ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീം കോടതി ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ലക്ഷ്മണ രേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണ സഭയെയും ബഹുമാനിക്കണം. അതുപോലെ സര്‍ക്കാര്‍ കോടതിയെയും ബഹുമാനിക്കണം. ഇക്കാര്യത്തില്‍ കൃത്യമായ അതിര്‍ വരമ്പുണ്ടെന്നും ആ ലക്ഷ്മണരേഖ ആരും മറികടക്കാന്‍ പാടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളെയും നിലവിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കോടതിയുടെ ഉത്തരവ് തെറ്റായോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കിയ സുപ്രീം കോടതി പുനപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യുന്നത് തടഞ്ഞു. കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.