ആഷമ്മ (ഒരു സ്നേഹ കഥ)

ആഷമ്മ (ഒരു സ്നേഹ കഥ)

അന്നും പതിവ് പോലെ ആരതി ടീച്ചർ , ആറു മണിക്ക് മുൻപേ തന്നെ കണ്ണ് തുറന്ന് ഒരേ ഒരു കിടപ്പ്. ജനൽ പാളിയിലെ നേരിയ കർട്ടൻ തുണിയെ, തുളച്ചു കടന്നുവരാതെ, പ്രകാശം മടിച്ചു നിന്നു. പൊതുവെ മൂടി കെട്ടിയ അന്തരീക്ഷം, ശരീരത്തിൽ നിന്നും നേരിയ പുതപ്പ് വകഞ്ഞു മാറ്റി, ഒപ്പം തന്നെ കെട്ടിപിടിച്ച ഭർത്താവിന്റെ വലത് കൈ പതുക്കെ അടർത്തി മാറ്റി, കിടക്കയിൽ ഇരുന്നു കൊണ്ട്തന്നെ ഏതാനും നിമിഷത്തെ പതിവ് പ്രാർത്ഥന. തളർന്നുറങ്ങുന്ന ഭർത്താവിനെ ഒരു നിമിഷം നോക്കി നിന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട്, നേരത്തെ വിളിക്കാറേ ഇല്ല സൗകര്യം പോലെ ഉണരട്ടെ. ടൗണിലെ ഏറ്റവും നല്ല ഡോക്ടർ തന്നെയാണ് ഇപ്പോഴും നോക്കുന്നത്. അടഞ്ഞു കിടന്ന ജാലകങ്ങൾ ഓരോന്നായി തുറന്നു, കിളികളുടെ ശബ്ദങ്ങളും , തണുത്ത കാറ്റും, മൂടി കെട്ടിയ ആകാശവും, എല്ലാം കൊണ്ടും പതിവിലും വിത്യസ്തമായ ഒരു പ്രഭാതം. പ്രധാന വാതിൽ തുറന്ന് പത്രo എടുത്ത് മറിച്ചു കൊണ്ടിരിക്കുമ്പോൾ, പുറത്തെ വഴിയിൽ പാൽക്കാരന്റ പതിവ് സൈക്കിൾ മണിയൊച്ച, സമയത്തിന് ചെന്നില്ലെങ്കിലും ഗേറ്റിനോട് ചേർന്നുള്ള ട്രേയിൽ പാൽ വച്ചിട്ട് അയാൾ അപ്രത്യക്ഷമാകും.

