സംവരണേതര വിഭാഗങ്ങള്‍ക്ക് സാമ്പത്തികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ 10% സംവരണംത്തെകുറിച്ച് ഒരു വിചിന്തനം അത്യാവശ്യമാണ്. കാരണം അനാവശ്യമായതും നീതിരഹിതവുമായ വാദഗതികളാണ് പലരും മുന്നോട്ട് വക്കുന്നത്. സമകാലിക കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ ആത്മാർഥമായി വിലയിരുത്തിയാൽ സംവരണേതര വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ തികച്ചും പിന്നാക്കമാണെന്നു മനസിലാക്കാം. തൊഴിലില്ലായ്മ രൂക്ഷമാണ്. ദാരിദ്ര്യം, കടക്കെണി, വിവാഹം നടക്കാത്ത അവസ്ഥ, പ്രവാസിവത്കരണം, ജനസംഖ്യാ ശോഷണം, പ്രാതിനിധ്യക്കുറവ് തുടങ്ങിയ നിരവധി പ്രശ്നങ്ങളാൽ ഈ വിഭാഗം വീർപ്പുമുട്ടുകയാണ്. അർഹതയുണ്ടായിട്ടും അവഗണിക്കപ്പെടുന്നവന്‍റെ വേദന ജനാധിപത്യ ഭരണ സംവിധാനത്തിൽപോലും വിലമതിക്കപ്പെട്ടിരുന്നില്ല. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്കുന്നവരിൽ വലിയവിഭാഗം രണ്ടാംകിട പൗരന്മാരായിത്തീര്‍ന്നിരിക്കുന്നു. അത്തരം വിഭാഗം ഇവിടെ ഒന്നിച്ചു നിൽക്കാൻ തയാറാകണം. പാർശ്വവൽക്കരിക്കപ്പെട്ടവർ എന്ന ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ സാധ്യമാകുന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനമായിരിക്കും.
ഇ. ബ്ല്യു. എസ് വിഭാഗത്തിൽ സംവരണേതര വിഭാഗത്തിലെ ബ്രാഹ്മണ, നായർ തുടങ്ങിയ വിവിധ ഹിന്ദു വിഭാഗങ്ങളും സുറിയാനി ക്രിസ്ത്യാനികളും മാത്രമല്ല, ജാതി-മത രഹിതരും മാതാപിതാക്കൾ ആരെന്നറിയാത്ത അനാഥർ പോലും ഉൾപ്പെടുന്നുണ്ട്. ഭരണഘടനാപരമായി അനുവദിക്കപ്പെട്ട നീതി നടപ്പിലാക്കുന്നതിനെതിരെ സംഘടിച്ചിരിക്കുന്നവർ കേരളത്തിന്‍റെ മതേതര ജനാധിപത്യ പാരമ്പര്യത്തിനുനേരെയാണ് വെല്ലുവിളി ഉയർത്തുന്നത്. കേരളത്തില്‍ ഇപ്പോള്‍തന്നെ സംവരണേതര വിഭാഗം സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെല്ലാം പിന്തള്ളപ്പെട്ടിരിക്കുന്നു.
സംവരണേതര വിഭാഗങ്ങള്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ മുസ്ലിംലീഗ് മുന്നോട്ടുവന്നിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കേണ്ട ചുമതല ലീഗ് നേതൃത്വത്തിനാണ്. ന്യൂനപക്ഷാവകാശങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സംവരണാനുകൂല്യങ്ങള്‍കൂടി നല്‍കുന്നത് തടയണം. കാരണം ന്യൂനപക്ഷാവകാശങ്ങളോടൊപ്പം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണവും അനുഭവിക്കുന്നവരാണ് മുസ്ലിങ്ങള്‍. സംവരണം ഏര്‍പ്പെടുത്തിയത്, ജാതി വ്യത്യാസം മൂലം നൂറ്റാണ്ടുകളായി ചവിട്ടി താഴ്ത്തപ്പെട്ടിരുന്ന പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെ സമൂഹത്തിലെ ഇതര വിഭാഗങ്ങള്‍ക്കൊപ്പം എത്തിക്കാനുള്ള ഉപാധിയായിട്ടാണ്. മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ അത്തരത്തിലുള്ള അടിച്ചമര്‍ത്തലിന് വിധേയമായിട്ടില്ല. അവര്‍ക്ക് ന്യൂനപക്ഷാവകാശങ്ങള്‍ ആണ് ഭരണഘടനാ നിര്‍മാതാക്കള്‍ അനുവദിച്ചത്.
