ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രത്തലവന്‍മാര്‍ ഡല്‍ഹിക്ക് പകരം ആദ്യമെത്തുന്നത് ഗുജറാത്തില്‍; പിന്നില്‍ മോഡിയുടെ രാഷ്ട്രീയ തന്ത്രം

 ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രത്തലവന്‍മാര്‍ ഡല്‍ഹിക്ക്  പകരം ആദ്യമെത്തുന്നത് ഗുജറാത്തില്‍; പിന്നില്‍ മോഡിയുടെ രാഷ്ട്രീയ തന്ത്രം

അഹമ്മദാബാദ്: ഏതൊരു രാഷ്ട്ര തലവനും മറ്റൊരു രാജ്യത്തെത്തുമ്പോള്‍ സ്വീകരണം നല്‍കുന്നത് അതാത് രാജ്യങ്ങളുടെ ഭരണ സിരാകേന്ദ്രമായ തലസ്ഥാന നഗരിയിലാണ്. ഇന്ത്യയുടെ പാരമ്പര്യവും അതായിരുന്നു. എന്നാല്‍ നരേന്ദ്ര മോഡി പ്രധാന മന്ത്രിയായതോടെ ഇതിനെല്ലാം മാറ്റം വന്നു.

ലോകത്തെ വന്‍ശക്തികളായ രാജ്യങ്ങളുടെ തലവന്‍മാര്‍ പതിവ് തെറ്റിച്ച് ഇപ്പോള്‍ എത്തിച്ചേരുന്നത് മോഡിയുടെ സ്വന്തം നാടായ ഗുജറാത്തിലാണ്. അമേരിക്ക, ചൈന, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ തലവന്‍മാര്‍ നേരെ വന്നിറങ്ങിയത് ഗുജറാത്തിലാണ്. ഏറ്റവും അവസാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആദ്യമെത്തിയതും ഗുജറാത്തില്‍ തന്നെ.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത് അഹമ്മദാബാദില്‍ നിന്നായിരുന്നു. ഒന്നാം മോഡി സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു ഇത്. സന്ദര്‍ശനത്തിന്റെ ആദ്യദിനം ചൈനീസ് പ്രസിഡന്റ് ഗുജറാത്തിന് വാരിക്കോരിയാണ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തത്.


വ്യവസായ പാര്‍ക്ക്, ചൈനയിലെ ഗ്വാങ്ഷുവും അഹമ്മദാബാദുമായുള്ള സഹകരണം, റെയില്‍വേ വികസനം തുടങ്ങിയ വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. മോഡിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരം വെളുത്ത ഷര്‍ട്ടിന് മുകളില്‍ ഖാദി ജാക്കറ്റ് ധരിച്ച് ഇന്ത്യക്കാരനെപ്പോലെ ഷീ ജിന്‍ പിങ് സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.

2020 ഫെബ്രുവരിയിലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഹമ്മദാബാദില്‍ എത്തിയത്. റോഡ് ഷോ ഉള്‍പ്പടെയുള്ള വന്‍ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മോഡിയും ട്രംപും സംയുക്തമായാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ആഗോള തലത്തില്‍ ഇതും ചര്‍ച്ച ചെയ്യപ്പെടുകയും വന്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത് ഗുജറാത്തിലായിരുന്നു. 2017 ലായിരുന്നു അത്. അന്ന് അതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്ത് വന്നിരുന്നു. ഷിന്‍സോ ആബെയ്ക്ക് ഗുജറാത്തില്‍ സ്വീകരണമൊരുക്കിയതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിതെന്നും അവര്‍ ആരോപിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പാതയുടെ നിര്‍മാണോദ്ഘാടനം അടക്കം രണ്ടു ദിവസത്തെ പരിപാടികള്‍ക്കു വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നു രാവിലെയാണ് അഹമ്മദാബാദില്‍ വിമാനമിറങ്ങിയത്. ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേര്‍ന്നാണ് സ്വീകരിച്ചത്. ഇന്ന് പൂര്‍ണമായും ഗുജറാത്തില്‍ തങ്ങുന്ന ബോറിസ് ജോണ്‍സണ്‍ രാത്രി വൈകിയാണ് ഡല്‍ഹിയിലേക്ക് പോകുന്നത്.

തന്റെ ജന്മ നാടായ ഗുജറാത്തിന്റെ വികസനം മുന്നില്‍ കണ്ടാണ് മോഡി ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന പ്രധാന രാഷ്ട്ര നേതാക്കളെയെല്ലാം ആദ്യം ഗുജറാത്തിലിറക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.