ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ആകാശത്തു നിന്നും ലോഹപ്പന്തുകള്‍; ബഹിരാകാശ അവശിഷ്ടങ്ങളെന്ന് സംശയം

ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ആകാശത്തു നിന്നും ലോഹപ്പന്തുകള്‍; ബഹിരാകാശ അവശിഷ്ടങ്ങളെന്ന് സംശയം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആകാശത്തു നിന്നും ലോഹപ്പന്തുകള്‍ വീണു. സുരേന്ദ്ര നഗര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ നിവാസികളാണ് ആകാശത്ത് നിന്ന് ഒന്നോ അതിലധികമോ ലോഹപ്പന്തുകള്‍ വീണതായി കണ്ടെത്തിയത്. ലോഹ ശകലങ്ങള്‍ വയലുകളില്‍ ചിതറിക്കിടക്കുന്നതായും ഗ്രാമവാസികള്‍ കണ്ടെത്തി. ഇതോടെ ആളുകള്‍ ആകെ പരിഭ്രാന്തരാണെന്നാണ് റിപ്പോര്‍ട്ട്.

ആനന്ദ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങള്‍ക്കൊപ്പം ഖേദ ജില്ലയിലെ ഉമ്രേത്തിലും നദിയാദിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിചിത്രമായ കറുപ്പും വെള്ളി നിറവും വരുന്ന ലോഹപ്പന്തുകള്‍ വീഴുകയുണ്ടായി. ഇതെന്താണ് എന്ന് കണ്ടെത്താന്‍ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി പരിശോധിക്കുകയാണ്.

മെയ് 13നാണ് ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ നിവാസികളെ ഞെട്ടിച്ച ദുരൂഹ സംഭവം ഉണ്ടായത്. മെയ് 12ന് വൈകുന്നേരത്തോടെ ഭലേജ്, ഖംബോലാജ്, രാംപുര എന്നിവിടങ്ങളിലാണ് ആകാശത്ത് നിന്ന് ഭീമാകാരമായ ലോഹ പന്തുകള്‍ വീണത്. ബഹിരാകാശ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന ലോഹ പന്തുകള്‍ വൈകുന്നേരം 4:45 ഓടെയാണ് വീണത്. ലോഹ പന്തുകള്‍ക്ക് ഏകദേശം അഞ്ച് കിലോഗ്രാം ഭാരം വരും. ഭലേജ് ഗ്രാമത്തിലാണ് ആദ്യത്തെ ലോഹ പന്ത് വീണത്, തുടര്‍ന്ന് റാംപുരയും ഖംഭലോജിലും പതിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വില്ലേജുകളും 15 കിലോമീറ്ററിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. നിഗൂഢമായ ലോഹ കഷ്ണങ്ങള്‍ കണ്ട് ഗ്രാമവാസികള്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ ലോക്കല്‍ പൊലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിച്ച ആനന്ദ് ജില്ലയിലെ പൊലീസ് സൂപ്രണ്ട് അജിത് രാജിയന്‍ പറയുന്നത്- വൈകിട്ട് 4:45 ഓടെ ആദ്യ പന്ത് വീണു. താമസിയാതെ മറ്റ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് സമാനമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഭാഗ്യവശാല്‍ രണ്ട് ഗ്രാമങ്ങളിലെ തുറസായ സ്ഥലത്താണ് അവശിഷ്ടങ്ങള്‍ വീണത്. മൂന്നാമത്തേതില്‍ വീടുകളില്‍ നിന്ന് നൂറു മീറ്റര്‍ അകലെ മെറ്റല്‍ ബോള്‍ വീണു. ഇത് ഏത് തരത്തിലുള്ള ബഹിരാകാശ അവശിഷ്ടമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാല്‍ ഇത് ആകാശത്ത് നിന്ന് വീണതാണെന്ന് ഗ്രാമവാസികളുടെ കണക്കുകള്‍ പ്രകാരം ഉറപ്പാണെന്നും എസ്പി അജിത് വ്യക്തമാക്കി.

ബഹിരാകാശ ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനമാണ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി. ലാബിന്റെ പ്രാഥമിക അന്വേഷണം അനുസരിച്ച്, വിചിത്രമായ ഈ ലോഹപ്പന്തുകള്‍ ഒരു കൃത്രിമോപഗ്രഹത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളാണെന്നാണ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.