' വഴക്ക് വ്യാപിക്കേണ്ട ബഹിരാകാശത്ത് '; യു. എസ് യാത്രികന്‍ റഷ്യക്കാരോടൊപ്പം സോയൂസില്‍ മടങ്ങി വരുമെന്ന് നാസ

' വഴക്ക് വ്യാപിക്കേണ്ട ബഹിരാകാശത്ത് ';  യു. എസ് യാത്രികന്‍ റഷ്യക്കാരോടൊപ്പം സോയൂസില്‍ മടങ്ങി വരുമെന്ന് നാസ


കേപ് കാനവറല്‍: ഉക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കുമിടയില്‍ സംഘര്‍ഷ സാഹചര്യമാണുള്ളതെങ്കിലും ബഹിരാകാശത്ത് ഒരു വര്‍ഷത്തെ വാസത്തിനു ശേഷം യു. എസ് ബഹിരാകാശ സഞ്ചാരി മാര്‍ക്ക് വാന്‍ഡേ ഹെയ് തിരിച്ചുപോരുന്നത് റഷ്യന്‍ ബഹിരാകാശ പേടകത്തില്‍ തന്നെ. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് വസിച്ച അമേരിക്കക്കാരന്‍ എന്ന സ്‌കോട്ട് കെല്ലിയുടെ 340 ദിവസത്തെ റെക്കോര്‍ഡ് കഴിഞ്ഞയാഴ്ച തകര്‍ത്ത ഹെയ്, സോയൂസ് ക്യാപ്സ്യൂളില്‍ രണ്ട് റഷ്യക്കാരുമായി മാര്‍ച്ച് 30 ന് കസാക്കിസ്ഥാനില്‍ വന്നിറങ്ങും.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും അമേരിക്കയുടെ നാസയുമായുള്ള വാക്‌പോര് ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് മുറുകിയതോടെ രണ്ട് ഏജന്‍സികളും സഹകരിച്ചുള്ള പല ദൗത്യങ്ങളും ഉപേക്ഷിക്കപ്പെട്ടിരുന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും ആശങ്കകള്‍ ഉയര്‍ന്നു.ഇതിനിടെയാണ് മാര്‍ക്ക് വാന്‍ഡേ ഹെയുടെ മടക്ക പദ്ധതി മാറ്റമില്ലാതെ തുടരണമെന്ന് നാസ നിലപാടെടുത്തത്.

സോയൂസ് ക്യാപ്സ്യൂളില്‍ രണ്ട് റഷ്യക്കാരുമൊത്ത് മാര്‍ച്ച് 30 ന് കസാക്കിസ്ഥാനില്‍ വന്നിറങ്ങുമ്പോഴേക്കും 355 ദിവസം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ പുതിയ യു.എസ് റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കും വാന്‍ഡേ ഹെയ്.ബഹിരാകാശത്ത് തുടര്‍ച്ചയായി 438 ദിവസങ്ങള്‍ കഴിഞ്ഞതിന്റെ ലോക റെക്കോര്‍ഡ് റഷ്യന്‍ യാത്രികന്റേതാണ്.ഹെയെ ഹൂസ്റ്റണിലേക്ക് തിരികെ കൊണ്ടുവരാന്‍ നാസയുടെ ഒരു വിമാനവും ചെറിയ ടീമും പതിവുപോലെ കസാക്കിസ്ഥാനില്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.

റെക്കോര്‍ഡ് നേടി വിരമിച്ച നാസ ബഹിരാകാശയാത്രികന്‍ സ്‌കോട്ട് കെല്ലി വ്ളാഡിമിര്‍ പുടിന്റെ ദീര്‍ഘകാല സുഹൃത്തായ റോസ്‌കോസ്‌മോസ് മേധാവി റോഗോസിനുമായുള്ള കലഹം പരസ്യമാക്കിയതിനു പിന്നാലെയാണ് വാന്‍ഡേ ഹെയുടെ മടക്ക യാത്രാ പദ്ധതിയുമായി നാസ മുന്നോട്ടുപോകുന്നത്.തങ്ങള്‍ നിസ്സഹകരിച്ചാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഏതെങ്കിലും ജനവാസ കേന്ദ്രത്തില്‍ പതിച്ചേക്കാമെന്ന ഭീഷണിയും മുഴക്കിയിരുന്നു റോസ്‌കോസ്‌മോസ് മേധാവി.ഉക്രെയ്‌നില്‍ നടക്കുന്ന കാര്യങ്ങളില്‍ പ്രകോപിതനായ കെല്ലി, ബഹിരാകാശ പര്യവേഷണത്തിന്റെ പേരില്‍ റഷ്യ തനിക്കു നല്‍കിയ മെഡല്‍ വാഷിംഗ്ടണിലെ റഷ്യന്‍ എംബസിക്ക് തിരികെ നല്‍കി.ഇതൊക്കെയാണെങ്കിലും ബഹിരാകാശത്ത് സംയുക്ത ദൗത്യങ്ങള്‍ വേണമെന്ന പക്ഷക്കാരനാണ് കെല്ലി.