ന്യൂനപക്ഷാവകാശങ്ങളും സാമുദായിക സംവരണവും കൂടി ഒരു വിഭാഗത്തിന് നല്‍കുന്നതിനെ ഭരണഘടനാ നിര്‍മാതാക്കള്‍ അനുകൂലിച്ചിട്ടില്ല. രണ്ടവകാശങ്ങള്‍ ഒന്നിച്ചനുഭവിക്കുന്നത് നീതിയുമല്ല. പിന്നീട് സാമുദായിക സംവരണത്തില്‍ വെള്ളം ചേര്‍ത്ത് അതില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തുകയാണുണ്ടായത് എന്ന യാഥാർത്ഥ്യം ആരും മറന്നു പോകരുത്. പിന്നാക്ക വിഭാഗങ്ങള്‍ക്കായി മാറ്റിവച്ചിരുന്ന സംവരണ ആനുകൂല്യം അവരില്‍നിന്നും മുസ്ലിം വിഭാഗങ്ങൾക്കുവേണ്ടി തട്ടിയെടുക്കുകയാണുണ്ടായത്. അങ്ങനെയാണ് മുസ്ലിങ്ങള്‍ രണ്ട് ആനുകൂല്യങ്ങള്‍ അനർഹമായി പറ്റുന്ന വിഭാഗമായി മാറിയത്. സംവരണം അനുഭവിക്കുന്ന വിഭാഗങ്ങള്‍ പ്രത്യേക മതത്തില്‍പ്പെടുന്നവരല്ല. മറിച്ച് ഹിന്ദുക്കളിലെ ചില വിഭാഗങ്ങളില്‍ മാത്രമാണ് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം. മുസ്ലിങ്ങള്‍ക്ക് നല്‍കിയ പിന്നാക്ക സംവരണം ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള അവകാശത്തില്‍ നിന്നാണ്. മുസ്ലിങ്ങള്‍ ഈ പിന്നോക്ക സംവരണ ലിസ്റ്റില്‍ നിന്ന് പുറത്തുപോകുന്നതോടെ ഇന്നുള്ള തര്‍ക്കത്തിന് പരിഹാരമാകും.
പിന്നാക്കജാതി സംവരണത്തില്‍ ഭൂരിഭാഗവും ഈഴവ സമുദായത്തിനാണ് ലഭിക്കുന്നതെന്നും, ജനസംഖ്യയില്‍ ഈഴവരേക്കാള്‍ കൂടുതലുള്ള മുസ്ലിങ്ങള്‍ക്ക് സംവരണാനുകൂല്യം കുറവാണ് ലഭിക്കുന്നതെന്നും പറഞ്ഞ് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട് എന്നത് ഇതിന്റെ മറ്റൊരു വിരോധഭാസമാണ്. ഇതുതന്നെ പിന്നാക്ക ജാതിക്കാരുടെ സംവരണം ആരാണ് തട്ടിയെടുക്കുന്നതെന്ന് വ്യക്തമാക്കുന്നു. ഈഴവര്‍ ഹിന്ദുക്കളിലെ ജാതിയാണ്, മുസ്ലിം ഒരു മതവും. ജാതി സംവരണം മതവിഭാഗത്തിന് കൊടുക്കുന്നത് അനീതിയാണ്. ഹിന്ദുക്കളില്‍ പിന്നാക്ക വിഭാഗത്തിനു മാത്രം സംവരണം ലഭിക്കുന്നു. എന്നാൽ മുസ്ലിങ്ങള്‍ക്ക് മുഴുവനും സംവരണമുണ്ട്. മതാടിസ്ഥാനത്തില്‍ സംവരണം ഇല്ലാത്തതിനാല്‍ നിയമപരമായി പറഞ്ഞാൽ മുസ്ലിങ്ങളെ സംവരണ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. രണ്ടാനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിനു നല്‍കരുത്. അതുകൊണ്ട് റദ്ദാക്കേണ്ടത് സംവരണേതര വിഭാഗ സംവരണമല്ല. ഇരട്ടസംവരണമാണ്. സംവരണേതര വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതുകൊണ്ട് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദോഷമുണ്ടാകരുത് എന്നത് ശരിയാണ്. പക്ഷേ അതിന് ഒഴിവാക്കേണ്ടത് ജാതീയമായി പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ നിന്നും വിഹിതം പറ്റുന്ന മുസ്ലിങ്ങളെയാണ്. ന്യൂനപക്ഷാവകാശങ്ങളില്‍ 80 ശതമാനത്തിലതികം മുസ്ലിം വിഭാഗത്തിനാണ് ലഭിക്കുന്നത് എന്ന യാഥാർത്ഥ്യവും കണക്കുകൾ വ്യക്തമാക്കുന്നു.
സാമൂഹ്യനീതിയുടെ പുതിയ വഴി
103 ാം ഭരണഘടനാ ഭേദഗതിയിലൂടെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസരംഗത്തും സർക്കാർ ജോലികളിലും പത്തു ശതമാനം സംവരണം (ഇഡബ്ല്യുഎസ്) ഇപ്പോഴത്തെ കേന്ദ്രസർക്കാരിൻറെ വിശാലമായ കാഴ്ചപ്പാട് വഴി അനുവദിക്കപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള സംവരണ വിഭാഗങ്ങൾക്ക് യാതൊരു കുറവും വരുത്താതെയാണ് ഇഡബ്ല്യുഎസ് പ്രാവർത്തികമാക്കിയത്. എന്നിട്ടും ഈ സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇഡബ്ള്യുഎസ് സർട്ടിഫിക്കറ്റിനുള്ള മാനദണ്ഡങ്ങളുടെ പരിധി സംസ്ഥാന സർക്കാർ വളരെ താഴ്ത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന പ്ലാനിംഗ് ബോർഡിന്‍റെ വിവരശേഖരണത്തിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽത്തന്നെ കേരളത്തിൽ കൃഷിക്കാർക്ക് ഒരേക്കറിൽനിന്ന് 50,000 രൂപ പോലും വരുമാനം ഇല്ലാതിരിക്കെ, ഭൂപരിധി 2.5 ഏക്കർ ആയി നിശ്ചയിച്ചു. കേരളത്തിലെ സാഹചര്യത്തിൽ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ലാതിരിക്കുകയും ഭൂവിനിയോഗ രീതിയുടെ കാര്യത്തിൽ വേർതിരിവുകൾ ഇല്ലാതിരിക്കുകയും ചെയ്തിട്ടും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഹൗസ് പ്ലോട്ട്- കൃഷിഭൂമി എന്ന വേർതിരിവ് കൊണ്ടുവന്നു. ഇതെല്ലാം അർഹരായ അനേകർക്കു തിരിച്ചടിയായിട്ടുണ്ട്.
പിഎസ്‌സിക്കു പിന്നിലെ ലോബി
സംസ്ഥാനത്തെ പിഎസ്‌സി നിയമനങ്ങളിൽ പത്ത് ശതമാനം ഇഡബ്ള്യുഎസ് മുൻകാലപ്രാബല്യത്തോടെ യാഥാർഥ്യമാകേണ്ടതുണ്ട്. എന്നാൽ ഇതിനെതിരെ സംഘടിതമായ ഗൂഢ നീക്കങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതായി മനസിലാക്കുന്നു. കേന്ദ്ര സർക്കാർ നിയമപ്രകാരം എസ്‌സി-എസ് ടി സംവരണം 22.5 ശതമാനവും ഒബിസി സംവരണം 27 ശതമാനവും ആയിരിക്കെ കേരളത്തിൽ എസ്‌സി-എസ് ടി സംവരണം പത്ത് ശതമാനവും ഒബിസി സംവരണം 40 ശതമാനവുമാണ്. ഇവിടെ യഥാർഥ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ കവർന്നെടുക്കപ്പെട്ടിരിക്കുന്നു.
