ഐ.പി.എല്ലില്‍ ഇന്ന് ഫൈനൽ

ഐ.പി.എല്ലില്‍ ഇന്ന് ഫൈനൽ

ദുബായ്: കോവിഡ് മഹാമാരിക്കിടെ ലോകത്തുനടന്ന ഏറ്റവും വലിയ ക്രിക്കറ്റ് പോരാട്ടത്തിന് ചൊവ്വാഴ്ച പര്യവസാനം. അമ്പതുദിവസത്തിലേറെ നീണ്ട ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകീട്ട് 7.30 മുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

രോഹിത് ശർമ നയിക്കുന്ന മുംബൈ നിലവിലെ ജേതാക്കളാണ്. നേരത്തേ നാലുവട്ടം കിരീടം നേടി. ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹിക്ക് ഇത് ആദ്യ ഫൈനൽ. 2013, 2015, 2017, 2019 വർഷങ്ങളിൽ ജേതാക്കളായ മുംബൈ, 2010-ൽ റണ്ണറപ്പാവുകയും ചെയ്തു. ടൂർണമെന്റിൽ ഇത്രയും സ്ഥിരതയോടെ കളിച്ച മറ്റൊരു ടീമില്ല. ഈ സീസണിലും മുംബൈയുടെ പ്രകടനം ആധികാരികമായിരുന്നു. പ്രാഥമികഘട്ടത്തിൽ ഒമ്പതു കളികൾ ജയിച്ച് ഒന്നാംസ്ഥാനക്കാരായി പ്ലേ ഓഫിലെത്തി.

അവിടെ, ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് തകർത്ത് ഫൈനലിലേക്ക്. ക്വിന്റൺ ഡി കോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, സൗരഭ് തിവാരി എന്നിവരടങ്ങിയ മുംബൈയുടെ ബാറ്റിങ് നിര അതിശക്തമാണ്. ഇതിൽ ഒന്നോ രണ്ടോ ആളുകൾ പരാജയമായാലും മറ്റുള്ളവർ ആ വിടവ് നികത്തുന്നു. ഈ സീസണിൽ കൂടുതൽ റൺ നേടിയ 10 ബാറ്റ്സ്മാൻമാരിൽ മുബൈയുടെ മൂന്നുപേരുണ്ട്.

ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് എന്നിവർ നേതൃത്വം നൽകുന്ന ബൗളിങ് നിരയ്ക്കും താരതമ്യമില്ല. ഈ സീസണിൽ മുംബൈയും ഡൽഹിയും നേർക്കുനേർ വരുന്നത് ഇത് നാലാംതവണയാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും മുംബൈ ജയിച്ചു. പ്രാഥമിക ഘട്ടത്തിൽ ആദ്യം അഞ്ചുവിക്കറ്റിനും പിന്നീട് ഒമ്പത് വിക്കറ്റിനും ജയിച്ചു. പ്ലേ ഓഫിൽ 57 റൺസ് ജയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.