ജീവിതത്തിന്റെ നല്ലൊരു ഭാഗവും, കുട്ടികളോടോത്തു ചിലവഴിച്ച ആരതി ടീച്ചർ കുട്ടികളുടെ നിഷ്കളങ്ക തയുടെ പ്രതി രൂപമാണ്. മറ്റുള്ളവരോടുള്ള പെരുമാറ്റവും ഏറെ സ്നേഹത്തോടും, വിനയത്തോടും കൂടി മാത്രം. അതുകൊണ്ട് അവർ ആരിൽ നിന്നും ഒറ്റ പെടാറില്ല. പുൽ ചെടികളോടും, മരത്തിനോടും, പൂവിനോടും, പൂമ്പാറ്റയോടും, മിണ്ടാ പ്രാണികളോടും എന്നു വേണ്ട പ്രപഞ്ചത്തിലെ സകലതിനോടും സ്നേഹത്തിന്റെ പരിമളം ചേർത്ത് മാത്രമേ നോക്കാറുള്ളു. വാർദ്ധക്യത്തിന്റെ ചില്ലറ ജരാ-നരകൾ അങ്ങിങ്ങായി തെളിഞ്ഞു തുടങ്ങിയെങ്കിലും എന്തിനും ഏതിനും മുന്നിലാണ് ടീച്ചർ.. എന്നാൽ സാറിന് നിരന്തരം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. ടീച്ചറുടെ ഉത്സാഹം ഒന്ന് കൊണ്ട് മാത്രം കാര്യങ്ങൾ എല്ലാം ഭംഗിയായി നടന്നു പോകുന്നു. പത്ര വായനക്കിടയിലും, വീടിനു ചുറ്റുമുള്ള ചെടികളെ കുറിച്ചുള്ള ചിന്തയും , നോട്ടവും, അന്വേഷണവും മുറക്ക് നടക്കും. തലേ ദിവസം നട്ട ചില പുതിയ ചെടികൾ, റോസാ ചെടിയിലെ പുതിയ മൊട്ടുകൾ, എന്നു വേണ്ട ഒന്നിനെയും മറക്കാറില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും ആരതി ടീച്ചറുടെ മനസ്സ്‌ അലയടിക്കുന്ന ഒരു വലിയ സമുദ്രം പോലെയാണ്, അതിൽ നിന്ന് തെല്ലൊരു ആശ്വാസത്തിനായി ഏതാനും ചില മിണ്ടാ പ്രാണികളും കൂട്ടിനായിട്ടുണ്ട്… കറവ വറ്റിയ പശു അമ്മു, മാളു എന്ന ആട്ടിൻ കുട്ടി പിന്നെ എപ്പോഴെന്നറിയില്ല അധികാരത്തോടെ കടന്നു വന്ന മണിയൻ പൂച്ച.. പിന്നെ കുറച്ച് കോഴികളും.. മക്കളില്ലാത്ത ടീച്ചർക്കും സാറിനും ഇവരൊക്കെയാണ് തെല്ലൊരാശ്വാസം, രാവിലെ ആറു മണിക്ക് തുടങ്ങുന്ന ഓട്ടം രാത്രി വൈകിയും തുടരും, റിട്ടയർമെന്റിന് ശേഷം സാറിന്റെ അവസ്ഥ മോശമായി. അന്നും ഇന്നും ആരതി ടീച്ചർ തന്നെയാണ് എല്ലാത്തിനും മുമ്പിൽ, സാറെന്നും ഒരു പ്രതിമ കണക്കെ, ഒരു കാഴ്ച്ചക്കാരനെ പോലെ പലതിനും വ്യത്യസ്ത അഭിപ്രായങ്ങൾ പറയും. ഒടുവിൽ അവർ പരസ്പരം സമരസപ്പെട്ട് പൂർണ്ണതയിൽ എത്തും. കുഞ്ഞു തർക്കങ്ങളും കുഞ്ഞു കുഞ്ഞു സൗന്ദര്യ പിണക്കങ്ങളും എല്ലാം നൈമിഷികം മാത്രം.

ഗേറ്റിനു വെളിയിൽ ഇരുന്ന പാൽ കുപ്പി എടുത്തു തിരിയാൻ നേരം, ടീച്ചറുടെ കണ്ണുകൾ തൊട്ടപ്പുറത്ത് കിടക്കുന്ന കുഞ്ഞു നായക്കുട്ടിയിൽ ഉടക്കി, ഇതെങ്ങനെ ഇവിടെ വന്നു ? ടീച്ചർ സ്വയം ആരോടെന്നില്ലാതെ ചോദിച്ചു ?അതിന്റ അമ്മ കടിച്ചു കൊണ്ടുവന്നപ്പോൾ വീണതോ ? അതോ കൂട്ടം തെറ്റി വന്നതോ ? എന്തായാലും ജീവനുണ്ട്, അനക്കമുണ്ട്, ടീച്ചർ മനസ്സിൽ പറഞ്ഞു.. ടീച്ചർ പത്രം മറിച്ചു നോക്കികൊണ്ടിരുന്നു.. സ്ഥിരം കാണുന്ന നിരവധി വിഭവങ്ങൾ, പുതുമയുള്ളതോ, ജനങ്ങൾക്ക് ഉപകാരപ്രദമായതോ ഒന്നും തന്നെയില്ല. പലതും ചിന്തിച്ചു സമയം പോയതറിഞ്ഞില്ല, മുറ്റത്തെ ചെടികളെ നോക്കി നടന്നപ്പോൾ സമയം പോയതറിഞ്ഞില്ല, ഗേറ്റിനു വെളിയിൽ നിന്നും ഒരു ചെറു ശബ്ദം കേട്ടതുപോലെ തോന്നി, നേരത്തെ കണ്ട നായക്കുട്ടി അവിടെ തന്നെ ഉണ്ട് , തന്റെ അടഞ്ഞ കണ്ണുകൾ പാതി തുറന്ന് ടീച്ചറെ നോക്കി കൊണ്ടിരിക്കുന്നു, എവിടെയോ മറഞ്ഞ സൂര്യൻ, മൂടുപടം മാറ്റി, പതുക്കെ വരവറിയിച്ചുകൊണ്ടിരുന്നു, പരിസരമാകെ പ്രകാശപൂരിതമായി, നിമിഷങ്ങൾ കഴിയും തോറും ചൂടിന്റെ കാഠിന്യം കൂടിവരുന്നു, ടീച്ചർ ഒരു ചെറിയ പാത്രത്തിൽ അല്പം പാൽ കൊണ്ട് കൊടുത്തു, നിമിഷനേരം കൊണ്ട് അത്‌ കുടിച്ചു തീർത്തു.. വീണ്ടും പാത്രം നക്കി തുടച്ചുകൊണ്ടിരുന്നു. നിമിഷങ്ങൾ കഴിയും തോറും ചൂടിന്റെ ശക്തി ഏറികൊണ്ടിരുന്നു. ഗേറ്റിനു വെളിയിൽ ചാരി നിന്ന നായകുട്ടി, അവിടുന്ന് പോകാൻ കൂട്ടാക്കിയില്ല. ആരെങ്കിലും വന്ന് അതിനെ കൂട്ടി കൊണ്ടു പോകുമോ എന്ന് ടീച്ചർ നോക്കിനിന്നു... അതിന്റെ ദയനീയ നോട്ടം ടീച്ചറിന്റെ മനസ്സിനെ അലോസര പ്പെടുത്തി,

