കമ്പാല: ക്രിസ്ത്യാനിയാണെന്ന കാരണത്താൽ അല്ലെങ്കിൽ യേശുക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ചു എന്ന കാരണത്താൽ വിശ്വാസികൾക്കെതിരെ നടക്കുന്ന പീഡനത്തിനും കുരുതികൾക്കും ക്രിസ്തുവിന്റെ കുരിശു മരണത്തോളം പഴക്കമുണ്ട്. അത് ഒരു രാജ്യത്തോ ഒരു സ്ഥലത്തോ മാത്രമായി ഒതുങ്ങുന്നുമില്ല. ലോകം മുഴുവൻ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നുണ്ട്.
അത്തരത്തിൽ പട്ടിണിക്കും രോഗ ദുരിതങ്ങൾക്കുമിടയിൽ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി ചുട്ടെരിക്കപ്പെട്ട ഇരുപത്തിരണ്ട് ക്രൈസ്തവ വിശ്വാസികൾ ഉഗാണ്ടയിലുമുണ്ട്. എല്ലാ വർഷവും ജൂൺ മൂന്നിന് ഈ രക്തസാക്ഷികളെ ഓർമ്മിക്കുന്ന ദിനമായി ആചരിക്കുന്നു. ഈ ദിവസം ഉഗാണ്ട ഗവൺമെന്റ് പൊതു അവധിയായി പ്രഖ്യാപിച്ച് അവരോടുള്ള ആധരം പ്രകടിപ്പിക്കുന്നു.
വിശുദ്ധരുടെ മാധ്യസ്ഥം തേടി മെയ് മാസം 25 മുതൽ 9 ദിവസം തുടർച്ചയായുള്ള നൊവേന നടത്തുന്ന ഭക്തരിൽ ആഫ്രിക്കക്കാർ കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവരും ഉൾപ്പെടുന്നു.
നമുകോങ്കായിലേക്ക് കാൽ നടയായി പോകുന്ന തീർത്ഥാടകർ
രക്തസാക്ഷികളായ ഇരുപത്തി രണ്ട് വിശുദ്ധരുടെ നാമത്തിൽ ഉഗാണ്ടയിലെ നമുകോങ്കോ എന്ന സ്ഥലത്ത് ദേവലയം സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധരുടെ തിരുനാൾ ദിവസമായ ജൂൺ മൂന്നിന് ആഘോഷങ്ങളിൽ പങ്കെടുക്കുവാനായി അനേക വിശ്വാസികൾ പ്രാർത്ഥനയോടെ ഇരുന്നൂറും മുന്നൂറും കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് നമുകോങ്കോ ദേവാലയത്തിലേക്ക് വരുന്നത് തിരുന്നാൾകാലത്തെ പതിവ് കാഴ്ചയാണ്.
ഉഗാണ്ടയുടെ അയൽ രാജ്യങ്ങളായ കെനിയ, ടാൻസാനിയ, റുവാണ്ട, ബുറുണ്ടി, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ നിന്നും ഒട്ടനേകം ഭക്തർ തിരുന്നാളിൽ പങ്കെടുക്കുവാൻ എത്തിച്ചേരാറുണ്ട്.
ഓരോ വർഷവും ഉഗാണ്ടയിലെ ഓരോ രൂപതകളാണ് ഈ വിശുദ്ധരുടെ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ വർഷം ഫോർട്ട് പോർട്ടൽ രൂപതയാണ് തിരുനാൾ ആഘോഷങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.
നമുകോങ്കോ തീർത്ഥാടന കേന്ദ്രം
ആരാണ് രക്തസാക്ഷികളായ ഉഗാണ്ടയിലെ വിശുദ്ധർ?