'ചരിത്രപരമായി ഏറ്റവും സൗഹാര്‍ദ്ദപരമായി നിലകൊള്ളാത്ത രണ്ട് രാജ്യങ്ങള്‍ക്ക് ഇപ്പോഴും എവിടെയെങ്കിലും സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന് ഒരു ഉദാഹരണം ആവശ്യമാണ്. അതിന് അനുയോജ്യം അന്താരാഷ്ട്ര ബഹിരാകാശ നിലയമാണ്. അതുകൊണ്ടാണ് അത് നിലനിര്‍ത്താന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ടത്,'- അസോസിയേറ്റഡ് പ്രസ്സിനോട് കെല്ലി പറഞ്ഞു. യൂറോപ്യന്‍, ജാപ്പനീസ്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സികളുടെ അഭിപ്രായത്തോടു ചേര്‍ന്ന് 2030 വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തിപ്പിക്കാന്‍ നാസ ആഗ്രഹിക്കുന്നു.അതേസമയം 2024-നപ്പുറം പോകാന്‍ റഷ്യക്കു നേരത്തെ തന്നെ താല്‍പ്പര്യമില്ല. 21 വര്‍ഷമായി സജീവമായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രധാന ഓപ്പറേറ്റര്‍മാര്‍ യു.എസും റഷ്യയുമാണ്.


2020-ല്‍ സ്പേസ് എക്സ് ബഹിരാകാശയാത്രികരെ കൊണ്ടുപോകാന്‍ തുടങ്ങുന്നതുവരെ, അമേരിക്കക്കാര്‍ പതിവായി റഷ്യന്‍ സോയൂസ് കാപ്സ്യൂളുകളില്‍ ഓരോ സീറ്റിനും ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയ യാത്ര നടത്തിയിരുന്നത്. യുഎസ്, റഷ്യന്‍ ബഹിരാകാശ ഏജന്‍സികള്‍ ഇപ്പോഴും ഒരു ദീര്‍ഘകാല 'ബാര്‍ട്ടര്‍' സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു, സ്‌പേസ് എക്‌സ് ക്യാപ്‌സ്യൂളും സോയൂസും ഉപയോഗപ്പെടുത്തി.

റിട്ടയേര്‍ഡ് ആര്‍മി കേണലായ 55 കാരന്‍ വാന്‍ഡേ ഹെയ് കഴിഞ്ഞ ഏപ്രിലില്‍ ബഹിരാകാശ നിലയത്തിലേക്ക് പോയത് കസാക്കിസ്ഥാനില്‍ നിന്ന് പ്യോട്ടര്‍ ഡുബ്രോവിനും മറ്റൊരു റഷ്യക്കാരനുമൊത്ത് സോയൂസില്‍ ആയിരുന്നു. ഒക്ടോബറില്‍ സിനിമാ നിര്‍മ്മാണത്തിനായി ബഹിരാകാശ നിലയം സന്ദര്‍ശിച്ച റഷ്യന്‍ ചലച്ചിത്ര സംഘത്തെ അദ്ദേഹവും ഡുബ്രോവും ചേര്‍ന്നാണ് സ്വീകരിച്ചത്.കഴിഞ്ഞ മാസം ഉക്രെയ്ന്‍ സംഘര്‍ഷം മൂലം 420 കിലോമീറ്റര്‍ താഴെ സ്ഥിതി രൂക്ഷമായപ്പോള്‍, ഡുബ്രോവിനോടും റഷ്യന്‍ കമാന്‍ഡറായ ആന്റണ്‍ ഷ്‌കാപ്ലെറോവിനോടും അത്തരം സംഭാഷണങ്ങള്‍ താന്‍ ഒഴിവാക്കിയതായി ഹെ സമ്മതിച്ചു.

'ബഹിരാകാശത്ത് സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അന്താരാഷ്ട്ര ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമാകും അത്'- നാസയുടെ ബഹിരാകാശ യാത്രാ മേധാവി കാത്തി ലൂഡേഴ്‌സ് പറഞ്ഞു.ഇതിനിടെ ,മൂന്ന് സമ്പന്നരായ ബിസിനസുകാരെയും മുന്‍ ബഹിരാകാശ യാത്രികരെയും മാര്‍ച്ച് അവസാനം ബഹിരാകാശ നിലയത്തിലേക്ക് ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് സ്പേസ് എക്സ്. നാസയ്ക്കായി നവംബറില്‍ യാത്രയായ നാലുപേരെ സ്പേസ് എക്സ് ഏപ്രില്‍ പകുതിയോടെ തിരികെ കൊണ്ടുവരും. നാല് പര്യവേക്ഷകരെ പകരം എത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.