പല്ലി (കവിത)

പല്ലി (കവിത)

പല്ലി വാൽ മുറിച്ച് കളഞ്ഞ്
ഉത്തരച്ചോട്ടിലേക്കിഴഞ്ഞു.
വാൽ പോയാലും
ജീവൻ കിട്ടിയല്ലോ; വാലിനിയും
മുളച്ച് വരും വാലില്ലാതിരു-
ന്നെങ്കിലെന്ത് ചെയ്യും?
ഒരു നാൾ ചുമരിലിരുന്ന്
ഉത്തരം താങ്ങിയും,
നേര് കേട്ട് ചിലച്ചും, ചുമരിലിഴഞ്ഞ്
ഈച്ചയെ പിടിച്ചും
പല്ലികൾ വീട് കാത്തു; താഴെ
ഉണ്ണികൾ ഉരുണ്ടു കളിക്കുന്നതും
ചിമ്മിനി വെട്ടത്തിലിത്തിരി കഞ്ഞി
പ്ലാവിലക്കരണ്ടിയിൽ കോരി
കുടിക്കുന്നതും, നാളെയുണ്ണുവാൻ
ഒന്നുമില്ലെന്ന് അമ്മ പറയുന്നതും;
ഇത് വറുതി തൻ കാലമെന്നച്ഛൻ
പറയുന്നതും കേട്ട്, സത്യമാണതെന്ന്
ഉത്തരം താങ്ങി പല്ലി ചിലച്ചു.
പല്ലി ശാസ്ത്രം തെറ്റില്ലെന്നാരോ
പറഞ്ഞതോർമ്മയിൽ തെളിഞ്ഞു വന്നു..
വെളുത്ത പല്ലിയും കറുത്ത പല്ലിയും
ചുമരിലിഴഞ്ഞു....
കാലമേറെ കടന്നു പോയ്,
ഉത്തരമില്ലാത്ത വീടുകൾ വന്നു;
ചുമരുകളെല്ലാം മിനുസത്തിലായി,
പല്ലികളോരോന്നും വീടുവിട്ടു...
നേരു പറയുന്നോരുമില്ല, നേരെന്ന്
ചൊല്ലി ചിലക്കുവാൻ പല്ലിയുമില്ല,
വേലി തന്നെ വിളവുകളൊക്കെയും
തിന്നു മുടിച്ച് വിലസുന്ന കാലം ;
വറുതിയില്ലെന്നാര് പറഞ്ഞാലും
വറുതിയുണ്ടെന്നത് സത്യം; നീതി
മാത്രം നടത്തുമെന്നോതുന്നവർ
നീതിതൻ ചിറകുകളരിയുന്നതും സത്യം;
ഒറ്റുകാരും കള്ള സാക്ഷ്യങ്ങളും പെരുകുന്നു ...
സത്യം പറഞ്ഞു ചിലക്കുവാൻ
ഉത്തരം താങ്ങുന്ന പല്ലികളില്ല....
കറുത്ത പല്ലിയും വെളുത്ത
പല്ലിയും വീട് വിട്ടേ പോയി...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26