രക്ഷാ ദൗത്യത്തിലെ ആദ്യ വിമാനം തിരിച്ചു: 19 മലയാളികള്‍; രാത്രി പത്തോടെ മുംബൈയില്‍ എത്തും

രക്ഷാ ദൗത്യത്തിലെ ആദ്യ വിമാനം തിരിച്ചു: 19 മലയാളികള്‍; രാത്രി പത്തോടെ മുംബൈയില്‍ എത്തും

ബുച്ചറെസ്റ്റ്: ഉക്രെയ്‌നില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ളവരുമായുള്ള ആദ്യ വിമാനം മുംബൈ്ക്ക് തിരിച്ചു. 219 ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ 19 മലയാളികളുണ്ട്. രാത്രി പത്തോടെ വിമാനം മുംബൈയില്‍ എത്തും.

ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. അതേസമയം രക്ഷാ ദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു.

ഉക്രെയ്‌നില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉക്രെയ്‌നില്‍ നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക നേരത്തെ അറിയിച്ചിരുന്നു.

ഉക്രെയ്‌നില്‍ നിന്ന് മടങ്ങുന്ന മലയാളികള്‍ക്കായി കേരള ഹൗസില്‍ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ഡല്‍ഹി വിമാനത്താവളത്തില്‍ കേരള ഹൗസിന്റെ കേന്ദ്രം തുറക്കും. റൊമാനിയ വഴി മുംബൈയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കി.

മുംബൈയിലെത്തുന്ന മലയാളികള്‍ക്ക് മുംബൈ കേരളാ ഹൗസില്‍ താമസം, ഭക്ഷണം, കേരളാ ഹൗസ് വരെയുള്ള യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. നോര്‍ക്കയും ടൂറിസം വകുപ്പും ചേര്‍ന്നാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.