കുഞ്ഞുങ്ങളെ മസാജ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കുഞ്ഞുങ്ങളെ മസാജ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കുഞ്ഞുങ്ങളെ എപ്പോഴും നന്നായി എണ്ണ തേച്ച് മസാജ് ചെയ്തതിന് ശേഷമാണ് കുളിപ്പിക്കുന്നത്. നന്നായി കൈകളും കാലുകളും ഉഴിഞ്ഞ് കുളിപ്പിക്കുക എന്നതാണ് രീതി. ഇങ്ങനെ കുട്ടികള്‍ക്ക് ബോഡി മസാജ് കൊടുക്കുന്നതു കൊണ്ട് നിരവധി ഉപകാരങ്ങളുണ്ട്. കുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയും സഹായിക്കുന്ന ഇത്തരം മസാജുകളുടെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു. കുട്ടിയുടെ ദേഹത്ത് നന്നായി ഓയില്‍ തേച്ച് മസാജ് ചെയ്യുന്നത് കുട്ടിയുടെ ശരീരത്തില്‍ രക്തയോട്ടം കൂടുന്നതിനും റിലാക്സ് ചെയ്യുന്നതിനുമെല്ലാം സഹായിക്കുന്നുണ്ട്. ഇതിലൂടെ കുട്ടിക്ക് നല്ല ഉറക്കം ലഭിക്കും. അധികം കരച്ചിലൊന്നും കൂടാതെ വേഗം ഉറങ്ങുന്നതിനും സഹായിക്കും. ഇതേപോലെ കുഞ്ഞുങ്ങളിലെ ഭയം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.


കൂടാതെ നമ്മള്‍ മസാജ് ചെയ്യുമ്പോള്‍ കുട്ടികളില്‍ സ്ട്രെസ് ഹോര്‍മോണിന്റെ അളവ് കുറയുന്നു. ഇത്തരത്തില്‍ സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയുമ്പോള്‍ കുട്ടികളില്‍ സുരക്ഷിതത്ത്വം അനുഭവപ്പെടുകയും വാശികാണിക്കാതിരിക്കുവാനും ഇത് സഹായിക്കുന്നു.

ഇതേപോലെ കുട്ടികളില്‍ ഉണ്ടാകുന്ന അസിഡിറ്റി, മലബന്ധം എന്നിവ തടയുന്നതിന് മസാജിംങ് സഹായിക്കും. കൂടാതെ കുട്ടികള്‍ക്ക് സ്വമേധയ ഏബക്കം ഇടാനൊന്നും സാധിക്കുകയില്ല. നന്നായി മസാജ് ചെയ്യുന്നതിലൂടെ ഏമ്പക്കം വരുന്നതിനും ഗ്യാസ് പോകുന്നതിനും സഹായിക്കും. കൂടാതെ ഇത് ദഹനത്തെ സഹായിക്കുന്നതിനാല്‍ നന്നായി വയറ്റില്‍ നിന്നും പോകുന്നതിനും സഹായിക്കും.


കുട്ടികള്‍ എല്ലായ്പ്പോഴും എല്ലാവരേയും തനിക്ക് ചുറ്റും നടക്കുന്നതിനെ വീക്ഷിക്കുന്നവരാണ്. എല്ലാം പെട്ടെന്ന് മനസിലാക്കിയെടുക്കുവാന്‍ ശ്രമിക്കുന്ന കുട്ടികളുടെ ശ്രദ്ധ കൂട്ടുന്നതിനും അതിലൂടെ കാര്യങ്ങള്‍ മനസിലാക്കുവാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുവാനും മസാജിലൂടെ സഹായിക്കുന്നുണ്ട്. കൂടാതെ കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ പിത്തത്തിന്റെ അസുഖം വരുന്നത് കുറയ്ക്കുന്നു.

മസാജിലൂടെ ബോവല്‍ മൂവ്മെന്റ് ശരിയാവുകയും ഇത് പിത്തത്തെ പുറം തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എന്നും മസാജ് ചെയ്ത് കൊടുക്കുന്നതിലൂടെ കുട്ടിക്ക് തൂക്കം വയ്ക്കുന്നതിനും സഹായിക്കും.


മസാജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മുഖത്ത് മസാജ് ചെയ്യുമ്പോള്‍ ഓയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം. ഇത് കുട്ടിയുടെ കണ്ണിലേയ്ക്കും വായിലേയ്ക്കും പോകുവാന്‍ സാധ്യതയുള്ളതിനാല്‍ സാവധാനം കുറച്ച് ഓയില്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നതാണ് നല്ലത്. അതുപോലെ നല്ല ശക്തിയില്‍ ബലം കൊടുത്ത് കുട്ടികള്‍ക്ക് ഒരിക്കലും മസാജ് കൊടുക്കരുത്. കാരണം കുഞ്ഞുങ്ങളുടെ എല്ലുകള്‍ക്ക് ബലം കുറവാണ്. മുതിര്‍ന്നവര്‍ക്ക് ചെയ്യുന്നതു പോലെ ഒരിക്കലും ചെയ്യരുത്. പതുക്കെ സോഫ്റ്റായി മാത്രം ചെയ്തു കൊടുക്കുക.