"എനിക്കാരുമില്ല "

" അമ്മ എന്നെ ഉപേക്ഷിച്ചു "

" ഞാൻ ഒറ്റക്കാണ് "

"എന്നെയും നിങ്ങളോടൊപ്പം കൂട്ടാമോ ? "

ടീച്ചർ അതിന്റ മനസ്സ്‌ വായിച്ചറിഞ്ഞു, വീണ്ടും അതിനെ സൂക്ഷ്മമായി ഒന്ന് കൂടി നോക്കി...

തീവ്രമായ നോട്ടം, കണ്ണുകളിലെ മനോഹരമായ തിളക്കം, കൂർത്ത ചെവികൾ, റോസ് നിറമുള്ള വായയും നാക്കും, വെളുത്ത പല്ലുകൾ.. ആകെ മൊത്തം ഒരാനച്ചന്തം തന്നെയുണ്ട്, അധികം വൈകാതെ ടീച്ചർ ആ കുഞ്ഞൻ അതിഥിയെ എടുത്തു പുറകിലെ തൊഴുത്തിനോട് ചേർന്നുള്ള വിറകു പുരയിൽ ഒരു ചാക്ക് വിരിച്ചു അതിൽ കിടത്തി. പെണ്ണാണ്, മക്കളില്ലാത്ത ടീച്ചർക്കും സാറിനും ആണും പെണ്ണും ഒരുപോലെ, വെയിലേറ്റ് തളർന്ന കുഞ്ഞൻ നായ്ക്കുട്ടി, ഉറക്കത്തിലേക്കു വഴുതി വീണു... ഇടക്ക് ടീച്ചർ വരുകയും നോക്കുകയും ചെയ്തു കൊണ്ടിരുന്നു.

