പട്ടിക പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി; അഖിലേഷ് യാദവ് ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികള്‍

 പട്ടിക പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി; അഖിലേഷ് യാദവ് ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികള്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി. അഖിലേഷ് കര്‍ഹാലില്‍ നിന്ന് അമ്മാവന്‍ ശിവ്പാല്‍ സിങ് യാദവ് ജവാന്ത് നഗറില്‍ നിന്ന് മത്സരിക്കും. വിവിധ കേസുകളില്‍ പ്രതിയായി ജയിലിലുള്ള അസം ഖാന്‍ രാംപൂരിലെ സ്ഥാനാര്‍ത്ഥിയാണ്.

അസംഖാന്റെ മകന്‍ അബ്ദുള്ള അസം സുവാര്‍ മണ്ഡലത്തില്‍ നിന്ന് എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജയിലിലായിരുന്ന അസംഖാന്റെ മകന്‍ അടുത്തിടെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. സുവാറില്‍ അപ്നാദള്‍ സ്ഥാനാര്‍ത്ഥിയായി ഹെയ്ദര്‍ അലി ഖാന്‍ മത്സരിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു. നിലവില്‍ എന്‍ഡിഎയുടെ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരേ ഒരു സ്ഥാനാര്‍ത്ഥിയാണ് ഹെയ്ദര്‍ അലി ഖാന്‍.

403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, ഏഴ് എന്നീ തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10നാണ്.

മെയിന്‍പുരിയിലെ കര്‍ഹാല്‍ മണ്ഡലം സമാജ്‌വാദി പാര്‍ട്ടിയുടെ സ്വന്തം കോട്ടയാണ്. മെയിന്‍പുരി ലോക്‌സഭാ മണ്ഡലം മുലായം സിംങ് യാദവ് പല വട്ടം വിജയിച്ച് ലോക്‌സഭയിലേക്ക് പോയ ഇടം കൂടിയാണ്. 1993 മുതല്‍ രണ്ട് വട്ടമൊഴിച്ചാല്‍ ബാക്കിയെല്ലാ തെരഞ്ഞെടുപ്പുകളിലും എസ്പി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത മണ്ഡലമാണ് കര്‍ഹാല്‍. 2002ലും 2007ലും ഇവിടെ നിന്ന് ജയിച്ചത് ബിജെപിയാണ്. നിലവില്‍ എസ്പി നേതാവായ സൊബാരന്‍ യാദവാണ് ഇവിടത്തെ എംഎല്‍എ.

നേരത്തേ അഖിലേഷ് യാദവ് മത്സരിച്ചേക്കില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ യോഗി ആദിത്യനാഥ് സ്വന്തം ശക്തികേന്ദ്രമായ ഗോരഖ്പൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ, ബിജെപിയുടെ മുഖ്യ എതിരാളിയായി കണക്കാക്കപ്പെടുന്ന എസ്പിയുടെ അധ്യക്ഷന്‍ അഖിലേഷും മത്സരക്കളത്തിലിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.