എന്‍കന്റഡോ: ബ്രസീലിലെ 'ക്രൈസ്റ്റ് ദി റഡീമര്‍' (വിമോചകനായ ക്രിസ്തു) പ്രതിമയേക്കാള്‍ ഉയരത്തില്‍ ലോകത്തെ മൂന്നാമത്തതും ബ്രസീലിലെ ഏറ്റവും ഉയരം കൂടിയതുമായ ക്രിസ്തുശില്‍പ്പം നിര്‍മാണം പൂര്‍ത്തിയായി. സപ്താത്ഭുതങ്ങളില്‍ ഉള്‍പ്പെട്ട റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയേക്കാള്‍ 'ക്രൈസ്റ്റ് ദി പ്രൊട്ടക്റ്റര്‍' ശില്പത്തിന് അഞ്ചടി ഉയരം കൂടുതലാണ്. 43 മീറ്റര്‍ ഉയരമുള്ള പ്രതിമ ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും.
തെക്കന്‍ ബ്രസീലിലെ എന്‍കാന്റഡോയിലാണ് ബ്രസീലിലെ ഏറ്റവും ഉയരുമുള്ള ക്രിസ്തുപ്രതിമ പൂര്‍ത്തീയായിരിക്കുന്നത്. കോണ്‍ക്രീറ്റില്‍ നിര്‍മിച്ച പ്രതിമ എന്‍കാന്റഡോ നഗരത്തിന് സമീപമുള്ള കുന്നിന്‍മുകളിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. ലോകത്തിന് മുഴുവന്‍ സംരക്ഷണം നല്‍കി കൈ വിരിച്ചുപിടിച്ചു നില്‍ക്കുന്ന ക്രിസ്തുവിന്റെ മനോഹര ശില്പം ഇതിനോടകം തന്നെ ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
38 മീറ്ററാണ് ക്രൈസ്റ്റ് ദി റഡീമര്‍ ശില്പത്തിനുള്ളത്. 'ക്രൈസ്റ്റ് ദി പ്രൊട്ടക്റ്റര്‍' ശില്‍പ്പം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 'ക്രൈസ്റ്റ് ദി റഡീമര്‍' ആയിരുന്നു ബ്രസീലിലെ ഏറ്റവും ഉയരമുള്ളതും ലോകത്തെ മൂന്നാമത്തെ ഉയരമുള്ളതുമായ ക്രിസ്തു ശില്പം. ഈ ശില്പത്തെയാണ് 43 മീറ്റര്‍ ഉയരമുള്ള ക്രൈസ്റ്റ് ദി പ്രൊട്ടക്റ്റര്‍ ശില്പം മറികടക്കുന്നത്.
52.55 മീറ്റര്‍ ഉയരമുള്ള ഇന്തോനേഷ്യയിലെ ജീസസ് ബണ്ടു ബുറാക്കെ പ്രതിമയാണ് ഏറ്റവും ഉയരമുള്ള ക്രിസ്തുവിന്റെ ശില്പം. പോളണ്ടിലെ ക്രൈസ്റ്റ് ദി കിംഗാണ് തൊട്ടു താഴെ. 52.5 മീറ്റര്‍ ആണ് ഇതിന്റെ ഉയരം. മൂന്നാം സ്ഥാനത്തേക്കാണ് ഇപ്പോള്‍ 'ക്രൈസ്റ്റ് ദി പ്രൊട്ടക്റ്റര്‍' ഉയര്‍ന്നിരിക്കുന്നത്. 'ക്രൈസ്റ്റ് ദി റഡീമര്‍' നാലാം സ്ഥാനത്തുമായി.
അന്തരിച്ച എന്‍കന്റഡോ മേയര്‍ അഡ്രോള്‍ഡോ കോണ്‍സാറ്റിയന്റെ ആശയമായിരുന്നു ക്രൈസ്റ്റ് ദി പ്രൊട്ടക്റ്റര്‍ എന്ന ശില്പം. ബ്രസീലിലെ സിയറ സംസ്ഥാനക്കാരനായ മാര്‍ക്കസ് മൗറയാണ് ശില്പി. 2019 ല്‍ പ്രതിമയുടെ നിര്‍മാണം ആരംഭിച്ചു. പ്രതിമ പൂര്‍ത്തിയായെങ്കിലും ചുറ്റുമുള്ള സമുച്ചയത്തിന്റെ പണികള്‍ തീരാനുണ്ട്. വിശ്വാസം, ഭക്തി, കൃതജ്ഞത എന്നീ വാക്കുകളെ അടിസ്ഥാനമാക്കിയാണ് ശില്പം പണിതീര്‍ത്തതെന്ന് ഫ്രണ്ട്‌സ് ഓഫ് ക്രൈസ്റ്റ് അസോസിയേഷന്‍ ഡെപ്യൂട്ടി പ്രസിഡന്റ് റോബിന്‍സണ്‍ ഗോണ്‍സാറ്റി പറഞ്ഞു.
കോണ്‍ക്രീറ്റില്‍ തീര്‍ത്ത പ്രതിമയ്ക്കുള്ളില്‍ ബേസ്‌മെന്റ് കൂടാതെ 12 നിലകള്‍ ഉണ്ട്. എലിവേറ്ററിലൂടെ മുകളിലേക്ക് എത്താം. നിലത്ത് നിന്ന് 40 മീറ്റര്‍ ഉയരത്തില്‍ നെഞ്ച് ഭാഗത്ത് ഹൃദയാകൃതിയില്‍ ബാല്‍ക്കണിയുണ്ട്. ഇതിലൂടെ ലോകത്തിന്റെ മനോഹര കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം.
21 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 50,000 ലധികം ആളുകള്‍ ഇതിനകം പ്രതിമ സന്ദര്‍ശിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പ്രതിമ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.