ചൈനയില്‍ 132 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു; തീപിടിത്തം

ചൈനയില്‍ 132 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു; തീപിടിത്തം

ബീജിങ്: ചൈനീസ് വിമാനം യാത്രാമദ്ധ്യേ പര്‍വതമേഖലയില്‍ തകര്‍ന്നു വീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ 123 യാത്രക്കാരും ഒന്‍പതു ജീവനക്കാരുമുണ്ടായിരുന്നതായാണ് വിവരം.

ദക്ഷിണ ചൈനയിലെ ഗ്വാങ്ചി മേഖലയില്‍ വുഷു നഗരത്തിനു സമീപം വനമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഇതേതുടര്‍ന്ന് മലമുകളില്‍ വലിയ തീപിടിത്തമുണ്ടായി. അപകടത്തില്‍ നിന്ന് ആരും രക്ഷപ്പെട്ടതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കുന്‍മിങ്ങില്‍നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള വിമാനം, പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.11 നാണ് പുറപ്പെട്ടത്. 3225 അടി ഉയരത്തില്‍, 376 നോട്ട്‌സ് വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.22നു വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. 3.05നായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.

ഹ്രസ്വ ദൂരയാത്രകള്‍ക്ക് ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് ബോയിങ് 737 വിമാനങ്ങള്‍. ഇതില്‍ ബോയിങ് മാക്സ് വിമാനങ്ങള്‍ ഇപ്പോള്‍ പല കമ്പനികളും ഉപയോഗിക്കുന്നില്ല. രണ്ടു വലിയ അപകടങ്ങളെത്തുടര്‍ന്നാണ് ഇവയുടെ ഉപയോഗം അവസാനിപ്പിച്ചത്. ചൈനീസ് എയര്‍ലൈന്‍ ബോയിങ്ങിന്റെ ഏതു വിമാനമാണ് ഉപയോഗിച്ചതെന്നു വ്യക്തമല്ല.

ഏവിയേഷന്‍ സേഫ്റ്റി നെറ്റ്വര്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2010ലാണ് ഇതിനുമുന്‍പ് ചൈനയില്‍ വിമാനം തകര്‍ന്ന് വലിയ ദുരന്തമുണ്ടായത്. ഹെനാന്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ ഇ-190 ജെറ്റ് വിമാനം തകര്‍ന്ന്, 96 യാത്രക്കാരില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.