ഇസ്താംബുൾ/അബുദാബി: തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുർക്കിയിൽ നിന്നും നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യു.എസ്. ഡോളറിൻ്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാർഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിൻ്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്ക് വ്യക്തമായ വിവരം ലഭിക്കുന്നത്. അവധി കഴിഞ്ഞ തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിന് വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നൽകിയാണ് അനീഷ് ഇന്നലെ നാട്ടിലേക്ക് രക്ഷപ്പെട്ടത്.
അനീഷിനെതിരെ ഇസ്താംബുൾ പോലീസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു. അതേസമയം അനീഷിനെതിരെ ക്രിമിനൽ പരാതിയിൽ ഇസ്‌താംബുൾ പബ്ലിക് പ്രോസിക്യുഷൻ അന്വേഷണം ആരംഭിച്ചു. വിശ്വാസ വഞ്ചനക്കും നിയമപരമല്ലാത്ത മാർഗത്തിലൂടെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഖ്യാതിക്ക് കളങ്കമേൽപിച്ചു എന്നിവയാണ് പരാതിയിൽ പറഞ്ഞിട്ടുള്ള കുറ്റങ്ങൾ. ഇയാൾക്കെതിരെ തുർക്കിയിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിനും കൈമാറിയിട്ടുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.