ഗാന്ധിജി എന്ന ലോകപൗരൻ

ഗാന്ധിജി  എന്ന ലോകപൗരൻ

"ധീരമാം സ്നേഹമേ ശാന്തി; ശാന്തി ഗീതമാണെന്നുമേ ഗാന്ധി"കവി മധുസൂദനൻ നായരുടെ 'ഗാന്ധി' എന്ന പ്രശസ്ത കവിതയിലെ ഈ ഈരടിയാണ് ജനുവരി 30 നെ ഓർമ്മിക്കുമ്പോൾ മനസ്സിലൂറുന്നത്. ഭാരതം ലോകത്തിനു സമ്മാനിച്ച രത്നതിളക്കമുള്ള വിശുദ്ധ ചേതനയായ ഗാന്ധിജിയുടെ രക്തസക്ഷിത്വ ദിനമാണന്ന്. 1948 ജനുവരി 30 ന് നടന്ന പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്തു മടങ്ങവേ, നാഥുറാം വിനായക് ഗോഡ്സെ എന്നയാൾ ഉതിർത്ത വെടിയുണ്ടകൾ ആ വിശ്വ ഹൃദയം തുരന്നു പാഞ്ഞപ്പോൾ, ലോക മനസ്സാക്ഷി മുറിവേറ്റു വീഴുകയായിരുന്നു.

വെടിയേറ്റു വീണശേഷം മഹാത്മാവായ നേതാവല്ല ഗാന്ധിജി. നവ ഭാരതത്തിന്റെ പുതിയ പര്യായപദമായി 1915 ൽ തെക്കേ ആഫ്രിക്കയിൽ നിന്നും മടങ്ങി വന്ന ഗാന്ധിജിയെ രവീന്ദ്രനാഥ ടാഗോറാണ് മഹാത്മാവ് എന്ന് വിളിച്ചത്. ആ വിശേഷണത്തിന്റെ വ്യാഖ്യാനമായിരുന്നു ഗാന്ധിജിയുടെ ജീവിതം.
അഹിംസ എന്ന ജീവന തത്ത്വത്തിന്റെ ആകാരവും ഗുരുവുമായ ഗാന്ധിജി 1935 ൽ ഹരിജൻ പത്രത്തിൽ എഴുതിയ പ്രകാരമാണ് : "അഹിംസയാണ് മനുഷ്യവംശത്തിന്റെ കൈവശമുള്ള ഏറ്റവും മഹത്തായ ബലം. അതു മനുഷ്യന്റെ ബുദ്ധി രൂപം നൽകിയ ഏറ്റവും ശക്തമായ നശികരണായുധത്തേക്കാൾ ശക്തമാണ്'. 'ഗാന്ധി - ജീവിതവും ലോകത്തോടുള്ള സന്ദേശവും': എന്ന ഗ്രന്ഥത്തിൽ അമേരിക്കൻ പത്രപ്രവർത്തകനായ ലൂയി ഫിഷർ എഴുതുന്നു: ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി, എല്ലാ മതസ്ഥർക്കും സമാധാനത്തോടെ സ്വതന്ത്രമായി പാർക്കാൻ ഒരാശ്രമം സ്ഥാപിച്ചു. അങ്ങനെ അദ്ദേഹം മതേരത്ത്വത്തിന്റെ പൂർണ്ണാശ്രമമായി സ്വയം രൂപപ്പെട്ടു.