നോൺ-ക്രീമിലെയർ പരിധി എട്ടു ലക്ഷം
ഒബിസി സംവരണത്തിന് നോൺ ക്രീമിലെയർ വരുമാനപരിധി എട്ട് ലക്ഷം രൂപയാണെങ്കിലും എൻട്രി കേഡറിൽ തന്നെ ക്ലാസ് വൺ ജീവനക്കാരായി സർവീസിൽ പ്രവേശിച്ചവർ ഒഴികെയുള്ളവരുടെ ശമ്പളം ക്രീമിലെയർ കണക്കാക്കുന്നതിന് പരിഗണിക്കില്ലാത്തതിനാൽ വളരെയധികം ഉയർന്ന വരുമാനവും ആസ്തികളും ഉള്ളവർക്കും ഒബിസി സംവരണം ലഭ്യമാകും.
സംവരണം കൈയടക്കിയവർ
കേരളത്തിലെ സർക്കാർ ജോലികളിലെ 50 ശതമാനം ജാതി സംവരണത്തിൽ 40 ശതമാനവും ഒബിസി വിഭാഗങ്ങൾക്ക് മാത്രമായി ലഭിക്കുന്നതിന് ജനസംഖ്യാനുപാതികമായി എന്ത് അർഹതയാണ് ഉള്ളത്? ഏതെങ്കിലും കാലഘട്ടത്തിൽ കേരളത്തിലെ ഒബിസി ജനസംഖ്യ 80 ശതമാനമായി ഉയർന്നിട്ടുണ്ടോ? ജനസംഖ്യ ഉയരുന്നതനുസരിച്ച് സംവരണാനുപാതം ഉയർത്തി നിശ്ചയിക്കുന്നതിനുള്ള ചരടുവലികൾ നടത്തുന്നത് സർക്കാരിന്റെ കുടുംബക്ഷേമ പ്രവർത്തനങ്ങളുമായി സഹകരിച്ച ചെറിയ സമുദായങ്ങൾക്കുമേലുള്ള കടന്നു കയറ്റമല്ലേ? ദുർബലരായ അവരുടെ പ്രാതിനിധ്യം അതുവഴി നഷ്ടപ്പെടുകയല്ലേ? എന്നാൽ സംവരണേതര വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതം അവർക്ക് അനുവദിക്കപ്പെട്ട 10 ശതമാനം സംവരണത്തിന് ആവശ്യമായ 20 ശതമാനത്തേക്കാൾ അധികമായി 30 ശതമാനത്തോളമാണ് എന്നുകൂടി അറിയണം.
കേന്ദ്രസർക്കാർ രാജ്യത്തെ എല്ലാ ഇതര പിന്നാക്കവിഭാഗങ്ങൾക്കും പൊതുവായി അനുവദിച്ചിരിക്കുന്ന ഒബിസി സംവരണം കേരളത്തിൽ വിവിധ സമുദായങ്ങൾ വീതംവച്ച് ശക്തരായവർ വലിയ പങ്ക് കൈയടക്കുകയും പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെയുള്ള യഥാർഥ പിന്നാക്ക വിഭാഗങ്ങൾക്ക് പേരിന് ഒരു ശതമാനം വീതം സംവരണം നൽകി കടമ കഴിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇതിന്‍റെ കൃത്യമായ ഉദാഹരണമാണ് ഒരു ശക്തമായ സമുദായത്തിന് 14 ശതമാനം, ഒരു മുഴുവൻ മതവിഭാഗത്തിന് 12 ശതമാനം എന്നിങ്ങനെ സംവരണം അനുവദിച്ചപ്പോൾ 77 പിന്നോക്ക ഹിന്ദു വിഭാഗങ്ങൾക്ക് (ഒബിഎച്ച് -ഒബിസി ) ആകെക്കൂടി മൂന്നു ശതമാനം മാത്രം സംവരണം അനുവദിച്ചിരിക്കുന്നത്.