ഏതാനും നാൾ മുൻപ് വീട്ടിലേക്കു കയറി വന്ന പൂച്ച കുഞ്ഞു " മണിയന് " ഇതത്ര പിടിച്ചില്ലെന്ന് തോന്നുന്നു, അതിന്റെ പ്രതിഷേധം അറിയിക്കുവാൻ തുടങ്ങി. ടീച്ചറുടെ നിരന്തരമായ സ്നേഹ പരിലാളനയിൽ ചെറിയ നായകുട്ടിക്ക് പുതു ജീവൻവച്ചു ചുരുങ്ങിയ ദിവസം കൊണ്ട്, ആളാകെ മാറിപ്പോയി. ചുറ്റു മതിലോടു കൂടിയ ടീച്ചറുടെ 10 സെന്റ് പുരയിടം അവളുടെ വിഹാര കേന്ദ്രമായി മാറി.
മക്കളില്ലാത്ത ടീച്ചർക്കും സാറിനും കുടുംബ സ്വത്തായി കിട്ടിയ കുറച്ചു സ്ഥലം അല്പം ദൂരെയാണ്, ചെറിയ കൃഷികൾ നടത്തി പ്പോന്നു. ഒടുവിൽ വരവും ചെലവും ഒത്തു നോക്കിയാൽ ഒന്നും തന്നെ ബാക്കിയില്ല "നഷ്ടക്കണക്കുകൾ " മാത്രം ബാക്കി. ദിവസങ്ങൾ കഴിയും തോറും കൂടുതൽ ഊർജ്ജസ്വലതയോടുകൂടി , മതിൽ കെട്ടിനുള്ളിൽ ഓടിയും ചാടിയും തന്റെ സ്നേഹ പ്രകടങ്ങൾ നടത്തി കൊണ്ടിരുന്നു. ടീച്ചർ ചെടികളേയും പൂക്കളെയും പരിചരിക്കുന്നതിനിടയിൽ, ഈ കുഞ്ഞൻ അഥിതി ഓരോരോ വികൃതി കാട്ടി കൊണ്ടിരുന്നു. കൂടുതൽ വികൃതി കാണിക്കുമ്പോൾ ടീച്ചർ അവളെ

" എടീ കേമി "

" എടീ കുസൃതി "

" എടീ കുശലാണ്ടി "

എന്നിങ്ങനെ വിളിച്ചു വഴക്ക് പറയുക അല്ലാതെ, ഒരിക്കൽ പോലും ദേഹോപദ്രഹം ഏൽപ്പിക്കാറില്ലായിരുന്നു .
സുന്ദരിയായ അവളെ ആഷ് ( ഐശര്യാറായിയുടെ ചുരുക്കപ്പേര് ) എന്നു പേരിട്ടു വിളിച്ചു, സ്നേഹം കൂടുമ്പോൾ ആഷ്‌മോളെ എന്നും, ചിലപ്പോൾ ആഷമ്മേ, എന്നും വിളിക്കുക പതിവായിരുന്നു. നല്ല ഭക്ഷണ രീതികൾ അവളുടെ വളർച്ചയെ എളുപ്പത്തിലാക്കി. ഇടവേളകളിൽ കൂടുതൽ സമയം അവളോടൊപ്പം ചെലവഴിച്ചു. ചിലപ്പോൾ മടിയിൽ കിടത്തിയും, തോളത്തിട്ടും അവളെ ഉറക്കുമായിരുന്നു. പ്രാഥമിക കാര്യങ്ങൾക്കുള്ള അടയാളങ്ങളും, സ്ഥലവും ഇതിനോടകം മനസ്സിലാക്കിയിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ ഈ കുഞ്ഞൻ അതിഥിയെ ക്കുറിച്ച്, ടീച്ചർ എല്ലാ സുഹൃത്തുക്കളോടും
വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. വളരെ അടുപ്പമുള്ള ചിലർ അവളെ കാണുവാൻ വേണ്ടി മാത്രം അവിടെ വന്നിരുന്നു. വളരെയേറെ കൂർമ ബുദ്ധിയുടെ ഉടമയായിരുന്നു ആഷമ്മ. ചിലപ്പോൾ പത്രം എടുത്തു കൊണ്ട് വരുവാനും, മറ്റു ചെറിയ സാധനങ്ങൾ എടുത്തു കൊണ്ട് വരുവാനും, ഇതിനോടകം ടീച്ചർ അവളെ പഠിപ്പിച്ചു. അപൂർവം ചിലപ്പോൾ പത്രം കടിച്ചു കീറുവാനും അവൾ മടിച്ചില്ല. ഇഗ്ലണ്ടിൽ നന്നായി ട്രെയിൻ ചെയ്ത നായകൾ, കുട്ടികളെ സ്കൂളിൽ കൊണ്ടാക്കുവാനും, കാഴ്‌ച ഇല്ലാത്തവരെ യാത്ര ചെയ്യാനും മറ്റും സഹായിക്കാറുണ്ടെന്നു, ഇഗ്ലണ്ടിലുള്ള ടീച്ചറുടെ ഇളയ സഹോദരൻ പറഞ്ഞത് ഓർമ്മിച്ചെടുത്തു. ടീച്ചറുടെയും സാറിന്റെയും ജീവിതത്തിലേക്കു, വിരുന്നു വരുവാൻ ഇനി ആരെല്ലാം കാത്തിരിക്കുന്നുവോ ആവോ ? എങ്കിലും അവരുടെ മനസ്സിന്റെ വാതായനം എന്നും തുറന്ന് വയ്ക്കാറുണ്ട്.