കടലിലെ ഉപ്പുരസം എല്ലാവരിലും രുചിയായലിയുന്നതുപോലെ ഈശ്വരൻ എല്ലാ മനുഷ്യന്റെയും സ്വാതന്ത്ര്യത്തിന്റെ രുചിയാണെന്ന് ഗാന്ധിജി അനുഭവിച്ചു. "ഗാന്ധി എന്ന മനുഷ്യൻ" എന്ന ഗ്രന്ഥമെഴുതിയ ഏകനാഏകനാഥ് ഈശ്വരൻ പറയുന്നത് പോലെ, 200 കിലോമീറ്റർ അകലെയുള്ള ദണ്ഡി കടൽപ്പുറത്തേക്കുള്ള ഗാന്ധിജിയുടെ യാത്ര എല്ലാവരുടെയും അവകാശമായ ഈശ്വരന്റെ രുചി തേടിയുള്ള യാത്രയായിരുന്നു. ബ്രിട്ടീഷുകാർ കടലുപ്പിനും നികുതി ചുമത്തിയപ്പോൾ പാവങ്ങളുടെ ജീവിതത്തിന്റെ രുചി തിരികെ വാങ്ങാൻ ഗാന്ധി നടത്തിയ ദണ്ഡി യാത്രയും ഉപ്പുസത്യാഗ്രഹവും ജനങ്ങൾ ഏറ്റുവാങ്ങിയ ഒരു നേതാവിന്റെ മനുഷ്യനിലെ ദൈവദര്ശനത്തിന്റെ സ്വയം വെളിപ്പെടുത്തലായിരുന്നു.

"വഴിവെളിച്ചങ്ങളിൽ" ഡോ. എ. പി. ജെ അബ്ദുൾകലാം പറയുന്നതുപോലെ, അക്രമം ഉപയോഗിക്കാത്ത ശത്രുവിനെ എങ്ങനെ നേരിടണമെന്ന് ബ്രിട്ടീഷുകാർക്ക് അറിയില്ലായിരുന്നു. നോബൽ സമ്മാന ജേതാവായ ഒക്ടോവിയോ പാസിന്റെ 'ഇന്ത്യയുടെ പ്രകാശത്തിൽ' എന്ന ഗ്രന്ഥത്തിൽ പറയുന്നു, ഗാന്ധിജി അധികാരമോ കീർത്തിയോ കാംക്ഷിച്ചില്ല. അദ്ദേഹം ദുർഭഗനെ സേവിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം അത് തന്റെ ജീവിതം കൊണ്ടും മരണം കൊണ്ടും തെളിയിച്ചു!

മധുസൂദനൻനായർ ചോദിക്കുന്നതുപോലെ ആരാണ് ഗാന്ധി? കനവായിരുന്നോ? കഥയായിരുന്നോ? പുതിയ തലമുറയുടെ ചിഹ്നങ്ങളായ നമ്മൾ ഗാന്ധിജിയെ നമ്മുടെ ജീവിത ശൈലിയുടെ പാഠപുസ്തകമാക്കണം. അനുദിനം പുനർവായന നടത്തുന്ന പുസ്തകമാകണം ഗാന്ധിജി. കൊല്ലുന്നവന്റെയും വെടിയേറ്റുവീഴുന്നവന്റെയും ചോരയ്ക്കൊരുനിറം തന്നെ. അലറുന്നവന്റെയും അടങ്ങുന്നവന്റെയും ആരംഭം മൗനത്തിൽനിന്നുതന്നെ. ഗാന്ധി കൊതിച്ച ശാന്തി, ഭാരതത്തിന്റെ കാന്തിയാണ്. നമ്മുടെ രാഷ്ട്ര പൈതൃകമായ ഗാന്ധി സ്വന്തം രക്തസാക്ഷിത്വത്തിലൂടെ ലോക ഹൃദയം കവർന്നു വിശ്വപൗരനായി മാറിയതിന്റെ ഓർമ്മയാചരിക്കുമ്പോൾ മുറിവേറ്റുപിടയുന്ന ഇന്ത്യയുടെ നിലവിളിക്കിടയിലെ കണ്ണീരിലൂറുന്നുണ്ട് ഗാന്ധി...! ദേശസ്നേഹത്തിന്റെയും അഖണ്ഡതയുടെയും പ്രാർത്ഥനയായി...

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.