ഉദയ്പൂര്‍: മൂന്നു ദിവസമായി രാജസ്ഥാനിലെ ഉദയ് പൂരില്‍ നടന്ന ചിന്തന്‍ ശിബിര്‍ കഴിഞ്ഞിട്ടും കടിഞ്ഞാണ്‍ രാഹുല്‍ ഗാന്ധിയുടെ കൈകളില്‍ തന്നെയെന്ന് ഉറപ്പായിരിക്കുകയാണ്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ മുഖം രാഹുല്‍ ഗാന്ധി ആയിരിക്കുമെന്നും ഏറക്കുറെ ഉറപ്പിക്കാം. നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ ജി-23 സംഘത്തെ ഒതുക്കാന്‍ ചിന്തന്‍ ശിബിരിന് കഴിഞ്ഞു.
മൂന്നു മാസം കഴിയുമ്പോള്‍ എ.ഐ.സി.സി സമ്മേളനത്തിലൂടെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തുമെന്ന് കൃത്യമായ സന്ദേശം നല്‍കാനും ഇതുവഴി കഴിഞ്ഞു. പാര്‍ട്ടി പദവി ഇല്ലാത്ത രാഹുല്‍ ഗാന്ധിക്ക് സമാപന ചടങ്ങില്‍ ആമുഖ പ്രസംഗത്തിന് അവസരം നല്‍കിയത് ഇതിന്റെ ഭാഗമായാണ്. നിലവിലും രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങളാണ് പാര്‍ട്ടിയില്‍ നടപ്പാകുന്നത്. രാഹുലിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ എന്നു വ്യക്തം. പക്ഷെ കൂട്ടത്തില്‍പ്പെട്ട പലരുടെയും സ്ഥാനങ്ങള്‍ തെറിക്കുമെന്ന സൂചനയാണ് ജി-23ലെ ചിലര്‍ നല്‍കുന്നത്.
നേതൃത്വത്തിന് വിധേയരായാണ് ഗുലാം നബി ആസാദ്, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയ ജി-23 നേതാക്കള്‍ ശിവിരിന് എത്തിയത്. അതേസമയം കപില്‍ സിബല്‍ വിട്ടു നിന്നു. ജി-23ന്റെ ആവശ്യങ്ങളിലൊന്നായ പാര്‍ലമെന്ററി ബോര്‍ഡ് പുനസ്ഥാപിക്കുമെന്ന് സൂചന നല്‍കിയെങ്കിലും പ്രഖ്യാപനത്തില്‍ ഇടം കണ്ടില്ല. എന്നാല്‍ പ്രവര്‍ത്തക സമിതിക്കു കീഴില്‍ ഉപദേശക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. പക്ഷേ സമിതിക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളൂ.
ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥിരം അധ്യക്ഷന്‍ വേണമെന്ന ജി23 പക്ഷത്തിന്റെ ആവശ്യം ശിബിരത്തോടെ കെട്ടടങ്ങി. ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് അധ്യക്ഷന്‍ എന്ന ആവശ്യം തുടക്കത്തിലേ തള്ളുകയായിരുന്നു. 50 വയസിന് താഴെയുള്ളവര്‍ക്ക് 50 ശതമാനം പദവികള്‍ നീക്കി വച്ചത് രാഹുലിന്റെ നിര്‍ബന്ധം കൊണ്ടാണ്.
പാര്‍ട്ടി പദവികളിലും തിരഞ്ഞെടുപ്പിലും 65 വയസ് പരിധി നടപ്പാക്കണമെന്ന നിര്‍ദ്ദേശം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചെങ്കിലും അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പദവിയില്‍ തുടരാനാകില്ലെന്ന തീരുമാനം മുതിര്‍ന്ന നേതാക്കള്‍ക്ക് അംഗീകരിക്കേണ്ടി വരികയായിരുന്നു. എന്നാല്‍ ഇവരുടെ അതൃപ്തി വരും ദിവസങ്ങളില്‍ പ്രകടമായേക്കും. തങ്ങളും ചെറുപ്രായം കടന്നാണ് വന്നതെന്നും കഴിവ് തെളിയിച്ച് ഉയര്‍ന്നു വരികയാണ് വേണ്ടതെന്നും ഇവര്‍ വാദിക്കുന്നു.
അതേസമയം സംഘടനയില്‍ പ്രവര്‍ത്തക സമിതിയിലടക്കം ഉപദേശക വേഷത്തിലായിരിക്കും ഇവരെ ഇരുത്തുക എന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.