കുഞ്ഞുങ്ങള്‍ക്ക് കുറേ നേരം മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതല്ല. കൂടിപോയാല്‍ പത്ത് മിനിറ്റ് മാത്രം മസാജ് ചെയ്താല്‍ മതിയാകും. മാത്രവുമല്ല കുട്ടികള്‍ക്ക് മസാജ് ചെയ്ത് കൊടുക്കുമ്പോള്‍ വളരെ മൃദുവായി ചെയ്തു കൊടുക്കുക.


മസാജ് ചെയ്യുമ്പോള്‍ കുട്ടി അസ്വസ്ഥതകള്‍ കാണിച്ചാല്‍ മസാജ് നിര്‍ത്തുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം കുട്ടിയെ കൂടുതല്‍ ഇറിറ്റേറ്റ് ചെയ്യുന്നതിനും വാശിയിലേയ്ക്കും കരച്ചിലിലേയ്കും എത്തിക്കും. കൂടാതെ മസാജ് ചെയ്ത് അവസാനിപ്പിച്ചതിനു ശേഷം കുട്ടിയെ എടുക്കുമ്പോഴും ശ്രദ്ധിക്കുക. കാരണം ഓയില്‍ കാരണം വഴുക്കുവാനുള്ള സാധ്യത കൂടുതലാണ്.

കുട്ടിയെ മസാജ് ചെയ്യുവാന്‍ രണ്ട് കാലുകള്‍ക്കിടയില്‍ വെച്ച് കിടത്തി എണ്ണതേച്ച് മസാജ് ചെയ്ത് കൊടുക്കുന്നതാണ് നല്ലതാണ്. അതേപോലെ കുട്ടികള്‍ക്ക് മസാജ് ചെയ്ത് കൊടുക്കുമ്പോള്‍ വിരലുകള്‍ കൊണ്ടല്ല കൈകൊണ്ടു തന്നെ നന്നായി മസാജ് ചെയ്ത് കൊടുക്കണം. അതേപോലെ മസാജ് ചെയ്യുമ്പോള്‍ കുട്ടികളെ ബോറടിപ്പിക്കാതെ പാട്ടുപാടിയും കളിപ്പിച്ചും ചെയ്യുന്നത് കുട്ടികള്‍ക്കും സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.

അതേപോലെ റൗണ്ടില്‍ മസാജ് ചെയ്ത് കൊടുക്കുവാന്‍ ശ്രദ്ധിക്കണം. കുട്ടിയുടെ നെഞ്ചില്‍ മസാജ് ചെയ്ത് കൊടുക്കുമ്പോള്‍ കൃത്യമായ രീതിയില്‍ ചെയ്യുവാന്‍ ശ്രദ്ധിക്കണം. ഓയില്‍ ഡബിള്‍ ബോയില്‍ ചെയ്ത് ചെറു ചൂടോടെ ചെയ്ത് കൊടുക്കുന്നത് നല്ലതാണ്. ചൂട് കൂടുതലാണോ എന്ന് കൈകൊണ്ട് തൊട്ടു നോക്കി ഉറപ്പു വരുത്തണം.

ബേബി മസാജിനായി ഉപയോഗിക്കാവുന്ന ഓയിലുകള്‍


വെളിച്ചെണ്ണ അതും മല്ല ഉരുക്കു വെളിച്ചെണ്ണ ആയാല്‍ അത്രയും നല്ലത്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ പ്രോപര്‍ട്ടീസ് കുട്ടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും വളരെ ഉപകാരപ്പെടുന്നവയാണ്. അതുപോലെ ഒലീവ് ഓയില്‍, കടുകെണ്ണ, എള്ളെണ്ണ എന്നിവ ഉപയോഗികാവുന്നതാണ്. കുട്ടികള്‍ക്ക് എപ്പോഴും കെമിക്കല്‍സ് ഫ്രീയായിട്ടുള്ള ഓയിലുകളാണ് എല്ലായ്പ്പോഴും നല്ലത്.

വേണമെങ്കില്‍ നാല്‍പാമരാദി കേര തൈലം ഉപയോഗിക്കുന്നതും കുട്ടികള്‍ക്ക് നല്ലതാണ്. ഇത് ചര്‍മ്മ സംരക്ഷണത്തിനും അലര്‍ജികളില്‍ നിന്നും സംരക്ഷിക്കുന്നതിനും വളരെയധികം ഉപകാരപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.