മുടി കെട്ട് പിണയുന്നത് ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ !

മുടി കെട്ട് പിണയുന്നത് ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ !

പല പെണ്‍കുട്ടികളും രാവിലെ ഉണര്‍ന്ന് കണ്ണാടിയില്‍ നോക്കിയാല്‍ സ്വന്തം രൂപം കണ്ട് ഞെട്ടുന്നവരാണ്. ആകെ അലങ്കോലമായി കിടക്കുന്ന മുടിയിഴകള്‍ തന്നെയാണ് അതിന് കാരണം. രാവിലെ ഉണര്‍ന്ന ശേഷം മുടി ഒന്ന് ചീകിയൊതുക്കി വെക്കാന്‍ പല പെണ്‍കുട്ടികളും കഷ്ടപ്പെടാറുണ്ട്. എഴുന്നേറ്റ ശേഷം മുടിയൊക്കെ മിക്കപ്പോഴും ആകെ കെട്ട് പിണഞ്ഞ അവസ്ഥയിലായിരിക്കും.

മാത്രമല്ല ചീകി, കെട്ടുകളെല്ലാം വിടുവിച്ച് കഴിയുമ്പോഴേയ്ക്കും ഒരു പിടി മുടി പൊട്ടിയും കൊഴിഞ്ഞുമൊക്കെയായി കയ്യിലിരിക്കുകയും ചെയ്യും. മുടിയിഴകള്‍ പൊട്ടാതെ നിവര്‍ത്തിയെടുക്കുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്. സിനിമയിലും പരസ്യത്തിലുമൊക്കെ സുന്ദരിമാര്‍ തിളങ്ങുന്ന മുടിയുമായി രാവിലെ എഴുന്നേല്‍ക്കുന്ന സീന്‍ ഒക്കെ കാണുമ്പോള്‍ കൊതിയാകാറില്ലേ? രാവിലെ നിങ്ങളുടെ മുടിയിഴകളും മനോഹരമായി കാണപ്പെടാന്‍ ചില വഴികളുണ്ട്.

ആദ്യം ശ്രദ്ധിക്കേണ്ടത് തലയണ കവറുകള്‍ തന്നെയാണ്..

രാത്രി ഉറങ്ങുന്ന സമയത്ത് മുടി കെട്ടുപിണയുന്നത് തടയാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ നടപടി കോട്ടണ്‍ തലയിണ കവര്‍ ഉപയോഗിക്കുന്നതിന് പകരം ഒരു സില്‍ക്ക് തലയിണ കവറിലേയ്ക്ക് മാറുക എന്നതാണ്. കോട്ടണും മറ്റ് വസ്തുക്കളും ഘര്‍ഷണത്തിന് കാരണമാകുന്നു. കൂടാതെ അവശ്യ പ്രകൃതിദത്ത എണ്ണകള്‍ മുടിയില്‍ നിന്ന് കവര്‍ന്നെടുക്കുകയും അവയെ വരണ്ടതാക്കുകയും കെട്ടുപിണയാന്‍ സാധ്യതയുള്ളതാക്കുകയും ചെയ്യുന്നു.

ഒരു സില്‍ക്ക് തലയിണ കവര്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ തലയില്‍ ഒരു സില്‍ക്ക് സ്‌കാര്‍ഫ് കൊണ്ട് മൂടുകയോ ചെയ്യുന്നത് നിങ്ങള്‍ക്ക് മിനുസമാര്‍ന്ന മുടിയിഴകള്‍ നല്‍കും.

അയഞ്ഞ രീതിയില്‍ മുടി പിന്നിയിട്ട് ഉറങ്ങുക..

ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നിങ്ങളുടെ മുടി അയഞ്ഞ രീതിയില്‍ പിന്നിക്കെട്ടുക. ഇത് മുടി കെട്ടുപിണയുന്നത് തടയാന്‍ സഹായിക്കും.

