കോവിഡ് കേസുകള്‍ കൂടുന്നു, യുഎഇയിലെ നിലവിലെ നിയന്ത്രണങ്ങള്‍ അറിയാം

കോവിഡ് കേസുകള്‍ കൂടുന്നു, യുഎഇയിലെ നിലവിലെ നിയന്ത്രണങ്ങള്‍ അറിയാം

ദുബായ് : യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യഅധികൃതർ താമസക്കാരെ ഓർമ്മിപ്പിച്ചു. അബുദബിയില്‍ പൊതുസ്ഥലങ്ങളിലേക്ക് പ്രവേശനം അനുവദിക്കണമെങ്കില്‍ അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറം വേണം. കോവിഡ് പിസിആർ പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ മാത്രമെ ആപ്പില്‍ പച്ചനിറം തെളിയുകയുളളൂ. കൂടാതെ ഒരു തവണ പിസിആർ പരിശോധന നടത്തി നെഗറ്റീവായാല്‍ പച്ചനിറം 30 ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇത് 14 ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. 14 ദിവസത്തിന് ശേഷം ചാരനിറമായി മാറും. വീണ്ടും പച്ച നിറമാവണമെങ്കില്‍ പിസിആർ പരിശോധന നടത്തി നെഗറ്റീവെന്ന് ഉറപ്പിക്കണം.

അതേസമയം മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്ക് കടക്കണമെങ്കില്‍ നിലവില്‍ ഗ്രീന്‍ പാസ് നിർബന്ധമാക്കിയിട്ടില്ല.
യുഎഇയില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമാണ്. മെട്രോ, ബസ്, ടാക്സി ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങളില്‍ സഞ്ചിരിക്കുന്നവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ജനക്കൂട്ടമുളള പൊതു സ്ഥലങ്ങളിലും അടച്ചിട്ടസ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 3000 ദിർഹമാണ് പിഴ.
കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ ഓരോ എമിറേറ്റിലേയും ആരോഗ്യഅധികൃതരുടെ നിർദ്ദേശങ്ങള്‍ അനുസരിക്കണം
ദുബായിലാണെങ്കില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ ഉടനെ തന്നെ ഐസോലേഷനിലാകണം. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ എച്ച് ആർ വിഭാഗത്തെ ഇക്കാര്യം അറിയിക്കണം. കോവിഡ് 19 ഡിഎക്സബി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും 10 ദിവസത്തെ ഐസൊലേഷന്‍ പൂർത്തിയാക്കണം. 10 ദിവസത്തെ ഐസൊലേഷന്‍ പൂർത്തിയായാല്‍ വീണ്ടും പിസിആർ പരിശോധനയുടെ ആവശ്യമില്ല.

ഏതെങ്കിലും തരത്തില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ഡിഎച്ചഎയുടെ ടോള്‍ ഫ്രീ നമ്പറായ 800 342 ലേക്ക് വിളിക്കാം. വിർച്വല്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും ലഭ്യമാണ്. “Doctor for Every Citizen” എന്ന സേവനത്തിന് കീഴില്‍ ഡോക്ടറുടെ അപോയ്മെന്‍റ് ബുക്ക് ചെയ്യാം.
കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങള്‍ അബുദബി ആരോഗ്യ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. 50 വയസിനും അതിന് മുകളിലുളളവരെയും ഗുരുതര അസുഖമുളളവരെയും ഗർഭിണികളെയും ഹൈ റിസ്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഇവർ കോവിഡ് 19 പ്രൈം അസെസ്മെന്‍റ് സെന്‍ററുകളിലെത്തി ആരോഗ്യ പരിശോധന നടത്തണം. ഐസൊലേഷന്‍ നടപടികള്‍ പൂർത്തിയാക്കണം. 24 മണിക്കൂറിനുളളില്‍ 2 കോവിഡ് പിസിആർ പരിശോധന നടത്തുകയും രണ്ടും നെഗറ്റീവാകുകയും ചെയ്താല്‍ ഐസൊലേഷന്‍ പൂർത്തിയാക്കാം. അതല്ലെങ്കില്‍ 10 ദിവസത്തെ ഐസൊലേഷന്‍ കാലയളവിലെ അവസാന മൂന്ന് ദിവസം രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കണം.മറ്റുളളവർ കോവിഡ് സ്ഥിരീകരിച്ചാല്‍ 24 മണിക്കൂർ പൂർണ വിശ്രമം എടുക്കണം. 24 മണിക്കൂറിന് ശേഷം വേണമെങ്കില്‍ ആരോഗ്യകേന്ദത്തില്‍ പരിശോധന ആവർത്തിക്കാം. രണ്ടാം പരിശോധനയുടെ റിസല്‍റ്റ് വരുന്നതുവരെ സ്വയം ഐസോലേറ്റ് ചെയ്യണം. രണ്ടാം പരിശോധനയിലും കോവിഡ് സ്ഥിരീകരിച്ചാല്‍ കോവിഡ് 19 വിർച്വല്‍ അസെസ്മെന്‍റ് സെന്‍റർ ബന്ധപ്പെടും. എന്നാല്‍ പരിശോധന നെഗറ്റീവാണെങ്കില്‍ 24 മണിക്കൂറിന് ശേഷം വീണ്ടും പിസിആർ പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പിക്കാം.സ്വഭാവിക ജീവിത രീതിയിലേക്ക് മാറുകയും ചെയ്യാം.

കോവിഡ് അസെസ്മെന്‍റ് സെന്‍ററുകള്‍

അബുദബി
മഫ്റഖ് ഹോസ്പിറ്റില്‍, മദീനത്ത് മുഹമ്മദ് ബിന്‍ സായിദ് സെന്‍റർ (ലേബേഴ്സിനായി)
അലൈന്‍ കണ്‍വെന്‍ഷന്‍ സെന്‍റർ ഗേറ്റ് 7, മദീനത്ത് സായിദ് സിറ്റി സെന്‍റർ, അല്‍ ദഫ്ര ഹോസ്പിറ്റല്‍സ് പ്രൈം അസെസ്മെന്‍റ് സെന്‍റർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.