സാറിന്റെ അസുഖങ്ങൾ നാൾക്ക് നാൾ കൂടികൊണ്ടിരുന്നു, നാട്ടിലെ ചികിത്സകൾ അതിന്റ വഴിയേ നടത്തി.. ഒപ്പം ടീച്ചറിന്റ ഇഗ്ലണ്ടിലുള്ള സഹോദരന്റെ നിർദ്ദേശങ്ങളും നിർബന്ധങ്ങളും മൂലം.. വിദേശ ചികിത്സയെ കുറിച് ചർച്ച തുടങ്ങിയിട്ട് കുറച്ചു കാലമായി. ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല. “ക്യാൻസറിന്റെ ആദ്യ സ്റ്റേജ് ആണ്, ഇഗ്ലണ്ടിൽ നല്ല ചികിത്സ കിട്ടും” ഇളയ സഹോദരന്റെ സ്നേഹത്തോടെയുള്ള നിർദ്ദേശം. ഇനി വൈ കിച്ചു കൂടാ എന്നാണ് ഡോക്ടരുടെ വിദഗ്ദ-നിർദ്ദേശം, വേണമെങ്കിൽ നാട്ടിലും തുടരാം ചികിത്സ, എങ്കിലും ഇങ്ങനെ ഒരവസരം ഉള്ളപ്പോൾ... നിരന്തരമായ ചർച്ചകൾക്കും, കൂടിയാലോചനകൾക്കും ഒടുവിൽ ഉറച്ച തീരുമാനങ്ങളിലേക്ക് നീങ്ങി... അപ്പോഴും അവശേഷിക്കുന്ന ഒരു ചോദ്യം... ഇവിടെ ഉള്ള മിണ്ടാ പ്രാണികൾ...

ടീച്ചറുടെ ഹൃദയം തേങ്ങി... ഒരുപാട് കൂട്ടലും കിഴിക്കലും നടത്തി, ഒടുവിൽ ഇഗ്ലണ്ടിലേക്ക് പോകുവാൻ തന്നെ തീരുമാനിച്ചു... വിസക്കുള്ള നടപടിയിലേക്ക് തിരിഞ്ഞു. പോകുവാനുള്ള ദിവസങ്ങൾ അടുക്കും തോറും, ടീച്ചറുടെ മനസ്സിന്റെ വ്യാധിയും വർധിച്ചു... കറവവറ്റിയ അമ്മുവിനെ എന്തു ചെയ്യും ? മാളുവിനെ, ആഷമ്മയെ, മണിയനെ... ഓർക്കും തോറും ഹൃദയം തേങ്ങുന്നു...
രാവും പകലും അവരെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരുന്നു... ഒടുവിൽ ഒരു തീരുമാനം എടുത്തു..
ആടുമാട് കച്ചവടക്കാരൻ ഹൈദ്രോസിനെ വിളിച്ചു വരുത്തി വളരെ ചെറിയ ഒരു തുകക്ക് അമ്മുവിനെയും, മാളുവിനെയും അയാൾക്ക് കൊടുത്തു, കൊണ്ട് പോകുന്ന അന്ന് രണ്ട് പേർക്കും വയറു നിറച്ച് ആഹാരം കൊടുത്തു, അമ്മുവിനെ ഏറെനേരം കെട്ടിപ്പിടിച്ചു നിന്നു, ഒടുവിൽ അവർ വന്ന് കൊണ്ട് പോകുന്ന കാഴ്‌ച കാണാൻ കഴിയാതെ ടീച്ചർ അകത്തു കയറി വാതിലടച്ചു, ഹൃദയം വിങ്ങി പൊട്ടികൊണ്ടിരുന്നു. കോഴികളെ താഴെ താമസിക്കുന്ന നബീസുവിന് വെറുതെ കൊടുത്തു... അവർക്കു നേരത്തെ തന്നെ ടീച്ചറുടെ കോഴിയുടെമേൽ ഒരു നോട്ടമുണ്ടായിരുന്നു. ഇനി ഉള്ളത് ആഷമ്മയും മണിയനുമാണ്. പല രീതിയിലുള്ള അന്വേഷണങ്ങളും നടത്തി അവളെ നോക്കാൻ ആരെയും കിട്ടിയില്ല, അവളെ ആരും നോക്കിയില്ലെങ്കിലും അവൾ പോകില്ല, കാരണം വന്ന് കയറിയതാണ്, എങ്കിലും ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കണം... ആരും തയ്യാറല്ല, പല രീതിയിലുള്ള അന്വേഷനങ്ങൾക്കൊടുവിൽ സാറ് പഠിപ്പിച്ച ഒരു കുട്ടിയുടെ ബന്ധുവിനെ കിട്ടി പേര് "ജോമോൻ " , കാറ്ററിങ് കമ്പയിലാണ് ജോലി, ദിവസവേതനമാണ് വരുമാനം, അൽപ സ്വല്പ മദ്യപാനം ഒക്കെയുണ്ട്, എങ്കിലും കാര്യം നടക്കണം. കാറ്ററിങ് കമ്പനിയിൽ നിന്നും കൊണ്ടു വരുന്ന മിച്ചമുള്ള ഭക്ഷണം മതി, അതും ഒരു നേരം.