അല്‍പം എണ്ണ പുരട്ടാം..

നിങ്ങളുടെ മുടി കെട്ട് പിണഞ്ഞ് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ കിടക്കുന്നതിന് മുമ്പ് മുടിയില്‍ ഒരല്‍പം എണ്ണ പുരട്ടണം. അങ്ങനെ ചെയ്യുന്നത് മുടിയില്‍ കുരുക്കുകള്‍ രൂപപ്പെടുന്നതും പൊട്ടലും കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, എണ്ണ തേയ്ക്കുന്നത് മുടിയില്‍ ജലാംശം നിലനിര്‍ത്താനും മുടി വളര്‍ച്ച മെച്ചപ്പെടുത്താനും താരന്‍ തടയാനും മുടിക്ക് തിളക്കവും മൃദുത്വവും നല്‍കാനും സഹായിക്കും.

കണ്ടീഷണര്‍ ഉപയോഗിക്കുക..

ഷാംപൂ ചെയ്തതിന് ശേഷം എപ്പോഴും മുടി കണ്ടീഷന്‍ ചെയ്യുക. നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് അനുയോജ്യമായ കണ്ടീഷണര്‍ ഉപയോഗിക്കണം. കണ്ടീഷണറുകള്‍ ഈര്‍പ്പം നല്‍കുകയും നിങ്ങള്‍ കിടക്കുമ്പോഴും തിരിയുകയും ചെയ്യുമ്പോള്‍ മുടി കെട്ടുപിണയുന്നത് തടയുകയും ചെയ്യുന്നു.

ചൂട് പകരുന്ന ചികിത്സകള്‍ ഒഴിവാക്കുക..

കേളിംഗ് അയണുകള്‍, സ്ട്രൈറ്റനറുകള്‍ അല്ലെങ്കില്‍ ബ്ലോ ഡ്രയറുകള്‍ പോലുള്ള ഹീറ്റ് സ്റ്റൈലിംങ് ടൂളുകള്‍ നിങ്ങളുടെ അതിലോലമായ മുടിയിഴകളെ ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഹീറ്റ് ട്രീറ്റ്മെന്റുകള്‍ ഒഴിവാക്കുക, അത്തരം ചികിത്സകള്‍ നിങ്ങള്‍ സ്വീകരിക്കേണ്ടി വന്നാല്‍, മുടി മിനുസമാര്‍ന്നതും കെട്ടുപിണയാതെയും ഇരിക്കാന്‍ ആഴ്ചയില്‍ രണ്ടു തവണ ഹൈഡ്രേറ്റിംങ് ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ...

* നനഞ്ഞ മുടി ചീകരുത്, കാരണം ഇത് മുടി കൊഴിച്ചിലിനും പൊട്ടലിനും കാരണമാകും.
* മുടി കഴുകിയ ശേഷം ലീവ് ഇന്‍ കണ്ടീഷണര്‍ പുരട്ടുന്നത് മുടിയുടെ വരള്‍ച്ച കുറയ്ക്കും.
* നിങ്ങളുടെ മുടി അഴിച്ചിടുന്നതിന് പകരം കഴിയുന്നത്ര പോണിടെയില്‍ ആക്കി കെട്ടി വയ്ക്കുക.
* മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാന്‍ മൂന്ന് മാസം കൂടുമ്പോള്‍ മുടി ട്രിം ചെയ്യാന്‍ ശ്രമിക്കുക.
* കഴുകാന്‍ പോകുന്നതിന് മുമ്പ് നിങ്ങളുടെ കെട്ടുപിണഞ്ഞ മുടി വേര്‍തിരിക്കുക.
* ഹെയര്‍ സ്‌റ്റൈലിംങ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക.
* തേന്‍, തൈര്, അവോക്കാഡോ തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ച് പ്രകൃതിദത്തമായ വീട്ടിലുണ്ടാക്കിയ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.