ഏതെങ്കിലുമൊരു മതത്തിന് പൂർണമായും സംവരണം അനുവദിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമായ തുല്യതയ്ക്ക് എതിരും മറ്റ് മതങ്ങളുടെ നിലനിൽപ്പിനെ ബാധിക്കത്തക്ക അനീതിയും (കാരണം ജാതിയിലേക്കു പരിവർത്തനം സാധ്യമല്ല, എന്നാൽ മതത്തിലേക്കു പരിവർത്തനം സാധ്യമാണ്) മതേതരവിരുദ്ധവും ആയിരിക്കെ കേരളത്തിൽ മാത്രമായി എങ്ങിനെയാണ് ഒരു പ്രത്യേക മതത്തിന്, പൂർണമായും ഒബിസി സംവരണം ലഭിച്ചത്? യഥാർഥത്തിൽ ആ മതത്തിലെ പിന്നാക്കാവസ്ഥയുണ്ടായിരുന്ന ഒരു പ്രാദേശികവിഭാഗത്തിന് അനുവദിച്ച സംവരണം സംഘടിത മത രാഷ്‌ട്രീയ ശക്തി ഉപയോഗിച്ച് ആ മതക്കാർ പൂർണമായും കൈയേറുകയും കാലക്രമത്തിൽ അതിന്‍റെ തോത് വർധിപ്പിക്കുകയുമല്ലേ ചെയ്തത് ? മറ്റൊരു സംസ്ഥാനത്തും ഈ അനീതി നടപ്പിലാക്കിയിട്ടില്ല എന്ന യാഥാർഥ്യം നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്.
ഭരണഘടനാശില്പികളുടെ ദീർഘവീക്ഷണം
മതേതര രാജ്യമായ ഇന്ത്യയിൽ മതത്തിന്‍റെ പേരിൽ ഒരു വേർതിരിവ് ഉണ്ടാകരുത് എന്ന ഭരണഘടനാശില്പികളുടെ ദീർഘവീക്ഷണത്തിന്‍റെ ഫലമായിട്ടാകണം മതത്തിന്‍റെ പേരിൽ മാത്രമായി, ജോലി -പഠന മേഖലകളിൽ ഒരു സംവരണം ഭരണഘടന നല്കാതിരുന്നത്. അതേസമയം, പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്കായി പ്രത്യേക സംവരണം ഏർപ്പെടുത്തുകയും ചെയ്തു.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്
സംവരണത്തിന്‍റെ രംഗത്തു പിന്നീടു കാര്യമായ ഒരു മാറ്റത്തിന് ഇടയാക്കിയതു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ആണ്. സാമൂഹ്യപരവും വിദ്യാഭ്യാസപരവുമായി പിന്നിലായിരുന്ന സമൂഹങ്ങളെക്കുറിച്ചു പഠിക്കാൻ ദേശീയ കമ്മീഷൻ 1979ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി പാർലമെന്‍റേറിയൻ ആയിരുന്ന ബി.പി. മണ്ഡലിന്‍റെ മേൽനോട്ടത്തിൽ നിയമിച്ചു. ആ കമ്മീഷന്‍റെ പഠനം അനുസരിച്ച് എസ്‌സി, എസ്ടി എന്നിവയ്ക്കു പുറമെ ഒബിസി (Other Backward Caste) എന്നൊരു വിഭാഗംകൂടി സംവരണത്തിൽ ഉൾപ്പെടുത്താം എന്നു ശിപാർശ വന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് എസ്‌സി, എസ്ടി എന്നിവയ്ക്കു പുറമെ രാജ്യത്തെ ഏകദേശം 52 ശതമാനം ജനങ്ങൾകൂടി സംവരണത്തിന് അർഹരാണ് എന്നു പ്രസ്താവിച്ചു.