ജോമോന്റെ നിർദ്ദേശപ്രകാരം, വിറകു പുരയോട് ചേർന്നുള്ള സ്ഥലത്ത് ഒരു കമ്പിവല അല്പം ഉയരത്തിൽ, പുറകുവശം വലിയ മതിലാണ് അതുകൊണ്ട് അവിടം സുരക്ഷിതം, കമ്പി വലക്കു ചെറിയ ഒരു വാതിലും വച്ചു, ഭക്ഷണം കൊടുക്കാൻ വേണ്ടി മാത്രം, പുറകു വശം അല്പം വിശാലമാണ് നടക്കാനും ഓടാനുമുള്ള സ്ഥലമുണ്ട്... ജോമോൻ പറഞ്ഞതിലും കൂടുതൽ പണം ടീച്ചർ കരുതി വച്ചു, അഞ്ഞൂറ് രൂപയുടെ ചെറിയ ഒരു കെട്ട്തന്നെ കൊടുത്തു... ജോമോന്റെ കണ്ണ് തള്ളി.. കമ്പി വലയും പണിക്കൂലിയും കൂടാതെ അധികം രൂപ വേറെയും... മൂന്നു മാസത്തെ ആഷിന്റെ ഭക്ഷണം, നോട്ടം, അന്വേഷണം എല്ലാ കൂടിയ വലിയ പാക്കേജ്...
ഒന്ന് രണ്ട് ദിവസം ജോമോനെ കൊണ്ട് ആഷിന് ഭക്ഷണം കൊടുപ്പിച്ചു, അവർ തമ്മിൽ ഒരു സ്നേഹബന്ധം ഉണ്ടാക്കി എടുത്തു,ടീച്ചർ. ജോമോനെ പരിപൂർണമായി വിശ്വസിച്ചു, മൂന്നു മാസം കഴിഞ്ഞേ വരൂ...എല്ലാ നിർദ്ദേശങ്ങളും നൽകി , ഒടുവിൽ പോകേണ്ട ദിവസമായി....
ടീച്ചറും, സാറും യാത്രക്ക് തയ്യാറായി, ഉടുത്തൊരുങ്ങിയ ടീച്ചർ യാത്ര പറയുവാനായി ആഷിന്റ അടുത്തെത്തി, വേഷം മാറിയ ടീച്ചറെ കണ്ടതും, പതിവില്ലാതെ ശബ്ദത്തിൽ അവൾ കുരക്കാൻ തുടങ്ങി, ഈ സമയം മണിയൻ പൂച്ച പുറകിലെ മതിൽ തിട്ടയിൽ കയറി നോക്കി കൊണ്ടിരുന്നു, ഒന്നും മനസ്സിലാകാതെ...
ടീച്ചർ ഏറെ നേരം അവളെ ചേർത്ത് കെട്ടിപിടിച്ച് ഓരോന്നും പറഞ്ഞു അശ്വസിപ്പിച്ചു കൊണ്ടിരുന്നു , ഏറെ നേരം അത് തുടർന്നു. ഡ്രൈവർ രാമൻകുട്ടിയുടെ നീണ്ട ഹോൺ അടിയിൽ നിന്നുമാണ് ടീച്ചർ മോചിതയായത്. ഇതുവരെ കേൾക്കാത്ത വ്യത്യസ്ത ശബ്ദങ്ങൾ അവൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു. പതിവിലും വിപരീതമായി മെയിൻ ഗേറ്റ് പൂട്ടി, ഒരു താക്കോൽ ജോമോനെ ഏൽപ്പിച്ചു, കാർ ഗേറ്റ് കടന്ന് പ്രധാന പാതയിൽ എത്തിയിട്ടും ആഷമ്മയുടെ ശബ്ദം, ടീച്ചറുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു... കാറിന്റെ പുകിലെ സീറ്റിൽ ചാരി യിരുന്ന ടീച്ചർക്ക് സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോകുന്ന അവസ്ഥയായിരുന്നു.


