ഖത്തർ ലോകകപ്പ്: മദ്യ-മയക്കുമരുന്ന് ആഘോഷപാർട്ടികള്‍ക്കും വിവാഹേതര ലൈംഗികതയ്ക്കും നിയന്ത്രണം

ഖത്തർ ലോകകപ്പ്: മദ്യ-മയക്കുമരുന്ന് ആഘോഷപാർട്ടികള്‍ക്കും വിവാഹേതര ലൈംഗികതയ്ക്കും നിയന്ത്രണം

ദോഹ: ഫിഫ ഫു‍ട്ബോള്‍ ലോകകപ്പ് ആഘോഷമാക്കാന്‍ ഒരുങ്ങുമ്പോഴും രാജ്യത്തെ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് ഖത്തർ. രാജ്യത്ത് നിലവിലുളള നിയമ വ്യവസ്ഥകളില്‍ ഇളവ് നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തർ. നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടാല്‍ ഏഴുവർഷം വരെയാണ് തടവുശിക്ഷ. അവിവാഹിതരായ സ്ത്രീപുരുഷന്മാർ താമസത്തിനായി ഒരുമുറിയെടുക്കുന്നതിനും നിയന്ത്രണമുണ്ടാകും. സ്വവർഗ്ഗരതിയും ഖത്തറില്‍ കുറ്റകരമാണ്.

പരസ്യ മദ്യപാനത്തിനും വിലക്കുളള രാജ്യമാണ് ഖത്തർ. അത്തരം നിയമങ്ങളിലും ഇളവ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ലോകകപ്പ് ആഘോഷത്തിന്‍റെ ഭാഗമായി മദ്യപാന സദസ്സുകള്‍ അനുവദിക്കില്ലെന്ന് വ്യക്തം. മദ്യപാനത്തിന് പിടിക്കപ്പെട്ടാല്‍ നിയമപരമായ ശിക്ഷകളുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരുടെ താത്പര്യമനുസരിച്ച് പ്രത്യേക ഫാന്‍ സോണുകളില്‍ മദ്യം അനുവദിക്കാന്‍ ആലോചനയുണ്ട്.ഇത് സംബന്ധിച്ച അന്തിമതീരുമാനം വരാനിരിക്കുന്നതേയുളളൂ.
പൊതുസ്ഥലത്ത് മാന്യതയോടെ വസ്ത്രം ധരിച്ച് വേണം എത്താനെന്നുളളതും ഖത്തർ നിയമമാണ്. ശരീരഭാഗങ്ങള്‍ പ്രദർശിപ്പിച്ചുകൊണ്ടുളള വസ്ത്രധാരണത്തിന് വിലക്കുണ്ട്. പരസ്യമായ സ്നേഹ പ്രകടനത്തിനും നിയന്ത്രണങ്ങളുണ്ട്.

കൊക്കെയ്ന്‍ ഉള്‍പ്പടെയുളള മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ കടത്തുന്നവരോ ലോകകപ്പിനെത്തേണ്ടെന്ന് അധികൃതർ വ്യക്തമാക്കി കഴിഞ്ഞു. രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നവർക്ക് 20 വർഷം വരെ തടവും 1,00,000 റിയാല്‍ (ഏകദേശം 21.50 ലക്ഷം രൂപ) മുതല്‍ 3,00,000 റിയാല്‍ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും.
അതേസമയം, ലോകകപ്പിനായി ഏകദേശം 1.2 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി സംഘാടകർ വ്യക്തമാക്കി. 32 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുക. നവംബർ 21 നാണ് കിക്കോഫ്. ലോകകപ്പിലെ 64 മത്സരങ്ങൾ ഖത്തറിലെ എട്ട് വേദികളിലായാണ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.