്നെയാണ് നമ്മളുടെ അവസ്ഥയും. ഈശ്വരനില്‍ നിന്നുള്ള കാഴ്ചയില്‍ നിന്ന് മറഞ്ഞ് സ്വന്തം വഴികളിലൂടെ സഞ്ചരിച്ച് തെറ്റായ ഇടങ്ങളിലേക്ക് നമ്മള്‍ പലപ്പോഴും കടന്നു ചെല്ലുന്നു.

രാജകുമാരനായി ജനിക്കേണ്ടവന്‍ കാലിത്തൊഴുത്തിലെ പുല്ലിന്മേലാണ് ജനിച്ചത്. സൂത കര്‍മ്മിണികളും പരിവാരങ്ങളും വൈദ്യന്മാരും നല്‍കേണ്ട ഗര്‍ഭശുശ്രൂഷ ജോസഫ് തനിയെ നടത്തി. കൊട്ടാരത്തിലെ സുഗന്ധ വര്‍ഗങ്ങളുടെ സൗരഭ്യത്തില്‍ ഉറങ്ങേണ്ടവന്‍ പശുക്കളുടെ ചാണകത്തിന്റേയും മൂത്രത്തിന്റേയും മണം ഏറ്റാണ് ഉറങ്ങിയത്. തന്റെ പുത്രന്‍ ജനങ്ങളുടെ ഇടയില്‍ എങ്ങനെ ജനിച്ച് വളരണമെന്ന് ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു. ഈശ്വരന് നമ്മള്‍ ഓരോരുത്തരെക്കുറിച്ചും ഇങ്ങനെ ഒരു പദ്ധതിയുണ്ട്.

നമ്മള്‍ ഓരോ വര്‍ഷവും ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. വെറും ആഘോഷമായി മാത്രം അത് തീരുകയും ചെയ്യുന്നു. നമ്മളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന് ജനിക്കാന്‍ ഇടം ഒരുക്കി കൊടുക്കാന്‍ നമ്മള്‍ തയ്യാറായില്ലങ്കില്‍ എപ്പോഴും ക്രിസ്തുവിന്റെ ജനനം നമുക്ക് വെറും ആഘോഷം മാത്രമായി മാറും.

യൗസേപ്പിതാവ് പശുത്തൊഴുത്തിലെ മാലിന്യങ്ങള്‍ മാറ്റി പുല്ലുവിരിച്ച് യേശുവിന് ജനിക്കാനായി സ്ഥലം ഒരുക്കിയതു പോലെ നമുക്കും നമ്മുടെ ഹൃദയങ്ങളിലെ മാലിന്യങ്ങള്‍ മാറ്റി ക്രിസ്തുവിന് ജനിക്കാന്‍ ഒരിടം ഒരുക്കി കൊടുക്കണം. സ്വന്തം ഹൃദയത്തിലേക്ക് ഉണ്ണിയേശുവിനെ ഏറ്റ് വാങ്ങുമ്പോഴാണ് ക്രിസ്തുമസ് അര്‍ത്ഥ പൂര്‍ണമാകുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അദല്‍സിന്റിസ്

2. വെസക്‌സിലെ ആല്‍ബുര്‍ഗാ

3. ഡല്‍മേഷ്യായിലെ അന്‌സ്താസിയാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26