ഇഗ്ലണ്ടിൽ എത്തിയ ടീച്ചർ, ഒന്ന് രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം, സാറിന്റെ ചികിത്സയിലും പരിചരണത്തിലും, മുഴുവൻ സമയവും സാറിനോടൊപ്പമായിരുന്നു. എങ്കിലും ആഷിനെപറ്റി ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. മെസ്സേജുകളും, ഫോട്ടോയും നിരന്തരം വന്ന് കൊണ്ടിരുന്നു, ഏകദേശം കുറച്ച് ആഴ്ചകൾ അത്‌ തുടർന്നു... പിന്നീട് മെസ്സേജിന്റെയും ഫോട്ടോയുടെയും എണ്ണം കുറഞ്ഞു വന്നു. ദിവസങ്ങൾ കഴിയും തോറും സാറിന്റെ ആരോഗ്യം പുരോഗമിച്ചു കൊണ്ടിരുന്നു, അതിനനുസരിച്ചു ശാരീരിക മാറ്റങ്ങളും... ഏവർക്കും ഏറെ സന്തോഷം നൽകി. ഏതാനും ആഴ്ച്ചകളായി ജോമോന്റെ യാതൊരു വിവരവും ഇല്ല, മെസ്സേജ്കൾ ഇല്ല, ഫോട്ടോകൾ ഇല്ല, ഫോൺ വിളിച്ചാൽ എടുക്കാറൂമില്ല. പുറത്തുനടക്കാൻ പോകുമ്പോഴെല്ലാം ചെറുതും വലുതുമായ നിരവധി നയ്ക്കുട്ടികളെ കാണുമ്പോൾ ആഷിനെ ഓർക്കും, അവക്കെല്ലാം ആഷിന്റെ മുഖമായിരുന്നു, ആഷിന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ഒരു മൊബൈൽ ഫോൺ വാങ്ങി കഴുത്തിൽ കെട്ടിയിടാമായിരുന്നു, ടീച്ചറുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു.
മദ്യപാനിയായ ജോമോൻ അവളെ നോക്കുന്നുണ്ടോ ? ഭക്ഷണം കൊടുക്കുന്നുണ്ടോ ? സംശയത്തിന്റെയും, വേവലാതിയുടെയും ഒരുപാട് ദിവസങ്ങൾ. ഒന്നാം നിലയിലെ ബാൽക്കണിയിൽ ഇരുന്നു കൊണ്ട് താഴെ വെള്ളക്കാർ നായ്ക്കളെ കൊണ്ട് പോകുന്ന കാഴ്ച കാണുമ്പോൾ ടീച്ചറുടെ ഹൃദയം നുറുങ്ങി.. ആഷിന്റെ ഓർമ്മകൾ മാത്രം.. ഒരു ദിവസം അടുത്ത വീട്ടിൽ താമസിക്കുന്ന ഒരു അരുമ പെറ്റിനെ കണ്ടപ്പോൾ അവരുടെ അനുവാദത്തോടെ എടുക്കുവാനും, താലോലിക്കുവാനും കഴിഞ്ഞു.

