വാഷിങ്ടണ്‍: അമേരിക്കയുള്‍പ്പടെയുള്ള യുറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന തോക്ക് അതിക്രമങ്ങളെ അപലപിച്ച് കത്തോലിക്ക സഭാ നേതൃത്വം. തോക്ക് ഉപയോഗം കുറയ്ക്കാനും ആയുധക്കടത്ത് തടയാനും നിയമം ശക്തമാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം. അക്രമത്തിന് പ്രലോഭിപ്പിക്കപ്പെടുന്നവര്‍ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പാത തിരഞ്ഞെടുക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.
തോക്ക് ആക്രമണങ്ങളെ സാധാരണ സംഭവവമായി കാണാനാകില്ലെന്ന് സാന്‍ അന്റോണിയോ ആര്‍ച്ച് ബിഷപ്പ് ഗാര്‍സിയ സില്ലര്‍ പറഞ്ഞു. ഇത്തരം ഭ്രാന്തന്‍ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആയുധം വഹിക്കാനുള്ള അവകാശം ഒരിക്കലും മനുഷ്യജീവനേക്കാള്‍ പ്രധാനമല്ലെന്ന് ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലേസ് ജെ. കുപ്പിച്ച് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ജനങ്ങളെ സംരക്ഷിക്കാന്‍ ധാര്‍മിക കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ മാത്രം ഈ വര്‍ഷം 200 ലധികം കൂട്ട വെടിവയ്പ്പുകള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ തോക്കുകളുടെ വില്‍പ്പന പരിമിതപ്പെടുത്തുന്നതിനുള്ള മാര്‍ഗം കണ്ടെത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. 'ഓരോ ദിവസവും ജീവന്‍ അപഹരിക്കുന്ന തോക്ക് അക്രമത്തെ ചെറുക്കാന്‍ പൊതുവായ നിയമങ്ങള്‍' പാസാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തെ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സെമി-ഓട്ടോമാറ്റിക് റൈഫിളുകള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി 18 ല്‍ നിന്നും 21 ആക്കാന്‍ ആലോചനയുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. തോക്ക് നിര്‍മ്മാതാക്കളെ നിയന്ത്രിക്കണം. ഉയര്‍ന്ന ശേഷിയുടെ ആയുധങ്ങളും നിരോധിക്കണമെന്നും വൈറ്റ് ഹൗസില്‍ സംസാരിക്കുന്നതിനിടെ ബൈഡന്‍ പറഞ്ഞു. ജനങ്ങളെ തോക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുകയല്ല, മറിച്ച് നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും ബൈഡന്‍ വ്യക്തമാക്കി.
രാജ്യത്ത് അടുത്തിടെ നടന്ന മൂന്ന് വലിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രതികരണം. ബുധനാഴ്ച ഒക്ലഹോമയിലെ മെഡിക്കല്‍ സ്ഥാപനത്തിനുള്ളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ടെക്‌സാസിലെ സ്‌കൂളില്‍ 18 കാരന്‍ നടത്തിയ വെടിവെപ്പില്‍ 19 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും കൊലപ്പെട്ടിരുന്നു. അതിന് മുന്‍പും സമാനമായ വെടിവെപ്പുകള്‍ രാജ്യത്തുണ്ടായിരുന്നു.
ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ആയുധങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ ബൈഡന്‍ തീരുമാനിച്ചത്. യുഎസിലെ എല്ലാ കുടുംബങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിയമങ്ങള്‍ കൊണ്ടുവരുന്നത് ആലോചിക്കുന്നത്. ഇത്തരം ആക്രമങ്ങള്‍ മനസാക്ഷിക്ക് നിരക്കാത്തതായാണ് താന്‍ കാണുന്നതെന്നും അതിനി അനുവദിക്കില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.