പ്രതിഷേധം കത്തുമ്പോളും അഗ്നിപഥ് റിക്രൂട്ട്മെന്റ് തീയതി പ്രഖ്യാപിച്ച് സൈന്യം

പ്രതിഷേധം കത്തുമ്പോളും അഗ്നിപഥ് റിക്രൂട്ട്മെന്റ് തീയതി പ്രഖ്യാപിച്ച് സൈന്യം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങള്‍ തുടരവെ റിക്രൂട്ട്മെന്റ് തീയതികളില്‍ തീരുമാനമായി. കരസേന അഗ്നിവീര്‍ വിജ്ഞാപനം നാളെ പ്രഖ്യാപിക്കും.

ഓഗസ്‌റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി നടക്കും. പരിശീലനം ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നും രണ്ട് ബാച്ചായി നടത്തുമെന്ന് സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്.ജനറല്‍ അനില്‍ പുരി പറഞ്ഞു.

അതേസമയം വ്യോമസേനയില്‍ ഈ മാസം 24 നാണ് രജിസ്‌ട്രേഷന്‍. ഓണ്‍ലൈന്‍ പരീക്ഷ ജൂലായ് 10ന് നടത്തും. ഡിസംബര്‍ 30 ന് ആദ്യ ബാച്ച്‌ പരിശീലനം ആരംഭിക്കും. നാവികസേനയില്‍ ജൂണ്‍ 25 നാണ് വിജ്ഞാപനം നല്‍കുക. ഒരുമാസത്തിനകം പരീക്ഷ നടത്തും. നവംബര്‍ 21ന് പരിശീലനം ആരംഭിക്കും.

സിയാച്ചിനിലും മറ്റും ജോലിനോക്കുന്ന സൈനികര്‍ക്ക് ലഭിക്കുന്ന അതേ അലവന്‍സുകള്‍ അഗ്‌നിവീരര്‍ക്കും ലഭിക്കുമെന്നും അനില്‍ പുരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വനിതകള്‍ക്കും അഗ്നിപഥിലൂടെ തൊഴില്‍ ലഭിക്കും. നാവികസേനയില്‍ സെയിലര്‍ ആയാകും നിയമനം.

അടുത്ത നാലഞ്ച് വര്‍ഷത്തിനകം സൈനികരുടെ എണ്ണം 50000-60000 ആക്കും. തുടര്‍ന്ന് 90,000മുതല്‍ ഒരു ലക്ഷംവരെ ഇത് വര്‍ദ്ധിക്കും. ഇപ്പോള്‍ 46,000 പേരെയാണ് ജോലിയ്ക്ക് നിശ്ചയിച്ചിരിക്കുന്നതെങ്കിലും വരുംകാലത്ത് ഇത് 1.25 ലക്ഷമായി ഉയര്‍ത്തുമെന്ന് ലഫ്. ജനറല്‍ അനില്‍ പുരി അറിയിച്ചു. അഗ്‌നിപഥിനെതിരെ പ്രക്ഷോഭത്തിന് പിന്നിലുളളവര്‍ക്ക് സേനയില്‍ ഇടമുണ്ടാകില്ലെന്നും സൈനിക ഓഫീസര്‍മാര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.