മതഭ്രാന്തന്‍മാരുടെ മുന്നില്‍ സാന്റാക്ലോസിനു പോലും രക്ഷയില്ല; സാന്റയുടെ കോലം കത്തിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍

മതഭ്രാന്തന്‍മാരുടെ മുന്നില്‍ സാന്റാക്ലോസിനു പോലും രക്ഷയില്ല; സാന്റയുടെ കോലം കത്തിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍

ആഗ്ര: മതഭ്രാന്ത് തലയ്ക്കു പിടിച്ച തീവ്ര ഹിന്ദുത്വ വാദികളുടെ മുന്നില്‍ സാന്റാക്ലോസിനു പോലും രക്ഷയില്ല. ഹൈന്ദവരെ മതപരിവര്‍ത്തനം നടത്താനുള്ള ക്രിസ്ത്യന്‍ മിഷണറിമാരുടെ 'തന്ത്രത്തിന്റെ' ഭാഗമാണ്് സാന്റാക്ലോസ് എന്നാരോപിച്ച് ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്റംഗ് ദളും ചേര്‍ന്ന് ആഗ്രയില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചു.

ആഗ്ര മഹാത്മാഗാന്ധി മാര്‍ഗിലെ സെന്റ് ജോണ്‍സ് കോളജ് കവലയിലാണ് സംഭവം. 'സാന്റാക്ലോസ് മൂര്‍ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ ക്രിസ്മസിന് സാന്റാക്ലോസിന്റെ രൂപങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുകയാണെന്ന വിചിത്രമായ ആരോപണമാണ് ഉന്നയിച്ചത്. മിഷണറി സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും ആരോപണമുന്നയിച്ചു.

'സാന്റാക്ലോസ് ഒരു സമ്മാനവും കൊണ്ടു വരുന്നില്ല, ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റുക എന്നതാണ് ഏക ലക്ഷ്യം. ഇനി അത് നടക്കില്ല. മതപരിവര്‍ത്തനത്തിനുള്ള ഒരു ശ്രമവും വിജയിക്കാന്‍ അനുവദിക്കില്ല. ഇത് നിര്‍ത്തിയില്ലെങ്കില്‍ മിഷണറി സ്‌കൂളുകളില്‍ പ്രക്ഷോഭം നടത്തും' അജ്ജു ചൗഹാന്‍ പറഞ്ഞു. ക്രൈസ്തവ മിഷണറിമാര്‍ക്ക് താക്കീത് നല്‍കുന്ന നിരവധി സന്ദേശങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ക്രിസ്മസിനോട് അനുബന്ധിച്ച് നിരവധി അക്രമ സംഭവങ്ങളാണ് രാജ്യത്ത് ഇത്തവണ ഉണ്ടായത്. ആസാമില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തി. സില്‍ച്ചാറിലെ പള്ളിയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.

പള്ളിയുടെ അകത്ത് ബലം പ്രയോഗിച്ച് പ്രവേശിച്ച അക്രമികള്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തി. നടന്നത് ചെറിയകാര്യമാണെന്നും അതിനാല്‍ സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് പോലീസ് സംഭവത്തെ നിസാരവല്‍ക്കരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. കര്‍ണാടകയിലെ മാണ്ഡ്യയിലും മധ്യപ്രദേശിലെ സത്‌നയിലും ഹരിയാനയിലെ പട്ടൗഡിയിലും സമാനമായ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.