1885 നവംബർ മാസം മുതൽ 1887 ജനുവരി വരെയുള്ള കാലഘട്ടത്തിൽ ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരിൽ അന്നത്തെ ബുഗാണ്ടാ രാജാവായിരുന്ന കബാക്ക മുവാങ്ക രണ്ടാമന്റെ മതപീഡനത്തെ തുടർന്ന് ചുട്ടുകൊല്ലപ്പെട്ട 22 കത്തോലിക്കാ വിശ്വാസികളാണ് ഉഗാണ്ടയിലെ രക്തസാക്ഷികളായ വിശുദ്ധർ.
ഇവരെ 1920 ൽ ബെനഡിക്ട് പതിനഞ്ചാം മാർപാപ്പ വാഴ്ത്തപ്പെട്ടവരായും 1964 ലെ മിഷൻ ഞായറാഴ്ച പോൾ ആറാമൻ മാർപാപ്പ വിശുദ്ധരായും പ്രഖ്യാപിച്ചു.
ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ സുവർണ ജൂബിലി ആഘോഷം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ 2015 നവംബർ ഇരുപത്തിയെട്ടാം തീയതി നമുകോങ്കോ ഉഗാണ്ടാ മാർട്ടിയേഴ്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയോടു കൂടെ കൊണ്ടാടി. പരിശുദ്ധ പിതാവ് തൻ്റെ സന്ദർശന പരിപാടികളുടെ ഭാഗമായി ഉഗാണ്ടാ ആംഗ്ലിക്കൻ മ്യുസിയവും അന്ന് സന്ദർശിക്കുകയുമുണ്ടായി.
23 ആംഗ്ലിക്കൻ വിശ്വാസികളെയും 22 കത്തോലിക്കാ വിശ്വാസികളെയും ഒരുപോലെയാണ് ബുഗാണ്ടാ രാജാവ് കൊന്നൊടുക്കിയത്.
22 വിശുദ്ധരുടെ പേര് വിവരവും അവരുടെ മരണ ദിവസങ്ങളും ഇപ്രകാരമാണ്::
നവംബർ 15, 1885 :: (1 ) ജോസഫ് മുക്കാസ, മെയ് 25, 1886 : :(2 ) ഡെനിസ് വാസ്വാ മെയ് 26 , 1886:: (3 ) ആൻഡ്രൂ കാഗ്വാ (4 ) പോൺസണിയോ ഗോണ്ടവെ, മെയ് 27 , 1886:: (5 ) അണ്ടൻസിയോ ബസാകുകെട്ട മെയ് 30 , 1886::: (6 ) മാറ്റിയാ മുളുമ്പാ, മെയ് 31 , 1886:: (7 ) നോവാ മാവേഗലി, -ജൂൺ 3 1886 (8 ) അച്ചെല്ലിയൂസ് ചിവനുക്ക (9 ) അഡോൾഫ് മുക്കാസ (10 ) അംബ്രോസിയൂസ് ചിബുക്ക (11 ) അനറ്റോളി ചിരിഗ്വാജോ (12 ) ബ്രൂണോ സെറുങ്കുമ (13 ) ചാൾസ് ലവാങ്ക (14 ) ഗ്യാവീര മുസോക്കെ (15 ) ജെയിംസ് ബുസബാല്യവോ (16 ) കിസീറ്റോ (17 ) ലുക്കാ ബനബകിണ്ടു (18 ) മ്പാഗ ട്യൂഡിന്ടെ (19 ) മുഗാഗ ലബോവ (20 ), മുക്കാസ കിറിവാവാവനവു (21 ), ജനുവരി 27, 1887 :: (22 ) ജോൺ മരിയാ മുസീയി
ഏതാണ്ട് 140 വർഷം പിന്നിട്ടതിനു ശേഷം ഇപ്പോഴും ക്രൈസ്തവ മതപീഡനത്തിനു ഒരുവിധത്തിലല്ലെകിൽ മറ്റൊരു വിധത്തിൽ വിധേയരായിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും വേണ്ടി നമുക്കും ഉഗാണ്ടയിലെ രക്തസാക്ഷികളായ വിശുദ്ധരുടെ മധ്യസ്ഥം തേടി പ്രാർത്ഥിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.