ആശുപത്രി നടപടികൾ ഏറെക്കുറെ പൂർത്തിയായി, മൂന്ന് മാസത്തിലേറെയായി ഇഗ്ലണ്ടിൽ എത്തിയിട്ട്.. ഇനി നാട്ടിലേക്കുള്ള യാത്ര സാറിന്നൊരു പുതിയ ജീവന്റെ ഉടമയായി... വിമാനം ഇറങ്ങി, കാറിലായി യാത്ര, യാത്രയിലുടനീളം ഒരേ ചിന്ത യായിരുന്നു, ആഷിന് എന്ത് പറ്റി ? ജോമോൻ എന്നെ ചതിക്കുകയായിരുന്നോ ? ഇനി അവൾ അവിടെ നിന്നും പോയോ ? നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ... ഗേറ്റിന്റ ലോക്ക് തുറന്ന് കാർ മുറ്റത്തേക്ക് പ്രവേശിച്ചു , അലങ്കോലപ്പെട്ടു കിടക്കുന്ന മുറ്റം, ചെടികൾ മിക്കതും കരിഞ്ഞു ഉണങ്ങിയിരിക്കുന്നു, പുറകിൽ ആഷിന്റ നേർത്ത ശബ്ദം.... നേരെ പുറകിൽ പോയി, മെലിഞ്ഞു അസ്ഥിരൂപം പ്രാപിച്ചിരിക്കുന്നു, കണ്ണുകളികെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു, കൂർത്ത ചെവികൾ അതേ പോലെ തന്നെ.. ദയനീമായ നോട്ടം... സന്തോഷം കൊണ്ട് അവൾ പല അപ ശബ്ദങ്ങളും പുറപ്പെടുവിച്ചു കൊണ്ടിരുന്നു, ടീച്ചറെ കണ്ടതും അവൾ ചാടി കയറി അവേശത്തിന് ഒരു കുറവും ഇല്ല, സന്തോഷത്തിന്റെ മൂർധ ന്യാവസ്ഥയിൽ, ടീച്ചർ വാനിറ്റി ബാഗ് തുറന്ന് ധാരാളം ബിസ്‌ക്കറ്റ് എടുത്ത് അവൾക്ക് കൊടുത്തു, പുറകിൽ മണിയന്റെ ശബ്ദം, പതുക്കെ അവനും വന്നു ചേർന്നു നിന്നു, ആഹാരം കിട്ടാതെ വിശന്നു വലഞ്ഞ വന്ന രണ്ട് ജീവികൾ, അഭയം തേടി വന്നവർക് അഭയം കൊടുത്തു , അതിനുള്ള നന്ദി.. ഒരിക്കലും പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. ടീച്ചർ ധൃതിയിൽ അടുക്കളയിൽ കയറി അവർക്കുള്ള ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി......

മിണ്ടാ പ്രാണിയുടെ സ്നേഹം മതിൽ കെട്ടിനുള്ളിൽ പെയിതിറങ്ങിയ നിമിഷങ്ങൾ. ആഷിന്റെ ആഹ്ളാദ പ്രകടനങ്ങൾക്ക് അതിരുകളില്ലായിരുന്നു. കുരച്ചും ഓളിയിട്ടും അപശബ്ദങ്ങൾ പുറപ്പെടുവിച്ചും, വീടും പരിസരമാകെയും പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. അപ്പോൾ അവിടെ നിറഞ്ഞു നിന്നിരുന്ന വഞ്ചനയുടെ ദുർഗന്ധം അലിഞ്ഞില്ലാതാവുന്നതായി ടീർച്ചർക്ക് തോന്നി. കണ്ണു തുടച്ച് ടീച്ചർ പുറത്തോട്ട് നോക്കി അപ്പോഴും ആഷമ്മ സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.