എന്നാൽ, ദേശവ്യാപകമായ എതിർപ്പിനെതുടർന്ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നിർദേശങ്ങൾ നടപ്പിലാക്കാൻ സാധിച്ചില്ല. മാത്രമല്ല ആകെയുള്ള സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്ന സുപ്രീംകോടതി വിധിയും ഈ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനു കാലതാമസം വരുത്തി. ഒടുവിൽ 1993ൽ ദേശീയതലത്തിൽ ഒബിസിക്കാർക്കായി 27 ശതമാനം സംവരണം നിലവിൽ വന്നു. അങ്ങനെ പട്ടികജാതി (15ശതമാനം) പട്ടികവർഗം (7.5 ശതമാനം) ഒപ്പം ഒബിസി (27ശതമാനം) അടക്കം 49.5 ശതമാനമായി മാറി ദേശീയതലത്തിൽ സംവരണത്തിന്‍റെ നിലവാരം.
സംവരണത്തിലെ സംവരണവും കേരളത്തിന്റെ നിഗൂഢതയും
എന്നാൽ കേരളത്തിൽ ഒബിസി റിസർവേഷൻ 40 ശതമാനമാണ്. ഇതിൽ നല്ല ഒരു ഭാഗവും ഒരു പ്രത്യേക മതവിഭാഗത്തിനാണു ലഭിക്കുന്നതും. 1993ൽ നടപ്പിലാക്കിയ ഒബിസി സംവരണത്തിനുശേഷം സംവരണത്തിന്‍റെ കാര്യത്തിൽ ഉണ്ടായ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് 2019 ജനുവരിയിൽ ഭരണഘടന 103 വകുപ്പ് ഭേദഗതിപ്രകാരം സംവരണ രഹിത വിഭാഗങ്ങളിൽ (General Category) സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഏർപ്പെടുത്തിയ 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം. കേരള സർക്കാർ 2020 ജനുവരി മൂന്നിനു പുതിയ സാന്പത്തിക സംവരണത്തിന്‍റെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം നോക്കുന്പോൾ ഏകദേശം എല്ലാ മുസ്‌ലിംകളും 73 ശതമാനത്തോളം ഹിന്ദുക്കളും നിബന്ധനയനുസരിച്ച് സംവരണത്തിന് യോഗ്യരാണ്. എന്നാൽ ക്രൈസ്തവരിൽ 24 ശതമാനത്തിനു മാത്രമാണ് സംവരണത്തിന് അർഹതയുള്ളത്. അതുകൊണ്ട് ഈ സംവരണ ആനുകൂല്യം കൂടുതൽ ഉപയോഗപ്രദമാകുന്ന വിഭാഗങ്ങളിൽ ഒന്ന് ക്രൈസ്തവരാണ്. പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികൾ. എന്നാൽ, നിർഭാഗ്യവശാൽ തങ്ങൾക്ക് അനുവദിച്ചുകിട്ടിയിരിക്കുന്ന ഈ അവകാശത്തെക്കുറിച്ച് അവരിൽ ബഹുഭൂരിപക്ഷവും അവബോധമുള്ളവരല്ല എന്നതാണ് യാഥാർഥ്യം.
സംവരണേതര വിഭാഗത്തിനുള്ള സംവരണത്തിന്റെ കാലിക പ്രസക്തി
ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇന്നു ജാതിവ്യവസ്ഥയേക്കാൾ ദുഷ്കരമായിരിക്കുന്നതു സാന്പത്തിക രംഗത്തെ ഉച്ചനീചത്വങ്ങളാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഓരോ നാളിലും കൂടിക്കൂടിവരുന്നു. ഈ സാഹചര്യത്തിൽ ദരിദ്രന്‍റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ഇത്തരത്തിലുള്ള സാന്പത്തിക സംവരണത്തിന് ഏറെ പ്രസക്തിയുണ്ട്.
