ഹിജാബ് നിരോധനം; ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് പരീക്ഷകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍

ഹിജാബ് നിരോധനം; ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് പരീക്ഷകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍

ബംഗളൂരു: ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് പരീക്ഷകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍. കര്‍ണാടക യാദ്ഗിറിലെ കെംബാവി സര്‍ക്കാര്‍ പിയു കോളേജിലെ 35 വിദ്യാര്‍ത്ഥിനികളാണ് പരീക്ഷകള്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. ഇവരെക്കൂടാതെ വിധിക്കെതിരെ ചെന്നൈയിലെ ന്യു കോളേജ് വിദ്യാര്‍ത്ഥിനികളും വിഷയത്തില്‍ പ്രതിഷേധിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. വിധിയ്ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

നിര്‍ബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിര്‍ക്കാനാകില്ലെന്നുമാണ് കോടതി വിലയിരുത്തിയത്. ഹിജാബ് നിരോധനം മതാചാരത്തിന്റെ ഭാഗമാണെന്നോ ഭരണഘടന ഉറപ്പ് നല്‍കുന്ന സംരക്ഷണത്തിന്റെ ലംഘനമാണെന്നോ കോടതിയ്ക്ക് ഇപ്പോള്‍ വിലയിരുത്താന്‍ കഴിയുന്നില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടി കാണിച്ച് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. കേസില്‍ വിവിധ സംഘടനകളും കക്ഷി ചേര്‍ന്നിരുന്നു. ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉഡുപ്പി പിയു കോളജില്‍ നിന്ന് പുറത്താക്കിയ ആറു വിദ്യാര്‍ത്ഥിനികളാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.