1993ൽ ഒബിസി സംവരണം അനുവദിച്ച കോടതിവിധിയിലെ നിരീക്ഷണം ശ്രദ്ധേയമാണ്. ഒരു വ്യക്തിയുടെ കഴിവും( Merit) തുല്യതയും(Equality) ഒരുപോലെ നിശ്ചയിക്കുക എളുപ്പമല്ല. ഉദാഹരണത്തിന് ഒരേ ബുദ്ധിയുള്ള രണ്ടു വ്യക്തികൾ ഒരാൾ ഉയർന്ന ജാതിയിലും മറ്റേയാൾ താഴ്ന്ന ജാതിയിലും ഉണ്ടെന്നിരിക്കട്ടെ. ഉയർന്ന ജാതിയിലുള്ള ഒരാൾക്കു താഴ്ന്ന ജാതിയിലുള്ള ഒരാൾക്കു കിട്ടുന്നതിനെക്കാൾ അവസരങ്ങൾ കൂടുതലുണ്ട് എന്നതിനാൽ അവരെ തുല്യരായി പരിഗണിക്കുക നീതിയല്ല. മറിച്ചു താഴ്ന്ന ജാതിയിൽപ്പെട്ടവനെ തുല്യതയിലേക്ക് ഉയർത്തുന്നതിനുള്ള ഒരു മാർഗമായി സംവരണത്തെ കാണേണ്ടതുണ്ട്.
ഈ അർഥത്തിൽ ചിന്തിക്കുന്പോൾ സാന്പത്തികമായി മുന്നോക്കംനിൽക്കുന്നവർക്കു പിന്നാക്കം നിൽക്കുന്നവരെക്കാൾ അവസരം കൂടുതലുണ്ട്. അതിനാൽ ഇപ്പോൾ നിലവിൽ വന്ന 10 ശതമാനം സംവരണത്തിലൂടെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉയർത്താനാണു ശ്രമിക്കുന്നത്. മാത്രമല്ല ഉയർന്ന ജാതിയിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ധാരാളം പേർ ഉണ്ടുതാനും. അതുപോലെ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങളിൽ സാന്പത്തികമായി ഉയർന്നവരും ഉണ്ട്. ഇഡബ്ല്യുഎസ് സംവരണം നിലവിൽ സംവരണമുള്ള വിഭാഗക്കാരുടെ അവസരങ്ങളെ ഒരു വിധത്തിലും നഷ്ടപ്പെടുത്തുന്നുമില്ല.
സാമൂഹ്യമായും വിദ്യാഭ്യാസപരമായും താഴ്ന്നുകിടക്കുന്നവർ എന്നു കരുതിയ സമുദായങ്ങളെക്കുറിച്ചു പഠിക്കാൻ നിശ്ചയിച്ച കമ്മീഷൻ റിപ്പോർട്ടിന്‍റെ വെളിച്ചത്തിലാണ് ഒബിസി സംവരണം കൊണ്ടുവന്നത്. എന്നു കരുതി ആജീവനാന്തം ആ സംവരണത്തിന് ഇത്തരം വിഭാഗത്തിൽപ്പെട്ടവർ അർഹരാണ് എന്നു കരുതുന്നതിൽ അർഥമില്ല. മറിച്ച് ഭരണഘടന ലക്ഷ്യംവയ്ക്കുന്ന ഉന്നതിയിലേക്ക് അവരെ എത്തിക്കുന്നതിലേക്കുള്ള ഒരു മാർഗം മാത്രമാണ് സംവരണം. അതുകൊണ്ട് ഇഡബ്ല്യുഎസ് സംവരണത്തിനെതിരെ പ്രീണനനയം സ്വീകരിക്കുന്ന ജനപ്രതിനിധികളും വ്യാജ പ്രചരണങ്ങളെ ഏറ്റു പിടിക്കുന്ന സമുദായനേതാക്കളും യാഥാർഥ്യം മനസിലാക്കുകയാണ് വേണ്ടത്.
എഴുതിയത്: ഡോ. ചാക്കോ കാളാംപറമ്പില്‍ (സീറോ മലബാര്‍ സഭാ വക്താവ്)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.